കംപോഡിയ: വിജയം അവകാശപ്പെട്ട് പ്രധാനമന്ത്രി ഹുന്‍ സെന്‍

നോംപെന്‍: കംപോഡിയയില്‍ ഏകപക്ഷീയമെന്നു പ്രതിപക്ഷ കക്ഷികള്‍ ആരോപിക്കുന്ന പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ എല്ലാ സീറ്റിലും വിജയം അവകാശപ്പെട്ട് പ്രധാനമന്ത്രി ഹുന്‍ സെന്നിന്റെ കംപോഡിയ പീപ്പിള്‍ പാര്‍ട്ടി (സിപിപി). 125 സീറ്റിലും 77.5 ശതമാനം വോട്ട് നേടിയതായും പാര്‍ട്ടി നേതൃത്വം അവകാശപ്പെട്ടു. എന്നാല്‍ രാജ്യത്തു ജനാധിപത്യത്തെ കശാപ്പു ചെയ്തതായി പ്രതിപക്ഷ കക്ഷികള്‍ ആരോപിച്ചു.
സിപിപിയെ കൂടാതെ 19 നാമമാത്ര പാര്‍ട്ടികള്‍ തിരഞ്ഞെടുപ്പില്‍ മല്‍സരരംഗത്തുണ്ടായിരുന്നെങ്കിലും ഹുന്‍ സെന്നിനു കാര്യമായ എതിരാളികള്‍ ഉണ്ടായിരുന്നില്ല. തിരഞ്ഞെടുപ്പ് ബഹിഷ്‌കരണത്തിനു പ്രതിപക്ഷ കക്ഷികള്‍ ആഹ്വാനം ചെയ്തിരുന്നു. എന്നാല്‍ തിരഞ്ഞെടുപ്പു ബഹിഷ്‌കരണത്തെ രാജ്യദ്രോഹമായി കണക്കാക്കുമെന്നായിരുന്നു ഹുന്‍ സെന്നിന്റെ പ്രഖ്യാപനം. ഇതോടെ തിരഞ്ഞെടുപ്പില്‍ 82 ശതമാനം പോളിങ് രേഖപ്പെടുത്തി.
ഇത്തവണ പ്രതിഷേധ സൂചകമായി വോട്ടര്‍മാര്‍ വോട്ടുകള്‍ അസാധുവാക്കി പ്രതികരിക്കുന്നതിനും കംപോഡിയന്‍ തിരഞ്ഞെടുപ്പു സാക്ഷിയായി. തലസ്ഥാനമായ നോംപെനില്‍ മാത്രം 14.4 ശതമാനം വോട്ടുകളാണ് അസാധുവായത്്. 2013ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ ഇത് 0.99 ആയിരുന്നു.
സര്‍ക്കാരിനെതിരായ ആരോപണമുന്നയിക്കുന്നവരെയും പ്രധാന പ്രതിപക്ഷ പാര്‍ട്ടിയായ കംപോഡിയ നാഷനല്‍ റെസ്‌ക്യൂ പാര്‍ട്ടി (സിഎന്‍ആര്‍പി)യെയും അടിച്ചമര്‍ത്തിയ ശേഷമാണു കംപോഡിയയില്‍ തിരഞ്ഞെടുപ്പു നടന്നത്. പ്രതിപക്ഷത്തെ അടിച്ചമര്‍ത്തുന്ന കംപോഡിയന്‍ ഭരണാധികാരികള്‍ക്കെതിരേ യുഎസ് ഉപരോധം ഏര്‍പ്പെടുത്തിയിരുന്നു.

RELATED STORIES

Share it
Top