കക്കൂസ്മാലിന്യം തള്ളാനെത്തിയ ലോറി പിടികൂടി

കോഴിക്കോട്: കക്കൂസ് മാലിന്യം നിക്ഷേപിക്കാനെത്തിയ ലോറി പിടികൂടി. മേത്തോട്ട്താഴം മിനിബൈപാസില്‍ വച്ചാണ് മാലിന്യവുമായെത്തിയ കെഎല്‍ 58 എച്ച് 15 ടാങ്കര്‍ ലോറി നഗരസഭാ ഹെല്‍ത്ത് ഡിപാര്‍ട്ട്‌മെന്റ് പിടിച്ചെടുത്തത്.
വ്യാഴാഴ്ച പുലര്‍ച്ചെയോടെയാണ് സംഭവം. ഡ്രൈവര്‍ കുതിരവട്ടം സ്വദേശി സുബീഷ്, സഹായി നിലമ്പൂര്‍ സ്വദേശി രതീഷ് എന്നിവരാണ് വാഹനത്തിലുണ്ടായിരുന്നത്. കക്കൂസ് മാലിന്യം ആളൊഴിഞ്ഞ സ്ഥലങ്ങളില്‍ നിക്ഷേപിക്കാനായിരുന്നു ഇവരുടെ പദ്ധതിയെന്ന് കോര്‍പറേഷന്‍ ഹെല്‍ത്ത് ഓഫിസര്‍ ആര്‍ എസ് ഗോപകുമാര്‍ പറഞ്ഞു.
ഇങ്ങനെ മാലിന്യം വലിച്ചെറിയുന്നത് ബൈപാസില്‍ സ്ഥിരം ഏര്‍പ്പാടായി മാറിയിരുന്നു. കക്കൂസ് മാലിന്യം ഉള്‍പ്പെടെയുള്ളവയുടെ നിക്ഷേപകേന്ദ്രമായി ഇവിടം മാറിയതോടെ അസഹ്യമായ ദുര്‍ഗന്ധം സഹിക്കേണ്ട ഗതികേടിലായിരുന്നു പ്രദേശവാസികള്‍. 1994ലെ കേരള മുനസിപ്പല്‍ ആക്ട് 340 എ, 340 ബി, 440, 532 എന്നീ വകുപ്പുകള്‍ പ്രകാരമാണ് ഇവര്‍ക്കെതിരേ കേസെടുക്കുക. പിടിച്ചെടുത്ത വാഹനം പബ്ലിക്ക് ഹെല്‍ത്ത് ട്രാന്‍സ്‌പോര്‍ട്ട് ഓഫിസിലേക്ക് മാറ്റി. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ അബൂബക്കര്‍ സിദ്ദീഖ്, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ വിഭിന്‍ കെ, തൊഴിലാളികളായ സുനീഷ് കുമാര്‍, ജോയ് പി എന്നിവരുടെ നേതൃത്വത്തിലായിരുന്നു രാത്രികാല പരിശോധന.

RELATED STORIES

Share it
Top