കക്ഷത്തിലെ ഇഷ്ടിക മാറ്റണം

cpm pleenam 2സിതാര
സിപിഎം കാരെ വിമര്‍ശിക്കുന്നതില്‍ സോഷ്യല്‍മീഡിയയ്ക്ക് വല്ലാത്തൊരു ആവേശമാണ്. നമ്മുടെ ഹാസസാഹിത്യകാരന്മാര്‍ തോറ്റുപോകും വിധമായിരുന്നു സിപിഎം പ്ലീനതീരുമാനങ്ങളെ വിമര്‍ശകര്‍ നോക്കിക്കണ്ടത്. ഒരു ലിങ്കില്‍ അഡ്വ. അസ്‌കര്‍ കാദറാണ് ചര്‍ച്ചയ്ക്ക് തുടക്കമിട്ടത്. പഴയ ഒരു പാര്‍ട്ടിപ്രവര്‍ത്തകന്‍ കഴിഞ്ഞ ദിവസം പറഞ്ഞ കാര്യമാണ് അദ്ദേഹം എഴുതിയത്: 'പ്ലീനിച്ചതുകൊണ്ടൊന്നും കാര്യമില്ല. ആദ്യം ബ്രാഞ്ചുമുതല്‍ മേലോട്ടുള്ള നേതാക്കളുടെ കക്ഷത്തിലെ ഇഷ്ടിക അടിയന്തരമായി ശസ്ത്രക്രിയ ചെയ്തുമാറ്റണം.' കക്ഷത്ത് ഹോളോബ്രിക്‌സ് വച്ച ഒരാളെ ഞാനും കണ്ടുവെന്ന് അതിന്റെ ചുവടുപിടിച്ചുകൊണ്ട് ഇഞ്ചിക്കാട് സുജിത്തും അഭിപ്രായപ്പെട്ടു.
സിപി വിജയന്‍ കുറച്ചുകൂടെ സീരിയസായാണ് ഇതിനെ വിലയിരുത്തിയത്. 'വളരെ ചെറുപ്പത്തില്‍ ബാലസംഘം വഴിയോ എസ്എഫ്‌ഐ വഴിയോ പാര്‍ട്ടിയുമായി ബന്ധപ്പെടുന്നു. അക്കാദമിക്കലി ക്രീം ആയിട്ടുള്ള 99 ശതമാനവും വേറെ വിദ്യാഭ്യാസം അല്ലെങ്കില്‍ തൊഴില്‍ കിട്ടി രാഷ്ട്രീയം വിട്ടുപോകുന്നു. പല കാരണങ്ങളാല്‍ കേസും കൂട്ടവുമായി ബന്ധപ്പെട്ട് ഭാവി ചോദ്യചിഹ്നമായവര്‍ ലോക്കല്‍ മുതല്‍ മുകളിലോട്ട് ഫുള്‍ടൈമര്‍ ആകുന്നു.

ചിലരെ സഹകരണസ്ഥാപനങ്ങളില്‍ അക്കമഡേറ്റ് ചെയ്യുന്നു, പരമാവധി 2500-3000 രൂപ കൊണ്ട് ജീവിക്കാന്‍ വയ്യാത്ത അവസ്ഥയില്‍ ഒരു പഞ്ചായത്ത് മെമ്പറെങ്കിലും ആയിത്തീരാന്‍ ആഗ്രഹിക്കുന്നു. അതിനുള്ള സാധ്യത അന്വേഷിക്കും. തടസ്സമായിട്ടുള്ളവരെ ഒതുക്കാന്‍ നോക്കും.' ഈ കടുത്ത അവസ്ഥയില്‍ നിന്ന് രക്ഷപ്പെടാന്‍ ഫുള്‍ടൈമര്‍മാരുടെ എണ്ണം ഗണ്യമായി കുറയ്ക്കണമെന്നാണ് അദ്ദേഹം നിര്‍ദേശിക്കുന്ന പ്രതിവിധി. ഇതിനോട് പ്രതികരിച്ചുകൊണ്ട് ജേക്കബ് ലാസര്‍ എഴുതി: 'തോമസ് ഐസക്കിന്റെ പോസ്റ്റില്‍ ഇഷ്ടിക മാറ്റാന്‍ തീരുമാനിച്ച വിവരം പറഞ്ഞിട്ടുണ്ട്.' 