കക്കൂസ്ടാങ്ക് പൊട്ടി മാലിന്യം തോട്ടിലേക്ക്; പൊതുജനത്തിന് ദുരിതം

പേരാമ്പ്ര: ബസ് സ്റ്റാന്റിലെ കക്കൂസ് ടാങ്ക് പൊട്ടി മാലിന്യം മരക്കാടി തോട്ടിലേക്ക് ഒഴുകുന്നു. ടൗണിനെ ബന്ധപ്പെടുത്തുന്ന ബസ് സ്റ്റാന്റ് പരിസരത്തുകൂടിയാണ് മരക്കാടി തോട് ഒഴുകുന്നത്. മരക്കാടി തോട്ടില്‍ പ്ലാസ്റ്റിക്ക് പാഴ്‌വസ്തുക്കളും കക്കൂസ് മാലിന്യവും അടിഞ്ഞു കൂടിയതോടെ ദുര്‍ഗന്ധം കൊണ്ട് ജനങ്ങളും കച്ചവടക്കാരും ഏറെ പ്രയാസപ്പെടുകയാണ്. സ്റ്റാന്റില്‍ യാത്രക്കാര്‍ ബസ് കാത്തിരിക്കുന്നിടത്താണു കക്കൂസ് സമുച്ചയം. ടാങ്കിന്റെ പല ഭാഗത്തും പൊട്ടലുണ്ട്.
ആളുകള്‍ ടോയ്‌ലറ്റുപയോഗിക്കുമ്പോള്‍ ടാങ്കിലുണ്ടാവുന്ന സമ്മര്‍ദത്താല്‍ ദ്രവരൂപത്തിലുള്ള കക്കൂസ് മാലിന്യം പുറത്തേക്കു ചാടി നിലത്തു കൂടി ഒഴുകി തോട്ടിലേക്ക് പരക്കുന്നുണ്ട്. ഇതില്‍ ചവിട്ടിയാണു ആളുകളുടെ സഞ്ചാരം. പകല്‍ ഈ ഭാഗത്ത് കടുത്ത ദുര്‍ഗന്ധം അനുഭവപ്പെടുന്നതായി ആളുകള്‍ പറയുന്നു. സമീപത്ത് ഭക്ഷണ പാനീയങ്ങള്‍ വില്‍ക്കുന്ന കടകളും മറ്റ് ഒട്ടേറെ കടകളുമുണ്ട്. കള്ളുഷാപ്പും ബസ് സ്റ്റാന്റ് പരിസരത്തെ വൃഷ്ടിപ്രദേശത്താണ്. പഞ്ചായത്തും ആരോഗ്യ വകുപ്പും പ്രശ്‌നം അറിഞ്ഞില്ലെന്ന മട്ടു നടിക്കുകയാണ്.
കിലോമീറ്ററുകള്‍ ദൈര്‍ഘ്യമുള്ള മരക്കാടി തോടിന്റെ ഇരു കരകളിലുമായി ഒട്ടേറെ വീടുകളും ജല സ്രോതസ്സുകളുമുണ്ട്. മാര്‍ക്കറ്റ് അടക്കമുള്ള വിസ്തൃതമായ ഷോപ്പിങ് കോംപ്ലക്‌സുകളും വ്യവസായ സ്ഥാപനങ്ങളും ഈ ഭാഗത്തുണ്ട്. പൊതു ശൗചാലയ ടാങ്കു തകര്‍ന്നത് കടുത്ത ആരോഗ്യ ഭീഷണി ഉണ്ടാക്കുന്ന പ്രശ്‌നമാണ്. ഇതിനു അടിയന്തര പരിഹാരമുണ്ടാക്കണമെന്നാണു ഉയര്‍ന്നു വന്നിരിക്കുന്ന ജനകീയാവശ്യം. നേരത്തെ പല തവണ മരക്കാടി തോട്ടിലെ മാലിന്യങ്ങളെ കുറിച്ചും ആരോഗ്യ പ്രശ്‌നങ്ങളെപ്പറ്റിയും പഞ്ചായത്തിന്റെയും ആരോഗ്യവകുപ്പിന്റെയും ശ്രദ്ധയില്‍പ്പെടുത്തിയിട്ടും യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നു നാട്ടുകാര്‍ പറയുന്നു.

RELATED STORIES

Share it
Top