കഞ്ചാവുമായി ജില്ലയില്‍ നാല്‌പേര്‍ പിടിയില്‍കൊല്ലം: ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ എക്‌സൈസും പോലിസും നടത്തിയ റെയ്ഡുകളില്‍ കഞ്ചാവുമായി നാലുപേര്‍ പിടിയിലായി. ഇരവിപുരത്ത് നിന്നും രണ്ടും കൊല്ലത്തും കൊട്ടാരക്കരയില്‍ നിന്നുമായി ഒരാള്‍ വീതവുമാണ് പിടിയിലായത്. കഞ്ചാവ് വില്‍പ്പനക്കിടെ പെരുകുളം രജ്ഞിനിവിലാസത്തില്‍ രവി (37) ആണ് കൊട്ടാരക്കരയില്‍ എക്‌സൈസിന്റെ പിടിയിലായത്. ഇയാളില്‍ നിന്നും 478 പൊതി കഞ്ചാവ് പിടിച്ചെടുത്തു.കൊട്ടാരക്കര ക്ഷേത്രത്തിലെ ഉല്‍സവത്തിന്  ആനയുമായി വന്ന പാപ്പാന്‍മാര്‍ക്ക് മിക്ക ദിവസങ്ങളിലും കഞ്ചാവ് എത്തിക്കുന്നത് ഇയാളായിരുന്നു. ഇവരില്‍ നിന്നും കിട്ടിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പാപ്പാന്മാര്‍ എന്ന വ്യാജേന എക്‌സൈസ് സംഘം ഇയാളുമായി ബന്ധപ്പെടുകയായിരുന്നു. ഏനാത്ത് ഭാഗത്ത് വില്‍പ്പന പൂര്‍ത്തിയാക്കി ഉടന്‍ തന്നെ കൊട്ടാരക്കരയിലെത്തുമെന്നറിയച്ചതിനെ തുടര്‍ന്ന് കൊട്ടാരക്കര ക്ഷേത്രത്തിന് സമീപം വേഷം മാറി നില്‍ക്കുകയായിരുന്ന എക്ൈസസ് സംഘത്തിന് കഞ്ചാവ് കൈമാറുന്നതിനിടയില്‍ പിടികൂടുകയായിരുന്നു. ഒരു പൊതിക്ക് 300 രൂപ നിരക്കിലാണ് വില്‍പ്പന നടത്തിയിരുന്നത്. ഇയാള്‍ മുമ്പും വ്യാജചാരായം വാറ്റിയകേസിലും കഞ്ചാവ് വിറ്റകേസിലും പ്രതിയായിരുന്നുവെന്ന് എക്‌സൈസ് പറഞ്ഞു. ഇയാളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. സര്‍ക്കിള്‍ ഇന്‍സ്പക്ടര്‍ റോബര്‍ട്ട്,ഇന്‍സ്പക്ടര്‍ ശശികുമാര്‍,പ്രവിന്റിവ് ഓഫിസര്‍ പ്രദീപ് കുമാര്‍ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.നിരവധി മോഷണ കേസ്സുകളിലും പിടിച്ചുപറി കേസ്സുകളിലും പ്രതിയായ ആളെയാണ് കഞ്ചാവുമായി കൊല്ലത്ത് ഈസ്റ്റ് പോലിസ് അറസ്റ്റു ചെയ്തത്. മാവേലിക്കര തഴക്കര വില്ലേജില്‍ അറുന്നൂറ്റിമംഗലം ഗ്രേസ് വീട്ടില്‍ തോമസ്(55) ആണ് പിടിയിലായത്. നഗരത്തില്‍ വില്‍പ്പനക്കായി കൊണ്ട് വന്ന ചെറിയ പൊതികളിലായി സൂക്ഷിച്ചിരുന്ന കഞ്ചാവുമായിട്ടാണ് തോമസ് പിടിയിലായത്. കൊല്ലം ഈസ്റ്റ് സി ഐ എസ് മഞ്ചുലാല്‍, എസ്‌ഐ എസ് ജയകൃഷ്ണന്‍, എസ്്‌സിപിഒ ഓമനകുട്ടന്‍, സിറ്റി ഷാഡോ ടീം എന്നിവര്‍ അടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റു ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് ആന്റ് ആന്റി നര്‍കോട്ടിക്ക് സ്‌പെഷ്യല്‍ സ്‌ക്വാഡ് നടത്തിയ റെയ്ഡില്‍ ഇരവിപുരം കൊട്ടിലില്‍ വീട്ടില്‍ ഷര്‍ഷാദ്(25), കാക്കത്തോപ്പ് പടിഞ്ഞാറെപള്ളി പുരയിടം വീട്ടില്‍ ജിതിന്‍(20) എന്നിവരാണ് പിടിയിലായത്. ഇവരില്‍ നിന്നും 40 ഗ്രാം കഞ്ചാവും സ്‌കൂട്ടറും പിടിച്ചെടുത്തു. ഷര്‍ഷാദിനെ തെക്കേക്കാവ് അമ്പലത്തിനടുത്തുനിന്നും ജിതിനെ വലിയവിള സുനാമി ഫഌറ്റിനു സമീപത്തുനിന്നുമാണ് അറസ്റ്റ് ചെയ്തത്. വര്‍ഷങ്ങളായി കഞ്ചാവ് ഉപയോഗിക്കാറുണ്ടെന്ന് പ്രതികള്‍ ചോദ്യം ചെയ്യലില്‍ സമ്മതിച്ചു. ഇതിനുള്ള പണം കണ്ടെത്തുന്നതിനാണ് ഇവര്‍ കഞ്ചാവ് വിതരണം ആരംഭിച്ചത്. സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ജെ താജുദ്ദീന്‍കുട്ടി, ഇന്‍സ്‌പെക്ടര്‍ എം കൃഷ്ണകുമാര്‍, പ്രിവന്റീവ് ആഫീസര്‍മാരായ ബി ദിനേശ്, വിനോദ് ആര്‍ ജി, ഷാഡോ ടീമംഗങ്ങളായ സലീം, വിഷ്ണുരാജ്, ബിനു, കിഷോര്‍, ദിലീപ്, എമേഴ്‌സണ്‍ എന്നിവര്‍ റെയ്ഡില്‍ പങ്കെടുത്തു.

RELATED STORIES

Share it
Top