കക്കൂസ് മാലിന്യം പൊതുസ്ഥലങ്ങളില്‍ തള്ളുന്നത് ഗുണ്ടകള്‍ ; നടപടികള്‍ ഇല്ലാത്തത് പ്രചോദനമാവുന്നുആലുവ: പൊതുസ്ഥലങ്ങളില്‍ കക്കൂസ് മാലിന്യം തള്ളുന്നത് വ്യാപകമാവുന്നു. ഇതിന്  പിന്നില്‍ വന്‍ സംഘങ്ങളാണ് പ്രവര്‍ത്തിക്കുന്നത്. കുപ്രസിദ്ധ ഗുണ്ടകള്‍ നേരിട്ടും, ഗുണ്ടകളുടെ സഹായത്തോടെ മറ്റു ചിലരും ഇതിനായി കരാര്‍ ഏറ്റെടുക്കുന്നുണ്ട്. കൊച്ചി നഗരത്തില്‍ നിന്നാണ് ഇത്തരത്തില്‍ മാലിന്യങ്ങള്‍ കൂടുതലായി നീക്കം ചെയ്യുന്നത്. ഫഌറ്റുകള്‍, മാളുകള്‍ തുടങ്ങിയ സ്ഥാപനങ്ങളില്‍ നിന്നാണു ഇക്കൂട്ടര്‍ കൂടുതലായും മാലിന്യം നീക്കുന്നത്. സമീപ പ്രദേശങ്ങളിലെ ആളൊഴിഞ്ഞ സ്ഥലങ്ങള്‍, പുഴകള്‍, തോടുകളടക്കമുള്ള ജലാശയങ്ങള്‍, കാനകള്‍ , പൊതുവഴികള്‍ തുടങ്ങിയ സ്ഥലങ്ങളിലാണ് മാലിന്യം കൊണ്ടിടുന്നത്. ആലുവ നഗരത്തിന് സമീപത്തെ ഗ്രാമങ്ങളിലാണ് കാലങ്ങളായി ഇത്തരത്തില്‍ മാലിന്യം തള്ളിക്കൊണ്ടിരുന്നത്. കീഴ്മാട്, എടത്തല പഞ്ചായത്തുകളില്‍ പെടുന്ന ചുണങ്ങംവേലി പ്രദേശങ്ങളിലാണ്  ഇത്തരത്തില്‍ കൂടുതലായും മാലിന്യം തള്ളിയിരുന്നത്. ഇവിടെ പ്രതിഷേധം ശക്തമാവുകയും റോഡ് ഉപരോധമടക്കമുള്ള സമരങ്ങള്‍ ആവിഷ്‌കരിക്കുകയും ചെയ്തതോടെ കരാറുകാര്‍ ഇവിടെ നിന്ന് മറ്റ് പ്രദേശങ്ങളിലേക്ക് മാറ്റി. ഇത്തരത്തില്‍ ചെങ്ങമനാട് പഞ്ചായത്ത് പ്രദേശത്ത് മാലിന്യം തള്ളിയത് തടഞ്ഞ പഞ്ചായത്ത് പ്രസിഡന്റ് അടക്കമുള്ളവരെ ഗുണ്ടകള്‍ ആക്രമിച്ചിരുന്നു. ഇതിന്  ശേഷമാണ് ആലുവ നഗരത്തില്‍ മാലിന്യം തള്ളല്‍ ആരംഭിച്ചത്. കഴിഞ്ഞ മാസം അവസാനത്തില്‍ നഗരത്തിലെ ചെമ്പശ്ശേരി തോട്ടില്‍ മാലിന്യം തള്ളിയിരുന്നു. പെരിയാറിലേക്ക് പോവുന്ന കനാലാണിത്. ഈ കനാല്‍ പുഴയില്‍ ചേരുന്നതിനടുത്താണു ജലശുചീകരണശാല സ്ഥിതി ചെയ്യുന്നത്. അതിനാല്‍ തന്നെ ഇത് ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ക്കിടയാക്കും. ഇതുമായി ബന്ധപ്പെട്ട് കൗണ്‍സിലര്‍ മിനി ബൈജു റൂറല്‍ എസ്പിക്ക് പരാതി നല്‍കിയിട്ടും യാതൊരു നടപടികളും ഉണ്ടായിട്ടില്ല. ഇത്തരത്തിലുള്ള എല്ലാ കേസുകളുടേയും അവസ്ഥ ഇതുതന്നെയാണ്. പോലിസിന്റെ ഭാഗത്തുനിന്ന് കാര്യമായ നടപടികള്‍ ഒരിക്കലും ഉണ്ടാകാറില്ല. നാട്ടുകാര്‍ മാലിന്യം തള്ളുന്നവരെ പിടികൂടി കൊടുത്താല്‍ പോലും അവര്‍ക്ക് എളുപ്പത്തില്‍ ജാമ്യം കിട്ടാനുള്ള സൗകര്യങ്ങളാണ് ലഭിക്കാറുള്ളത്. ഇത്തരം പ്രശ്‌നങ്ങളാണ് പൊതുസ്ഥലങ്ങളില്‍ മാലിന്യം തള്ളുന്നത് പതിവാകാന്‍ ഇടയാക്കുന്നത്. ഇതിന്റെ ഭാഗാമായാണ് കഴിഞ്ഞ ദിവസം നഗരത്തില്‍ വീണ്ടും മാലിന്യം തള്ളിയത്.തോട്ടക്കാട്ടുകരയില്‍ ജലസേചന കനാലിലാണ് മാലിന്യം തള്ളിയത്. ഈ പ്രദേശങ്ങളില്‍ ഇതിന് മുമ്പും ഇതുപോലെ മാലിന്യം തള്ളിയിരുന്നതായി കൗണ്‍സിലര്‍മാരായ കെ ജയകുമാര്‍, ശ്യാം പത്മനാഭന്‍ ആരോപിക്കുന്നുണ്ട്. എന്നാല്‍, പോലിസ് കാര്യമായ നടപടികള്‍ എടുക്കാതിരുന്നതോടെ മാലിന്യം വീണ്ടും തള്ളുകയായിരുന്നു. നഗരത്തില്‍ മാലിന്യം തള്ളുന്ന പ്രവണത കൂടിവരുന്നത് ഇല്ലാതാക്കാന്‍ പോലിസ് ശ്രമിക്കണമെന്ന് നഗരസഭ ചെയര്‍പേഴ്‌സന്‍ ലിസി എബ്രഹാം ആവശ്യപ്പെട്ടു. പോലിസ് പട്രോളിങ് ശക്തമാക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.

RELATED STORIES

Share it
Top