ഓസ്‌കര്‍ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു, ദ ഷെയ്പ് ഓഫ് വാട്ടര്‍ മികച്ച ചിത്രം

ലോസ് ആഞ്ചലസ്: 90ാമത് ഓസ്‌കര്‍ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. മികച്ച ചിത്രമായി ഗ്യുല്ലെര്‍മോ ഡെല്‍ ടോറോയുടെ ദ ഷെയ്പ് ഓഫ് വാട്ടര്‍ തിരഞ്ഞെടുക്കപ്പെട്ടു. ഡാര്‍ക്കസ്റ്റ് അവറില്‍ രണ്ടാം ലോകയുദ്ധകാലത്തെ വിന്‍സ്റ്റണ്‍ ചര്‍ച്ചിലിനെ അവതരിപ്പിച്ച് ഗാരി ഓള്‍ഡ്മാനാണ് മികച്ച നടന്‍. നടിക്കുള്ള പുരസ്‌കാരം ഫ്രാന്‍സിസ് മക്‌ഡോര്‍മണ്ട് സ്വന്തമാക്കി. ത്രീ ബില്‍ബോര്‍ഡ്‌സ് ഔട്ട്‌സൈഡ് എബ്ബിങ്, മിസൗറി എന്നീ ചിത്രങ്ങളിലെ പ്രകടനത്തിനാണ് പുരസ്‌കാരം. ഗ്യുല്ലെര്‍മോ ഡെല്‍ ടോറോ (ദ ഷെയ്പ് ഓഫ് വാട്ടര്‍) ആണ് മികച്ച സംവിധായകന്‍.
മികച്ച ചിത്രത്തിനും മികച്ച സംവിധായകനുമുള്ള പുരസ്‌കാരങ്ങള്‍ ഉള്‍പ്പെടെ മൊത്തം നാലു പുരസ്‌കാരങ്ങള്‍ നേടിയ ദ ഷെയ്പ് ഓഫ് വാട്ടറും ക്രിസ്റ്റഫര്‍ നോളന്റെ യുദ്ധചിത്രമായ ഡണ്‍ കിര്‍ക്കുമാണ് ഇത്തവണ തിളങ്ങിയത്. 13 നോമിനേഷനുകളുമായാണ് മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ട ഷെയ്പ് ഓഫ് വാട്ടര്‍ മല്‍സരത്തിനെത്തിയത്.
ലോസ് ആഞ്ചലസിലെ ഡോള്‍ബി തിയേറ്ററില്‍ പതിവുപോലെ ലോക സിനിമാതാരങ്ങള്‍ മണ്ണിലിറങ്ങിയ വേദിയിലായിരുന്നു ഓസ്‌കര്‍ പുരസ്‌കാര പ്രഖ്യാപനം.
അന്തരിച്ച നടി ശ്രീദേവിയെയും ശശി കപൂറിനെയും ഓസ്‌കര്‍ പുരസ്‌കാരവേദിയില്‍ അനുസ്മരിച്ചു.

RELATED STORIES

Share it
Top