കഞ്ചാവടിച്ച് കേന്ദ്രസര്‍വകലാശാലാ ഹോസ്റ്റലിലെത്തിയ വിദ്യാര്‍ഥിനിയെ പുറത്താക്കി

പെരിയ: കേന്ദ്രസര്‍വകലാശാലയുടെ പെരിയ കാംപസില്‍ കഞ്ചാവ് സുലഭമാണെന്ന് ആക്ഷേപം. കഞ്ചാവടിച്ച് ഹോസ്റ്റലിലെത്തിയ വിദ്യാര്‍ഥിനിയെ പുറത്താക്കിയതായി രജിസ്ട്രാര്‍ അറിയിച്ചു.
കഴിഞ്ഞ ദിവസമാണ് തിരുവനന്തപുരം സ്വദേശിനിയായ വിദ്യാര്‍ഥിനി കഞ്ചാവടിച്ച് ഹോസ്റ്റലിലെത്തിയത്. ഹോസ്റ്റലിലെ അച്ചടക്കം നിരന്തരം ലംഘിച്ചുവെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടിയെന്ന് രജിസ്ട്രാര്‍ പറഞ്ഞു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള കുട്ടികള്‍ പഠിക്കുന്ന യൂനിവേഴ്‌സിറ്റി പരിസരം കേന്ദ്രീകരിച്ച് കഞ്ചാവ് വില്‍ക്കുന്ന സംഘം തന്നെ പ്രവര്‍ത്തിക്കുന്നതായി നേരത്തെ ആക്ഷേപമുണ്ടായിരുന്നു.
എന്നാല്‍ അധികൃതര്‍ ഇതിനെതിരേ നടപടിയെടുത്തിരുന്നില്ല.
വിദ്യാര്‍ഥിനിയെ ഹോസ്റ്റലില്‍ നിന്ന് പുറത്താക്കാനിടയായ സംഭവത്തെ കുറിച്ച് മൂന്ന് പേരടങ്ങുന്ന അധ്യാപക സംഘം അന്വേഷിച്ച് റിപോര്‍ട്ട് സമര്‍പ്പിച്ച ശേഷം മറ്റു നടപടിയുണ്ടാകുമെന്ന് രജിസ്ട്രാര്‍ അറിയിച്ചു.
അതിനിടെ യൂനിവേഴ്‌സിറ്റിയിലെ ഒരു വിദ്യാര്‍ഥിയെ കാംപസില്‍ വച്ച് പുറമെ നിന്നുള്ള ഒരാള്‍ മര്‍ദ്ദിച്ചത് നോക്കിനിന്ന സെക്യൂരിറ്റി ജീവനക്കാരനേയും യൂനിവേഴ്‌സിറ്റിയില്‍ നിന്ന് പുറത്താക്കിയിട്ടുണ്ട്. വിദ്യാര്‍ഥികളുടെ സുരക്ഷക്കായി ഏര്‍പ്പെടുത്തിയ സെക്യൂരിറ്റി ജീവനക്കാരന്‍ മര്‍ദ്ദിക്കുന്നത് കൈയും കെട്ടി നോക്കിനില്‍ക്കുകയായിരുന്നുവെന്ന പരാതിയെ തുടര്‍ന്നാണ് നടപടി.

RELATED STORIES

Share it
Top