'പോസ്റ്റിട്ട അസ്‌കര്‍ മറുപടിയെഴുതിയത് ഇങ്ങനെ: അത് പൊളൂഷന്‍ കണ്ട്രോള്‍ ബോഡ് കണ്‍സന്റ് കണ്ടീഷന്‍സ് വയ്ക്കുന്നതു പോലെയാണ്. സീറോ ഡിസ്ചാര്‍ജ് ആറു മാസത്തിനുള്ളില്‍ കൈവരിക്കണം എന്ന് ഒരു സ്ഥാപനത്തിനു പത്തു വര്‍ഷം മുതല്‍ കൊടുത്ത കണ്‍സന്റുകളില്‍ കാണാം.'ചില പ്രസക്തമായ കൂവലുകള്‍
സിനിമാശാലയില്‍ ദേശീയഗാനം ആലപിച്ചപ്പോള്‍ എഴുന്നേറ്റുനിന്നില്ലാ എന്നു പറഞ്ഞ് യുഎപിഎ ചാര്‍ത്തപ്പെട്ട സല്‍മാന്‍ മുഹമ്മദിനെതിരേ ഇപ്പോഴുള്ള കേസ് മനുഷ്യസംഗമത്തിനു നേരെ കൂവിയെന്നാരോപിച്ചാണ്. ആദ്യ കേസില്‍ നിയമസഹായത്തിനായി കൂടെയുണ്ടായിരുന്നവര്‍ക്കെതിരേ കൂവി എന്നതാണ് ഈ കൂവലിന്റെ പ്രസക്തി.

ഡല്‍ഹിയിലെ മാധ്യമപ്രവര്‍ത്തകനായ യുഎം മുക്താര്‍ തന്റെ ഫേസ്ബുക്കില്‍ കുറിച്ചിട്ടത് വായിക്കാം:
'ഒരാള്‍ ഭരണകൂടഭീകരതയ്ക്കിരയാവുമ്പോള്‍ ഇര മുമ്പ് എന്തു നിലപാട് സ്വീകരിച്ചു, ഇനി ഭാവിയില്‍ എന്തു നിലപാട് സ്വീകരിക്കും എന്നു പരിഗണിച്ചല്ല വിഷയത്തില്‍ ഇടപെടേണ്ടത്. മഅ്ദനി മനുഷ്യാവകാശനിഷേധത്തിന് ഇരയായെന്നു ബോധ്യമായതു കൊണ്ടാണ് അയാള്‍ മുമ്പ് എത്തരക്കാരനായിരുന്നു, ഇനി ഭാവിയില്‍ എത്തരക്കാരനാവും എന്നൊന്നും നോക്കാതെ കേരളത്തിലെ ഇടതുമതേതര മനുഷ്യര്‍ അദ്ദേഹത്തോടൊപ്പം നിന്നത്.

അനീതിക്കിരയായ ഒരാള്‍ക്കുവേണ്ടി ശബ്ദിക്കുന്നത് ഇരയുടെ നിലപാടുകള്‍ക്കുള്ള അംഗീകാരമാണെന്ന് പലരും തെറ്റിദ്ധരിച്ചിട്ടുണ്ട്. ഭരണകൂടത്തിന്റെ ഉപകരണമായ യുഎപിഎ ചുമത്തപ്പെട്ട സല്‍മാന്‍ മുഹമ്മദിനു വേണ്ടി ബിആര്‍പി ഭാസ്‌കര്‍ ഉള്‍പ്പെടെയുള്ളവര്‍ സംസാരിച്ചത്, സല്‍മാന്‍ എന്നും 'ഞങ്ങള്‍ക്ക് ഇഷ്ടമുള്ളത്' മാത്രമെ പറയൂ എന്ന പ്രീകണ്ടീഷനോടെ ആയിരുന്നുവെന്നാണ് മനുഷ്യസംഗമക്കാരുടെ ചില പോസ്റ്റുകളും കമന്റുകളും പറഞ്ഞുതരുന്നത്.'
