കഞ്ചാവ് കടത്തിയ ബൈക്കിടിച്ച് വഴിയാത്രക്കാരനു പരിക്ക്

ആലത്തൂര്‍: വഴിയാത്രക്കാരനെ ഇടിച്ച് ബൈക്കുമായി പോകാന്‍ ശ്രമിക്കുന്നതിനിടെ നാട്ടുകാര്‍ പിടികൂടിയത് കഞ്ചാവ് കടത്തുന്ന വിദ്യാര്‍ഥികളെ. മംഗലം  ഗോവിന്ദാപുരം സംസ്ഥാന പാതയില്‍ ചിറ്റില്ലഞ്ചേരിയ്ക്ക് സമീപം നീലിച്ചിറയില്‍ ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം.
ബൈക്കിടിച്ച് വഴിയാത്രക്കാരന് നിസാര പരിക്കേറ്റു. പരിക്കേറ്റ ഇയാളെയും ബൈക്കു യാത്രാക്കാരായ രണ്ടു വിദ്യാര്‍ഥികളെയും നാട്ടുകാര്‍ നെന്മാറ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതിനിടെയാണ് കഞ്ചാവ് കടത്തുന്നവരാണ് ബൈക്ക് യാത്രികരെന്ന് അറിഞ്ഞത്.
ആശുപത്രിയിലെത്തിയതും ബൈക്കില്‍ രേഖകളുണ്ടെന്നും അത് നഷ്ടപ്പെടുമെന്നും പറഞ്ഞു ആശുപത്രിയില്‍ നിന്ന് വിദ്യാര്‍ഥികള്‍ രക്ഷപ്പെട്ടു. ഇതില്‍പ്പെട്ട എറണാകുളം ചിറ്റൂര്‍ ചേരാനെല്ലൂര്‍ പാടത്ത് വീട്ടില്‍ ആന്റണി ഡെവിനെ(18) നാട്ടുകാര്‍ ഓടിച്ച് പിടികൂടി. ആശുപത്രിയിലേക്ക് പോയ പ്രദേശ വാസികള്‍ എത്തുന്നതിനു മുമ്പേ ആന്റണി ഡെവിന്‍ സ്ഥലത്തെത്തി ബൈക്കു കൊണ്ടു പോകാന്‍ ശ്രമിച്ചു. ഇത് പ്രദേശത്തുള്ളവര്‍ തടഞ്ഞു. ആശുപത്രിയില്‍ പോയവര്‍ തിരിച്ചെത്തിയതു കണ്ട ആന്റണി ഡെവിന്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചു.
ചിറ്റില്ലഞ്ചേരി ഭാഗത്തേക്ക് ഓടിയ ഡെവിനെ നാട്ടുകാര്‍ ബൈക്കില്‍ പിന്തുടര്‍ന്ന് പിടികൂടികയായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ബാഗില്‍ കഞ്ചാവ് കണ്ടെത്തിയത്. ഇതോടെ ആലത്തൂര്‍ പോലീസില്‍ വിവരമറിയിച്ചു. 540 ഗ്രാം കഞ്ചാവ് വിദ്യാര്‍ഥിയില്‍ നിന്ന് കണ്ടെടുത്തു. ഡെവിനെ അറസ്റ്റു ചെയ്ത് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ്് ചെയ്തു.

RELATED STORIES

Share it
Top