ഓവുചാല്‍ നിര്‍മാണം പാതിവഴിയില്‍; വ്യാപാരികള്‍ പ്രക്ഷോഭത്തിലേക്ക്

തലശ്ശേരി: തലശ്ശേരി-വളവുപാറ റോഡിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ചില സ്ഥലങ്ങളില്‍ പൂര്‍ത്തിയാവുകയും ചില ഭാഗങ്ങള്‍ പാതിയില്‍ നിലയ്ക്കുകയും ചെയ്തത് വ്യാപാരികള്‍ക്ക് തിരിച്ചടിയാവുന്നു. കതിരൂര്‍ പഞ്ചായത്ത് പരിധിയില്‍ റോഡ് എതാണ്ട് പൂര്‍ത്തിയായെങ്കിലും റോഡ് നിര്‍മാണത്തോടൊപ്പം തന്നെ പുര്‍ത്തിയാക്കേണ്ട ഓവുചാലിന്റെ പ്രവൃത്തി മിക്ക സ്ഥലങ്ങളില്‍ തുടങ്ങുക പോലും ചെയ്തിട്ടില്ല.
ഓവുചാല്‍ നിര്‍മിച്ച സ്ഥലങ്ങളില്‍ സ്ലാബിട്ട് മൂടാത്തത് വ്യാപാരികള്‍ക്ക് രോഗം പരത്തുമോയെന്ന ആശങ്കയുണ്ടാക്കുന്നുവെന്ന് കരള വ്യാപാരി വ്യവസായി ഏകോപന സമിതി ഭാരവാഹികള്‍ പറഞ്ഞു. ആയിരക്കണക്കിന് കുട്ടികള്‍ പഠിക്കുന്ന നാലു സ്‌കൂളുകള്‍ ഈ പരിധിയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
ഇവിടെയൊന്നും റോഡിന് ഇരുവശത്തുമായി പണിയേണ്ട നടപ്പാത പൂര്‍ത്തിയാക്കിയിട്ടില്ല. മഴ കനത്തതോടെ കുത്തിയൊഴുകുന്ന വെള്ളം ചില ഭാഗങ്ങളില്‍ ഓടയിലൂടെയും നിര്‍മിക്കാത്ത സ്ഥലങ്ങളില്‍ മഴവെള്ളം ഒഴുക്കിന് സമാനമായി കുത്തിയൊലിച്ചും ഒഴുകുകയാണ്. നടപ്പാതകളുടെ അപാകത കാരണം ഇവിടങ്ങളില്‍ റോഡപകടങ്ങള്‍ പതിവായിട്ടുണ്ട്. റോഡ് മുറിച്ചു കടക്കുന്നതിനുള്ള സീബ്രാ ലൈനോ മറ്റോ ഇല്ലാത്തതിനാല്‍ റോഡപകടങ്ങള്‍ വര്‍ധിക്കുകയാണ്.
ഇക്കാര്യം. ചൂണ്ടിക്കാട്ടി കെഎസ്ടിപിക്ക് രേഖാമൂലം കത്ത് നല്‍കിയിട്ടും യാതൊരു നടപടിയും ഉണ്ടായിട്ടില്ല. കതിരൂര്‍ പഞ്ചായത്ത് എക്‌സിക്യൂട്ടീവ് ഓഫിസര്‍ക്കു പരാതി നല്‍കിയിട്ടും ഉടന്‍ പരിഹരിക്കാമെന്ന വാഗ്ദാനമല്ലാതെ യാതൊരു നടപടിയുമില്ല.
പരിഹാരം ഉണ്ടാവാത്ത പക്ഷം റോഡ് ഉപരോധിച്ചും കടകള്‍ അടച്ചും സമരത്തിലേക്ക് നീങ്ങുമെന്നും കെഎസ്ടിപി, പഞ്ചായത്ത് ഓഫിസ് ഉപരോധമുള്‍പ്പെടെയുള്ളവ നടത്തുമെന്നും ഭാരവാഹികള്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ സി അച്യുതന്‍, ഐ ആര്‍ രജിത്ത് കുമാര്‍, പി രാഘവന്‍ പറഞ്ഞു.

RELATED STORIES

Share it
Top