കഞ്ചാവുമായി ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ പിടിയില്‍

കോന്നി: കഞ്ചാവുമായി ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ എക്‌സൈസിന്റെ പിടിയില്‍. കോന്നി മാവനാല്‍ സ്വദേശികളായ അന്‍വര്‍ ലത്തീഫ്, അന്‍സാരി എന്നിവരാണ് പിടിയിലായത്.
ഇന്നലെ വൈകീട്ട് ആറോടെ കുമ്മണ്ണൂര്‍ കുരിശുംമൂട് ജങ്ഷനിലെ പടിക്കെട്ടിന് സമീപത്തുനിന്നാണ് ഇരുവരും കോന്നിയിലെ എക്‌സൈസ് സംഘത്തിന്റെ വലയിലായത്. ഇവരില്‍ നിന്നും മൂന്നുപൊതി കഞ്ചാവും കണ്ടെടുത്തു. അന്‍വര്‍ ലത്തീഫ് കോന്നിയിലും പരിസരപ്രദേശങ്ങളിലും ലഹരിയെത്തിക്കുന്ന സംഘത്തിലെ മുഖ്യകണ്ണിയാണെന്ന് എക്‌സൈസ് സംഘത്തിന് സൂചന ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ തിരച്ചിലിലാണ് ഇരുവരും വലയിലായത്.
കാസര്‍കോഡ്, ബംഗളൂരു മേഖലകള്‍ കേന്ദ്രീകരിച്ച് ലഹരി വില്‍പന നടത്തുന്ന സംഘവുമായി അന്‍വറിന് ബന്ധമുണ്ടെന്ന് പ്രദേശവാസികള്‍ പറയുന്നു. ഇതുസംബന്ധിച്ച് എക്‌സൈസും അന്വേഷണം ആരംഭിച്ചു.
അടുത്തിടെ പ്രദേശവാസിയായ ഡിവൈഎഫ്‌ഐ യുവാവ് വിദേശത്തേക്ക് കഞ്ചാവ് കടത്തുന്നതിനിടെ ബഹ്‌റൈനില്‍ പിടിയിലായിരുന്നു. ഇന്നലെ പിടിയിലായ സംഘവുമായി അടുത്തബന്ധം പുലര്‍ത്തിയിരുന്ന യുവാവ് ഇപ്പോള്‍ ബഹ്്‌റൈനില്‍ തടവുശിക്ഷ അനുഭവിക്കുകയാണ്. മാസങ്ങള്‍ക്കു മുമ്പ് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ കുമ്മണ്ണൂരില്‍ കുടുംബത്തെ വീടുകയറി ആക്രമിച്ച കേസിലെ മുഖ്യപ്രതിയാണ് അന്‍വര്‍.
സംഭവത്തില്‍ പോലിസ് കേസെടുത്തതോടെ ബംഗളൂരുവിലും മറ്റുമായി ഒളിവില്‍ കഴിയുകയായിരുന്നു. അടുത്തിടെയാണ് നാട്ടിലെത്തിയത്. സിപിഎമ്മിന്റേയും ഡിവൈഎഫ്‌ഐയുടേയും പൂര്‍ണപിന്തുണയിലാണ് ഇവരുടെ വിളയാട്ടം. പ്രദേശത്ത് യുവാക്കളില്‍ കഞ്ചാവ് ഉപയോഗം വ്യാപകമായിട്ടുണ്ടെന്നും പരിശോധന കര്‍ശനമാക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെടുന്നു.

RELATED STORIES

Share it
Top