ഔറംഗാബാദില്‍ വര്‍ഗീയ സംഘര്‍ഷം; രണ്ടു പേര്‍ കൊല്ലപ്പെട്ടു

ഔറംഗാബാദ്: മഹാരാഷ്ട്രയിലെ ഔറംഗാബാദില്‍ ഇരുവിഭാഗങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ രണ്ടു പേര്‍ കൊല്ലപ്പെട്ടു. പോലിസുകാരുള്‍പ്പെടെ 50ഓളം പേര്‍ക്കു പരിക്കേറ്റു. കഴിഞ്ഞ ദിവസം രാത്രി ആരംഭിച്ച സംഘര്‍ഷം ഇന്നലെ ഉച്ചയോടെ നിയന്ത്രണ വിധേയമായതായി പോലിസ് അറിയിച്ചു. പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്റര്‍നെറ്റ് സേവനങ്ങള്‍ വിച്ഛേദിച്ചു.
കൊല്ലപ്പെട്ടവരില്‍ ഒരാള്‍ 17 വയസ്സുള്ള യുവാവാണ്. പോലിസ് വെടിവയ്പിലാണ് ഇയാള്‍ മരിച്ചത്. 65 വയസ്സുകാരന്‍ തീപ്പിടിത്തത്തിലാണു മരിച്ചത്. തൊട്ടടുത്ത ഷോപ്പ് അക്രമികള്‍ അഗ്നിക്കിരയാക്കിയപ്പോള്‍ ഇയാള്‍ വീടിനകത്തു കുടുങ്ങുകയായിരുന്നു. ബുധനാഴ്ച രാത്രിയോടെ മോത്തി കരന്‍ജ് ഏരിയയിലാണു സംഘര്‍ഷം ആരംഭിച്ചത്. പിന്നീട് ഗാന്ധിനഗര്‍, ഷാഹ്ഗഞ്ച്, അന്‍ഗോരി ബാഗ്, നവാബ്പുര, രാജ ബസാര്‍, സറാഫ തുടങ്ങിയ ഭാഗങ്ങളിലേക്കു വ്യാപിച്ചു. സംഘര്‍ഷം നിയന്ത്രിക്കാന്‍ പോലിസ് ആകാശത്തേക്ക് വെടിവച്ചു. റബര്‍ ബുള്ളറ്റുകളും കണ്ണീര്‍ വാതകവും പ്രയോഗിക്കുകയും ലാത്തിച്ചാര്‍ജ് നടത്തുകയും ചെയ്തു. പ്രദേശത്തെ 100ഓളം ഷോപ്പുകളും 80 വാഹനങ്ങളും അഗ്നിക്കിരയായി.  ഷാഹ്ഗഞ്ച് മസ്ജിദിന് സമീപമുള്ള മുസ്‌ലിംകളുടെ കടകളാണു വ്യാപകമായി ആക്രമിക്കപ്പെട്ടത്.
കലാപത്തിന്റെ കാരണത്തെക്കുറിച്ച് വ്യത്യസ്ത വിവരങ്ങളാണ് പുറത്തുവരുന്നത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി മുനിസിപ്പല്‍ കോര്‍പറേഷന്‍ അധികൃതര്‍ മോത്തി കരന്‍ജ് ഏരിയയിലെ അനധികൃത വാട്ടര്‍ കണക്ഷനുകള്‍ നീക്കംചെയ്യാനാരംഭിച്ചിരുന്നു. എന്നാല്‍, ഒരു ആരാധനാലയത്തിലേക്കുള്ള അനധികൃത കുടിവെള്ള പൈപ്പ് നീക്കം ചെയ്തതോടെ ഇതിനു വര്‍ഗീയ നിറം കൈവരികുകയായിരുന്നുവെന്ന് പ്രാദേശികവൃത്തങ്ങളെ ഉദ്ധരിച്ച് പിടിഐ റിപോര്‍ട്ട് ചെയ്തു.
അതേസമയം, ഗാന്ധിനഗര്‍ ഏരിയയിലുള്ള ഒരു ഗ്യാരേജിലേക്ക് ഏതാനും പേര്‍ വന്ന് മദ്യപിക്കാന്‍ പണം ചോദിച്ച് നല്‍കാത്തതിനെ തുടര്‍ന്നുണ്ടായ തര്‍ക്കമാണു സംഭവത്തിന്റെ തുടക്കമെന്ന് ടൈംസ് ഓഫ് ഇന്ത്യയുടെ റിപോര്‍ട്ടില്‍ പറയുന്നു. സംഭവത്തിനു പിന്നില്‍ റാച്ചു പെഹല്‍വാന്‍ എന്നയാളുടെ പങ്കിനെക്കുറിച്ച് അന്വേഷിക്കണമെന്ന് എംഐഎം നേതാവും എംപിയുമായ അസദുദ്ദീന്‍ ഉവൈസി ട്വിറ്ററില്‍ ആവശ്യപ്പെട്ടു. ഷാഹ്ഗഞ്ച് മസ്ജിദിന് സമീപമുള്ള ചെറിയ കടകള്‍ നീക്കം ചെയ്യാന്‍ ഇയാള്‍ ശ്രമിച്ചിരുന്നു. എന്നാല്‍, കടയുടമകള്‍ രണ്ടുദിവസം മുമ്പ് കോടതിയില്‍ നിന്ന് സ്‌റ്റേ വാങ്ങി. കലാപത്തില്‍ ഈ കടകള്‍ മുഴുവന്‍ അഗ്നിക്കിരയായിട്ടുണ്ട്.

RELATED STORIES

Share it
Top