ജസ്റ്റിന്‍ ലാംഗര്‍ ഓസീസ് ക്രിക്കറ്റ് ടീം പരിശീലകന്‍; ലക്ഷ്യം ഏകദിന ലോകകപ്പ്‌


സിഡ്‌നി: വിവാദങ്ങളുടെ പ്രതിസന്ധിയില്‍ നട്ടം തിരിയുന്ന ഓസീസ് ക്രിക്കറ്റ് ടീമിന്റെ പരിശീലകനായി ജസ്റ്റിന്‍ ലാംഗറെ നിയമിച്ചു. മുന്‍ ഓസീസ് വെടിക്കെട്ട് ഓപണറായ ലാംഗര്‍ നാല് വര്‍ഷത്തെ കരാറിലാണ് ഓസീസ് ക്രിക്കറ്റ് ബോര്‍ഡുമായി ഒപ്പുവച്ചിരിക്കുന്നത്. വിവാദങ്ങളെത്തുടര്‍ന്ന് പരിശീലകനായിരുന്ന ഡാരന്‍ ലെഹ്മാന്‍ രാജിവച്ച ഒഴിവിലേക്കാണ് ലാംഗറെ നിയമിച്ചത്്. 47കാരനായ ലാംഗര്‍ 105 ടെസ്റ്റും എട്ട് ഏകദിനവും ഓസീസ് ജഴ്‌സിയില്‍ കളിച്ചിട്ടുണ്ട്.
ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനിടയിലെ പന്ത് ചുരണ്ടല്‍ വിവാദവുമായി ബന്ധപ്പെട്ട് പ്രതിസന്ധിയിലായ ടീമിനെ 2019 ഏകദിന ലോകകപ്പിനുവേണ്ടി ഒരുക്കുകയെന്നതാണ് ലാംഗറിന്റെ പ്രധാന ചുമതല. ആഷസ് പരമ്പര, ഏകദിന ലോകകപ്പ്, ഐസിസി ലോക ട്വന്റി20 എന്നിവയാണ് ഇനി വരുന്ന വലിയ മല്‍സരങ്ങള്‍. വിജയത്തോടെ നഷ്ടപ്പെട്ട പ്രതാപം തിരിച്ചുപിടിക്കാനുള്ള ശ്രമത്തിലാണ് ക്രിക്കറ്റ് ആസ്‌ത്രേലിയ. 2016 വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിലും 2017ല്‍ നടന്ന ശ്രീലങ്കന്‍ പര്യടനത്തിലും ഓസീസ് ക്രിക്കറ്റ് ടീമിന്റെ അസിസ്റ്റന്റ് കോച്ചായും ലാംഗര്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. 2016ലെ വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിലും ശ്രീലങ്കന്‍ പര്യടനത്തിലെ ട്വന്റി20 പരമ്പരയിലും ലാംഗര്‍ മുഖ്യ പരിശീലകനായിരുന്നു.
ഓസീസ് ക്രിക്കറ്റ് ബോര്‍ഡിന്റെ പരിശീലകനാവുന്നതില്‍ സന്തോഷമുണ്ടെന്നും തന്റെ ദേശീയ ടീമിനെത്തന്നെ പരിശീലിപ്പിക്കാന്‍ സാധിച്ചത് ഭാഗ്യമായി കരുതുന്നുവെന്നും ലാംഗര്‍ പ്രതികരിച്ചു.

RELATED STORIES

Share it
Top