മനുഷ്യസംഗമത്തില്‍ പ്രതിഷേധിച്ച് മുദ്രാവാക്യം വിളിച്ച ഷഫീഖിന്റെയും സല്‍മാന്റെയും വൈകാരികപ്രകടനത്തെ പറ്റി സല്‍മാന്‍ തന്നെ പ്രതികരിക്കുന്നു: 'മാധ്യമം പത്രത്തില്‍ ഒ അബ്ദു റഹ്മാന്‍ സംവരണത്തെ എതിര്‍ത്ത് ലേഖനം എഴുതിയപ്പോള്‍ ഞാനും ഷഫീഖും വളരെ വൈകാരികമായി എതിര്‍ത്തിരുന്നു.

ഫ്രാന്‍സിലെ ഐഎസ് ആക്രമണത്തെയും വളരെ വൈകാരികമായി എതിര്‍ത്തിരുന്നു. ഫാറൂഖ് കോളജ് വിഷയത്തില്‍ ദിനു എന്ന വിദ്യാര്‍ഥിയെ അനുകൂലിച്ചുകൊണ്ട് അവിടെയുള്ള മാനേജ്‌മെന്റിനെയും വിദ്യാര്‍ഥിസംഘടനകളെയും വൈകാരികമായി എതിര്‍ത്തിരുന്നു. അന്നൊന്നും എന്റെയും ഷഫീഖിന്റെയും വൈകാരികത ഇവിടെയുള്ള ഇടത്-വലതു-ലിബറല്‍ സെക്യുലരിസ്റ്റുകള്‍ക്ക് പ്രശ്‌നമായിരുന്നില്ല. അവരത് ആഘോഷിക്കുകയും ചെയ്തിരുന്നു. പക്ഷേ, മനുഷ്യസംഗമത്തിലെ വംശീയതയെ പറ്റി പറഞ്ഞപ്പോള്‍ വൈകാരികത തീവ്രവാദമായി, മൗലികവാദമായി, പ്രാകൃതമായി.'
സുദീപ് ബെന്‍ ആദില്‍ അമന്‍ ആല്‍മിത്ര വിഷയത്തില്‍ ഇടപെട്ടു: 'ഞാനും യുഎപിഎ ചുമത്തപെട്ട മുസ്‌ലിം ആണേ, എന്ന് നാഴികയ്ക്കു നാല്‍പ്പതുവട്ടം പറയുന്ന ഷാഹിന, എന്റെ ഒരു സ്റ്റാറ്റസിന് പ്രതികരിച്ചത് നോക്കു: ക മാ മവെമാലറ ീള ാ്യലെഹള ളീൃ ുെലിറശിഴ മ ംവീഹല റമ്യ മ േഹമം്യലൃ' െരവമായലൃ ളീൃ വേശ െളമിമശേര. എന്താ അല്ലേ, യുഎപിഎ പോലും പ്രിവിലേജ് ആയാല്‍ എന്താ ചെയ്കാ.'
'സല്‍മാന്‍ എന്ന മത തീവ്രവാദിയെ ദേശദ്രോഹക്കേസില്‍ പിന്തുണച്ചതില്‍ ഇന്ന് പശ്ചാത്തപിക്കുന്നുണ്ട് ഷാഹിന നഫീസ.' രഞ്ജിത്ത് സിനിക് ശിവന്‍ കുറിക്കുന്നു. 'മതതീവ്രവാദി മുസ്‌ലിംകളെ മാത്രം തിരഞ്ഞുപിടിച്ച് യുഎപിഎ ചാര്‍ത്തുന്നതിനിടയില്‍ കേവല മുസ്‌ലിം നാമം കണ്ട് ഭരണകൂടം തെറ്റിദ്ധരിച്ച് ഇരയാക്കിയ ഒരു മാടപ്രാവാണ് ഷാഹിന നഫീസ. മഅ്ദനിയെപ്പോലെ സക്കറിയയെപ്പോലെ ആജീവനാന്ത തടവറ അര്‍ഹിക്കുന്ന ഒരാളല്ല അവര്‍. കാരണം പ്രാക്ടീസിങ് മുസ്‌ലിം അല്ലല്ലോ.' ഷാഹിന ഇതിനു മറുപടി പറയുന്നുണ്ട്: 'എനിക്ക് ഇസ്‌ലാമിനോട് യാതൊരു സോളിഡാരിറ്റിയുമില്ല, എന്റെ സോളിഡാരിറ്റി മുസ്‌ലിംകളോടാണ്. അത് വംശീയതയായോ മറ്റോ ആര്‍ക്കെങ്കിലും തോന്നുന്നുണ്ടെങ്കില്‍ സംശയിക്കണ്ട, ഞാന്‍ വംശീയവാദി തന്നെയാണ്.'പച്ചമലയാള ചിന്തകള്‍
