ഔദ്യോഗിക ഫലമെന്ന പദവി കിട്ടിയിട്ടും ചക്ക ആര്‍ക്കും വേണ്ട

ഈരാററുപേട്ട: ഔദ്യോഗിക ഫലമെന്ന പദവി കിട്ടിയിട്ടും ഗ്രാമപ്രദേശങ്ങളില്‍ ചക്കയ്ക്ക് കിട്ടിയിരുന്ന പരിഗണനയില്‍ മാറ്റമില്ല. പ്ലാവില്‍ നിന്നും പഴുത്ത് വീഴുന്ന ചക്കയാകട്ടെ മലിനീകരണത്തിനും കൊതുക് പെരുകുന്നതിനും അപകടങ്ങള്‍ക്കു പോലും കാരണമാകുന്നു.
മലയോര മേഖലകളില്‍ നൂറുകണക്കിന് ചക്കയാണ് ആര്‍ക്കും വേണ്ടാതെ പ്ലാവില്‍ തന്നെ നിന്ന് പഴുത്തു വീണു നശിക്കുന്നത്. കൂറ്റന്‍ ചക്കകള്‍ വീണ് വൈദ്യുതി ലൈന്‍ പൊട്ടുകയും വാഹനങ്ങളില്‍ വീണ് വാഹനത്തിന് കേടുപാടുകള്‍ സംഭവിക്കുന്നതിന് പുറമെ ആളുകളുടെ ദേഹത്ത് പതിക്കുകയും ചെയ്യുന്നുണ്ട്. നിലത്തു വീണ് ചിന്നിചിതറുന്ന ചക്കകള്‍ ഭക്ഷിക്കാനെത്തുന്ന തെരുവ് നായ്ക്കളും മറ്റു ജന്തുക്കളും ജന ജീവിതത്തിനും ഭീഷണിയാണ്. ദിവസങ്ങളോളം പ്ലാവിന്റെ ചുവട്ടില്‍ വീണുകിടക്കുന്ന ചക്കകള്‍ അഴുകി കൊതുകും മറ്റു പ്രാണികളും പെരുകുകയും ചെയ്യുന്നു. ചക്കകള്‍ വെറുതെ നല്‍കാമെന്നു പറഞ്ഞാലും ആര്‍ക്കും വേണ്ടാത്ത അവസ്ഥ. ചില വീട്ടുകാര്‍ പ്ലാവില്‍ നിന്ന് ചക്ക വെട്ടിയിട്ട് വഴിയരികിലും വീട്ടു പടിക്കലും ദിവസങ്ങളോളം വച്ചിരുന്നാലും സൗജന്യമായി നല്‍കുന്ന ഈ ചക്കകളെ ആരും തിരിഞ്ഞു നോക്കുന്നില്ല.
പല വീടുകളുടെയും പരിസരത്തെ പ്ലാവുകളില്‍ നിന്ന് ചക്ക അടര്‍ത്തി മാറ്റാത്തതില്‍ അയല്‍ വാസികള്‍ തമ്മില്‍ വഴക്കും പതിവാണ്. തമിഴ്‌നാട്ടിലെ ഉക്കടം വിപണിയില്‍ ചക്ക വ്യാപാരം തകൃതിയാണ്. ഒരു ചക്കക്ക് കുറഞ്ഞത് 100 രൂപയാണ് വില.
വലിയ ചക്കക്ക് 500 ല്‍ അധികം രൂപ നല്‍കണം. ചക്ക മുറിച്ചു നല്‍കുമ്പോള്‍ ഒരു കിലോക്ക് 30 മുതല്‍ 40 രൂപയും ചക്കച്ചുള കിലോക്ക് 100രൂപ മുതല്‍ 150 രൂപ വരെയും വിലയുണ്ട്. വിപണിയില്‍ ചക്കയെത്തുന്നത് ഇപ്പോള്‍ ഏറെ കുറഞ്ഞിട്ടുണ്ട്. മാങ്ങ പോലെ കൃത്രിമമായി പഴുപ്പിക്കാന്‍ കഴിയില്ലെന്നതിനാല്‍ ചക്ക കച്ചവടത്തില്‍ തട്ടിപ്പുകള്‍ കുറവാണ്.
കേരളത്തില്‍ നിന്ന് ചക്ക ശേഖരിച്ച് തമിഴ്‌നാട്ടിലെ മാര്‍ക്കറ്റുകളിലെത്തിച്ചു വില്‍പ്പന നടത്തുന്ന സംഘം കേരളത്തില്‍ സജീവമാണെങ്കിലും പെടോള്‍, ഡീസല്‍ വില വര്‍ധനയും ചക്കയുടെ സീസണ്‍ ഏതാണ്ട് അവസാനിക്കാറായതിനാലും പലരും ഇതില്‍ നിന്നും പിന്തിരിഞ്ഞു. പഞ്ചായത്ത് തലത്തില്‍ വീടുകളില്‍ നിന്ന് ചക്ക ശേഖരിച്ച് തമിഴ് നാട്ടിലെ വിപണികളിലെത്തിച്ച് വില്‍പ്പന നടത്തുകയോ, സ്വന്തമായി കുടുംബശ്രീയുടെ സഹായത്തോടെ ചക്ക ചിപ്‌സ്, വറ്റല്‍, അച്ചാര്‍ തുടങ്ങി ചക്ക ഉല്‍പ്പന്നങ്ങള്‍ ഉണ്ടാക്കാനോ നടപടി കൈക്കൊള്ളണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

RELATED STORIES

Share it
Top