കക്കാടംപൊയില്‍ പാര്‍ക്ക്: നിര്‍മാണം നിര്‍ത്തിവയ്ക്കണം

കോഴിക്കോട്: കക്കാടംപൊയിലില്‍ പി വി അന്‍വര്‍ എംഎല്‍എയുടെ ഉടമസ്ഥതയിലുള്ള പാര്‍ക്കിനു സമീപം നടക്കുന്ന നിര്‍മാണപ്രവൃത്തികള്‍ ഉടനടി നിര്‍ത്തിവയ്ക്കാന്‍ ജില്ലാ ദുരന്തനിവാരണ അതോറിറ്റി യോഗം തീരുമാനിച്ചു. ജില്ലാ കലക്ടര്‍ യു വി ജോസിന്റെ അധ്യക്ഷതയില്‍ കലക്ടറുടെ ചേംബറിലാണ് യോഗം ചേര്‍ന്നത്. പാര്‍ക്കിന്റെ പ്രവൃത്തി നിര്‍ത്തിവയ്ക്കാന്‍ നേരത്തേ നിര്‍ദേശം നല്‍കിയിരുന്നു.
കനത്ത മഴയില്‍ ഉരുള്‍പൊട്ടല്‍ ഉണ്ടായതിനെ തുടര്‍ന്ന് തഹസില്‍ദാര്‍ സ്ഥലം സന്ദര്‍ശിച്ചു കലക്ടര്‍ക്ക് റിപോര്‍ട്ട് നല്‍കിയിട്ടുണ്ട്. മണ്ണിടിച്ചിലും ഉരുള്‍പൊട്ടലുമുണ്ടായ സ്ഥലത്ത് ഒരുതരത്തിലുള്ള നിര്‍മാണപ്രവൃത്തിയും പാടില്ലെന്ന ചീഫ് സെക്രട്ടറിയുടെ നിര്‍ദേശം നിലവിലുണ്ട്. സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയോട് പാര്‍ക്കിനെക്കുറിച്ച് പഠിച്ച് വിദഗ്ധ റിപോര്‍ട്ട് ലഭ്യമാക്കുന്നതിന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി അഭ്യര്‍ഥിച്ചിരുന്നു. പഠനം വേഗത്തില്‍ നടത്താന്‍ ആവശ്യപ്പെടും. അതുവരെ പാര്‍ക്കിന്റെ പ്രവര്‍ത്തനം പാടില്ല. ഉരുള്‍പൊട്ടലുണ്ടായ പ്രദേശത്ത് കോണ്‍ക്രീറ്റ് ഭിത്തി നിര്‍മിക്കുന്നതായി പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്. ഇത് അനുവദനീയമല്ല. പാര്‍ക്കിന്റെ പരിസരത്ത് ജലസംഭരണം പാടില്ലെന്ന് യോഗം തീരുമാനിച്ചു. സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ വിദഗ്ധ പരിശോധനാ റിപോര്‍ട്ട് ലഭിക്കുന്നതു വരെ പാര്‍ക്കിന്റെ പ്രവര്‍ത്തനം നിര്‍ത്തിവച്ചത് തുടരാനും യോഗം നിര്‍ദേശിച്ചു.
ജില്ലയില്‍ അനുമതിയുള്ള ക്വാറികളുടെ പ്രവര്‍ത്തനം ജില്ലാ വികസന സമിതി തീരുമാനപ്രകാരം തുടരും. പരാതികളുള്ള മേഖലകളില്‍ ക്വാറികളുടെ പരിശോധന നടത്തുന്നതിന് സബ് കലക്ടറെ ചുമതലപ്പെടുത്തി. ജലസംഭരണിയില്‍ സംഭരിച്ചിരിക്കുന്ന വെള്ളം പൂര്‍ണമായും തുറന്നുവിടണമെന്നും അതോറിറ്റി നിര്‍ദേശിച്ചു.RELATED STORIES

Share it
Top