ഘടികാരം 2016ലേക്ക് യാത്ര തിരിക്കുമ്പോള്‍ മാതൃഭാഷയെ സംബന്ധിച്ചുള്ള തന്റെ ചിന്ത പങ്കുവയ്ക്കുകയാണ് അനില്‍ ജനാര്‍ദ്ദനന്‍: 'ഇംഗ്ലീഷ് ഭാഷ ഉപയോഗിക്കാന്‍ കഴിയുന്നത് ഒരു സൗകര്യവും ആഗോളസ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നതിന് ഒരു പരിധി വരെ ഒഴിച്ചുകൂടാന്‍ കഴിയാത്തതുമായ കാര്യമാണ്. യൂറോപ്പിലെയും ഏഷ്യയിലെയും പല രാജ്യങ്ങളില്‍ നിന്നുള്ള ആളുകളുടെ കൂടെ ജോലി ചെയ്ത പരിചയത്തില്‍നിന്നും ചില കാര്യങ്ങള്‍ മനസ്സിലായി. പരസ്പരം സംസാരിക്കുമ്പോള്‍ മിക്ക രാജ്യക്കാരും സ്വന്തം ഭാഷ ഉപയോഗിക്കുന്നു. പുറത്തുള്ളവരോട് സംസാരിക്കുമ്പോള്‍ ഇംഗ്ലീഷോ മറ്റേതെങ്കിലും പൊതുഭാഷയോ ഉപയോഗിക്കുന്നു.

ഇംഗ്ലീഷ് വളരെ നന്നായി സംസാരിക്കാന്‍ കഴിയാതിരുന്നിട്ടും സ്വന്തം മേഖലകളില്‍ വളരെ നൈപുണ്യമുള്ള ഒത്തിരി പേരുണ്ട് യൂറോപ്പിലും ചൈനയിലുമൊക്കെ. അവരോട് സംസാരിക്കുമ്പോഴൊന്നും പുച്ഛം തോന്നിയിട്ടില്ല. ' അദ്ദേഹം തുടരുന്നു: 'ഇത്ര നന്നായി ഇംഗ്ലീഷ് അറിഞ്ഞിട്ടും ഈ ഇട്ടാവട്ടം ഭാഷയായ മലയാളത്തിലെഴുതുന്നതെന്താണെന്ന് ചോദിച്ചപ്പോള്‍ ഒ വി വിജയന്‍ പറഞ്ഞതുപോലെ, ഫിക്ഷന്‍ മലയാളത്തില്‍ മാത്രമേ എഴുതാന്‍ കഴിയുള്ളൂ. സമൂഹമാധ്യമങ്ങളിലൂടെ മലയാളം ഭാഷയുടെ ഭംഗിയില്‍ അഭിമാനിക്കുകയും അഭിരമിക്കുകയും ചെയ്യുന്ന ചിലരെയെങ്കിലും നേരിട്ടും ഇത്തരം മാധ്യമങ്ങള്‍ വഴിയും അറിയാമെന്നത് വളരെ സന്തോഷകരം തന്നെ. വിശ്വക്ലാസിക് സിനിമകള്‍ക്ക് മലയാളം സബ്‌ടൈറ്റിലുകള്‍ നിര്‍മിക്കുകയും അതുവഴി ആ സിനിമകള്‍ നമുക്കെല്ലാവര്‍ക്കും ആസ്വാദ്യകരമാക്കുകയും ചെയ്യുക എന്ന ഒരു സംരംഭത്തിലേര്‍പ്പെട്ടിരിക്കുന്ന