ഓസിലെന്ന് പേരിട്ടു; കുഞ്ഞിനെ കാണാന്‍ ഫേസ്ബുക്ക് മീഡിയാ സംഘമെത്തി

മലപ്പുറം:  ഫുട്‌ബോളിലെ പേരും പെരുമയും കാത്ത് ഇംഗ്ലണ്ടിലെ വിവിധ ക്ലബുകളില്‍ മലപ്പുറത്തെ കൗമാര താരങ്ങള്‍ പരിശീലനം നടത്തിയിട്ടുണ്ട്. എന്നാല്‍, ഇത്തവണ മലപ്പുറത്തെ ഒരു ആഴ്‌സണല്‍ ആരാധകനാണ് താരമായത്. ജര്‍മന്‍ ടീമിന്റെയും ഇംഗ്ലണ്ടിലെ ആഴ്‌സണല്‍ ക്ലബിന്റെയും മുന്നേറ്റനിര താരം മെസുദ് ഓസിലിന്റെ പേര് സ്വന്തം കുഞ്ഞിന് നല്‍കിയതാണ് കുഞ്ഞു ഒാസിലിന്റെ പിതാവും മഞ്ചേരി ഷാപ്പിന്‍കുന്ന് എടലോളി ഇന്‍സമാം ഉല്‍ ഹഖിന് പ്രശസ്തി വര്‍ധിപ്പിച്ചത്. ഒരു മാസം പ്രായമായ മകന് ഓസിലിന്റെ പേരിട്ട് ആഴ്‌സണലിന്റെ ഫേസ്ബുക്ക് പേജില്‍ ടാഗ് ചെയ്തു.
ആരാധന മാത്രമായിരുന്നു ലക്ഷ്യമെങ്കിലും കുഞ്ഞു ഓസിലിനെ തേടി ഉമ്മ ഫിദാ സനത്തിന്റെ വീടായ അരീക്കോട്ടേക്ക് ഫേസ്ബുക്ക് പേജിന്റെ മീഡിയാ സംഘം എത്തിയതോടെ അക്ഷരാര്‍ത്ഥത്തില്‍ കുടുംബം അമ്പരന്നു. കുഞ്ഞു ഓസിലിന്റെ വീഡിയോകളും ഇവര്‍ പകര്‍ത്തി. ക്ലബിനോടുള്ള ഇഷ്ടവും മലപ്പുറത്തെ ഫുട്‌ബോള്‍ ആവേശവും ഇന്‍സമാം സംഘത്തെ അറിയിച്ചു. യഥാര്‍ഥ ഓസിലിന്റെ പേരില്‍ നിന്നു നേരിയമാറ്റം വരുത്തിയാണ് മകന് പേരിട്ടത്. മെഹദ് ഓസീല്‍ എന്നാണ് പേര്.
മഞ്ചേരിയില്‍ നിര്‍മാണ്‍ ഡിസൈന്‍ ആര്‍ക്കിടെക്ചറല്‍ കണ്‍സള്‍ട്ടന്‍സിയില്‍ എന്‍ജിനീയറാണ് ഇന്‍സമാം ഉള്‍ ഹഖ്. ഇന്‍സമാമിന്റെ കുടുംബം ഫുട്‌ബോളിനോടു ഭ്രമമുള്ളവരാണ്. ആഴ്‌സണല്‍ കേരള സപ്പോര്‍ട്ടേഴ്‌സ് ക്ലബില്‍ നിന്നായിരുന്നു ഇന്‍സമാമിന്റെ ആഴ്‌സണല്‍ ആരാധനയുടെ തുടക്കം. ആഴ്‌സണല്‍ സപ്പോട്ടേഴ്‌സ് ക്ലബില്‍ വളര്‍ന്ന സൗഹൃദ ബന്ധങ്ങളാണ് ഫേസ്ബുക്ക് പേജ് അധികൃതരെ ഇന്‍സമാമിന്റെ വീട്ടിലെത്തിച്ചത്. ഗ്രൂപ്പിന് കേരളത്തില്‍ നിരവധി ആരാധകരുണ്ട്.  ബംഗളൂരു, പൂനെ, മുംബൈ, കൊല്‍ക്കത്ത, ഡല്‍ഹി എന്നിവിടങ്ങളിലേക്കും ആരാധക നിര നീളുകയാണ്.

RELATED STORIES

Share it
Top