കഞ്ചാവുമായി അഞ്ചുപേര്‍ പിടിയില്‍

കൊല്ലങ്കോട്: മുതലമട പോത്തമ്പാടത്ത് എക്‌സൈസ് വകുപ്പ് നടത്തിയ വാഹന പരിശോധനയില്‍ ഒരു കിലോ കഞ്ചാവുമായു മൂന്ന് യുവാക്കളെ എക്‌സൈസ് സംഘം പിടികൂടി. ഇന്നലെ രാവിലെ പത്തരയോടെ പോത്തമ്പാടത്ത് നടത്തിയ വാഹനപരിശോധനയിലാണ് തമിഴ്‌നാട്ടില്‍ നിന്നു കേരളത്തിലേക്ക് ബസ്സില്‍ കഞ്ചാവ് കടത്തുന്നതിനിടെ പത്തനംതിട്ട മല്ലപ്പള്ളി ഷിബിന്‍ (22), കണ്ണൂര്‍ തളിപ്പറമ്പ് റോബിന്‍ (20) എറണാകുളം തൃക്കാക്കര അജയ് (18) എന്നിവരെയാണ് കഞ്ചാവുമായി പിടികൂടിയത്.
കോളജ് തുറന്നതോടെ വിദ്യാര്‍ഥികള്‍ക്ക് എത്തിക്കുന്നതിനാണ് ഇവര്‍ കഞ്ചാവ് കടത്തിയതെന്ന് പറയുന്നു. കഞ്ചാവ് കടത്ത് വ്യാപകമാവുമെന്ന മുന്നറിയിപ്പിനെ തുടര്‍ന്നാണ് എക്‌സൈസ് സംഘം വാഹന പരിശോധന നടത്തിയത്. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ സജീവ്കുമാര്‍, പ്രിവന്റീവ് ഓഫിസര്‍മാരായ വിനോദ് കുമാര്‍, കലാധരന്‍, സുദര്‍ശന്‍ എന്നിവര്‍ പരിശോധനയ്ക്ക് നേതൃത്വം നല്‍കി.
പാലക്കാട്: കൊടുങ്ങല്ലൂര്‍ സ്വദേശികളായ സൂരജ് (20), മുഹമ്മദ് അജ്മല്‍ (20), എന്നിവരില്‍ നിന്നും 1.12 കിലോ കഞ്ചാവ് സൗത്ത് പോലീസ് പിടികൂടി. സേലത്ത് നിന്നും കൊടുങ്ങല്ലൂരിലേക്ക് 90 ചെറിയ പൊതികളിലായി ഇരുവരും കൈവശം വച്ചിരുന്ന കഞ്ചാവ് പാലക്കാട് കെഎസ്ആര്‍ടിസി പരിസരത്ത് നിന്നാണ് പിടികൂടിയത്.
സൗത്ത് എസ്‌ഐമാരായ വി എസ് മുരളീധരന്‍, എസ് അന്‍ഷാദ് എന്നിവരാണ് പ്രതികളെ പിടികൂടിയത്.


RELATED STORIES

Share it
Top