പ്രമുച്ചേട്ടനും എം സോണ്‍ മലയാളം സബ്‌ടൈറ്റില്‍ സംഘത്തിലെ മറ്റു നിഷ്‌കാമകര്‍മികളും സ്‌ക്രൈബസ് എന്ന ഭാരതീയ ഭാഷകള്‍ക്കായുള്ള പബ്ലിഷിങ് സോഫ്റ്റ്‌വെയറിന്റെ നിര്‍മാണത്തില്‍ പ്രധാന പങ്കുവഹിച്ച അനിയേട്ടനും 'രചന' മലയാളം ഫോണ്ടിന്റെ ആശാനായ ഹുസൈന്‍ മാഷുമൊക്കെ അതില്‍പ്പെടും. എല്ലാവര്‍ക്കും പച്ചമലയാളത്തില്‍ മുന്‍കൂറായി ഒരു പുതുവല്‍സരാശംസകള്‍.' അനിലിനോട് പ്രമോദ് കുമാര്‍ യോജിക്കുന്നു: 'മലയാളമടക്കമുള്ള പ്രാദേശികഭാഷകള്‍ ഡിജിറ്റലൈസേഷന് വഴങ്ങിയെങ്കിലും മലയാളികള്‍ക്ക് ഭാഷയോടുള്ള അവഗണന ഇപ്പോഴും തുടരുകയാണ്.

ഭാരണഭാഷ മലയാളത്തിലാക്കുന്നതിനുള്ള ബില്ലെല്ലാം അവതരിപ്പിച്ചപ്പോഴും അതിന്റെ പല്ലും നഖവുമെല്ലാം പറിച്ചെടുത്തു. ലോകത്ത് തന്നെ മാതൃഭാഷയോട് ഇത്രയ്ക്ക് പുച്ഛമുള്ള ജനത വേറെയുണ്ടാവുമോന്ന് അറിയില്ല...' മക്കളെ ഇംഗ്ലീഷ് മീഡിയത്തില്‍ മാത്രമേ വിടൂ എന്നു വാശിപിടിക്കുന്ന മാതാപിതാക്കള്‍ ഇത് വായിക്കാതിരുന്നത് നന്നായി. അല്ലെങ്കില്‍ പ്രമോദ് കുമാറിന്റെ പല്ലു തെറിപ്പിച്ചേനെ അവര്‍.ദിവ്യാംഗര്‍
വാക്കുകളെക്കൊണ്ട് പകിട കളിക്കാന്‍ മോദി മിടുക്കനാണ്. രാഷ്ട്രീയത്തില്‍ മോദി കളിക്കാത്ത കളികളില്ലല്ലോ. അദ്ദേഹത്തിന്റെ പാര്‍ട്ടിക്കാര്‍ നിരവധി പേരെ വികലാംഗരാക്കിയിട്ടുമുണ്ട്. അതുകൊണ്ടാകുമോ വികലാംഗര്‍ എന്നതിന് പകരം ദിവ്യാംഗര്‍ എന്ന് ഉപയോഗിച്ചൂടേ എന്ന് മോദി ചോദിച്ചതെന്നാണ് ഒരാളുടെ സംശയം. തോമസ് സേവ്യര്‍ എഴുതുന്നു: 'സര്‍ക്കാര്‍ അംഗപരിമിതര്‍ക്ക് വേണ്ടി എന്ത് ചെയ്‌തെന്നൊന്നും ചോദിക്കരുതെന്നും ഇത് കേട്ട് തരളിതരായി ഊര്‍ജം ഉള്‍ക്കൊണ്ട് രാഷ്ട്രീയം നോക്കാതെ മോദിക്ക് ജയ് വിളിക്കണമെന്നും വാദങ്ങള്‍ കണ്ടു. വികലാംഗര്‍ എന്നതിനു പകരം ഒഫെന്‍ഡിങ് അല്ലാത്ത മറ്റേത് പ്രയോഗത്തോടും യോജിപ്പാണെങ്കിലും അംഗങ്ങള്‍ക്കൊന്നും യാതൊരു ദിവ്യത്വവും ഇല്ലാത്ത, സാമൂഹികസുരക്ഷ ഇനിയും സ്വപ്‌നമായി