കക്കൂസ് മാലിന്യവുമായെത്തിയ ടാങ്കര്‍ലോറി നാട്ടുകാര്‍ പാടത്തേക്ക് തള്ളിയിട്ടു

കുട്ടനാട്: കുട്ടനാട്ടില്‍ കക്കൂസ് മാലിന്യവുമായെത്തിയ ടാങ്കര്‍ലോറി നാട്ടുകാര്‍ പാടത്തേക്ക് തള്ളിയിട്ടു. എസി റോഡില്‍ പണ്ടാരക്കുളത്തിനടുത്താണ് സംഭവം. രാത്രികാലങ്ങളില്‍ കക്കൂസ് മാലിന്യം തള്ളുന്നത് പതിവായതിനെ തുടര്‍ന്നാണ് നാട്ടുകാരുടെ പ്രതിഷേധം.
ഇന്നലെ പുലര്‍ച്ചെ കക്കൂസ് മാലിന്യവുമായെത്തിയ മിനി ടാങ്കര്‍ലോറിയാണ് നാട്ടുകാര്‍ വെള്ളം നിറഞ്ഞ പാടത്തേക്ക് തള്ളിയത്. ലോറിയില്‍നിന്ന് മാലിന്യം തള്ളാനുള്ള ശ്രമത്തിനിടെ നാട്ടുകാര്‍ സംഘടിച്ചെത്തുകയായിരുന്നു. ലോറി ജീവനക്കാരുമായി വാക്കേറ്റമുണ്ടാകുകയും പിന്നീട് ലോറി തള്ളിയിടുകയുമായിരുന്നു. ലോറി ജീവനക്കാരനെ പോലിസ് കസ്റ്റഡിയിലെടുത്തു.
ഇവര്‍ക്കെതിരെ കേസെടുക്കാന്‍ ഉന്നത പോലിസ് ഉദ്യോഗസ്ഥര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. എസി റോഡില്‍ പള്ളാത്തുരുത്തി മുതല്‍ നെടുമുടി വരെയുള്ള ഭാഗത്ത് കക്കൂസ് മാലിന്യം തള്ളുന്നത്. പതിവാണ്. ജനവാസമില്ലാത്ത പ്രദേശമായതിനാല്‍ ഇവിടുത്തെ പാടത്തേക്കാണ് കക്കൂസ് മാലിന്യം ഒഴുക്കുന്നത്.
പാടത്തെ വെള്ളം തോടുകളിലേക്ക് തുറന്നുവിടുന്നതിനാല്‍ നാട്ടുകാര്‍ ഏറെ ബുദ്ധിമുട്ടിലാകുകയാണ്. പ്രാഥമിക ആവശ്യങ്ങള്‍ക്കുപോലും തോടുകളിലെ വെള്ളമാണ് നാട്ടുകാര്‍ ഉപയോഗിക്കുന്നത്. ഇതിന് മുമ്പും ഇത്തരം വാഹനങ്ങള്‍ പിടികൂടി പോലിസിന് കൈമാറിയിട്ടുണ്ട്. എന്നാല്‍ തുടര്‍നടപടികള്‍ ഉണ്ടാകുന്നില്ല. പിഴ അടച്ച് വാഹനം മടക്കിക്കൊണ്ടുപോകുന്നതാണ് പതിവ്. ഇതേ തുടര്‍ന്നാണ് നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്ത് വന്നത്.

RELATED STORIES

Share it
Top