മാത്രം അവശേഷിക്കുന്ന ഭിന്നശേഷിക്കാരായ അനേകരില്‍ ഒരുവനായ എനിക്ക് 'ദിവ്യാംഗര്‍' എന്ന ഏച്ചുകെട്ടലില്‍ കല്ലു കടിക്കുന്നു. പ്രത്യേകിച്ച് സിരകളില്‍ ഊര്‍ജപ്രവാഹമൊന്നും തോന്നിയതുമില്ല. വാചകകസര്‍ത്തല്ലാതെ പ്രധാനമന്ത്രി ഈ വിഷയത്തില്‍ കാര്യമായി എന്തെങ്കിലും ചെയ്യാന്‍ ഉദ്ദേശിക്കുന്നുണ്ടെങ്കില്‍ പൂര്‍ണപിന്തുണയും.'വെളിച്ചം നഷ്ടപ്പെട്ട ലൈറ്റ്‌ബോയ്‌സ്
അനീഷ് കുമാര്‍ എംഎസ് സിനിമയിലെ നീറുന്ന ഒരു പ്രശ്‌നത്തിലേക്ക് വെളിച്ചംവീശുകയാണ്. സിനിമയിലെ ലൈറ്റ് ബോയിസ് അടക്കമുള്ളവരുടെ വര്‍ധിപ്പിച്ച ശമ്പളമായ 300 രൂപ കുറയ്ക്കണമെന്നാവശ്യപ്പെട്ട് നിര്‍മാതാക്കള്‍ ചിത്രീകരണം നിര്‍ത്തിവയ്ക്കുന്നു. ഓരോ പടവും ഹിറ്റായാലും പൊട്ടിയാലും നടീനടന്മാരുടെ പ്രതിഫലം ലക്ഷങ്ങളായി ഉയര്‍ത്താന്‍ നിര്‍മാതാക്കള്‍ക്ക് മടിയില്ല. കാരവനും ആയയും തുടങ്ങി ലക്ഷങ്ങളുടെ ധൂര്‍ത്ത് വേറെയും. താരവദനത്തില്‍ വെള്ളിവെട്ടം വീഴിക്കുന്ന പാവങ്ങളുടെ പിച്ചച്ചട്ടിയില്‍ എന്തിനാണ് നിര്‍മാതാക്കളെ, മണ്ണുവാരിയിടുന്നത്. ഇനി ചിത്രീകരണമില്ലെങ്കില്‍ വല്ല കല്യാണത്തിന് ലൈറ്റടിച്ചേലും അവര്‍ ജീവിക്കും. നിങ്ങളോ...ദുഷ്ടരെ ദൈവം പന പോലെ വളര്‍ത്തും!
മദ്യനയത്തില്‍ ഇടപെട്ടുകൊണ്ടുള്ള സുപ്രിംകോടതി വിധിയെ കിരണ്‍തോമസ് രസകരമായി അവതരിപ്പിച്ചു: 'മദ്യനയം സുപ്രിംകോടതി അംഗീകരിച്ചത് ഒരു തരത്തില്‍ പറഞ്ഞാല്‍ ഹിന്ദു- മുസ്‌ലിം സമുദായങ്ങളിലെ മദ്യപാനികള്‍ക്കാണ് തിരിച്ചടിയായത്. വീട്ടിലിരുന്ന് കുടിക്കാന്‍ കുടുംബസാഹചര്യങ്ങള്‍ അനുവദിക്കാത്തത് ഈ സമുദായങ്ങളിലെ കുടിയന്മാരെയാണ്. അവിടെയും ക്രിസ്ത്യാനികള്‍ക്ക് പ്രത്യേകിച്ച് കുഴപ്പമൊന്നും ഇല്ല. ദുഷ്ടനെ ദൈവം പനപോലെ വളര്‍ത്തുമെന്നാണല്ലൊ പറയുന്നത്. സാമൂഹികവിമര്‍ശനത്തിന്റെ ഉയര്‍ന്നരൂപമായി നമ്മുടെ സാമൂഹികമാധ്യമങ്ങള്‍ വളരുന്നുവെന്നത് ചെറിയ കാര്യമല്ല.'

RELATED STORIES

Share it
Top