ഓറിയന്റല്‍ ബാങ്കില്‍ നിന്ന് വ്യാപാരി തട്ടിയത് 390 കോടി

ന്യൂഡല്‍ഹി: പഞ്ചാബ് നാഷനല്‍ ബാങ്കില്‍ നിന്നു വജ്രവ്യവസായികളായ നീരവ് മോദിയും മെഹുല്‍ ചോക്‌സിയും കോടികള്‍ തട്ടിയെടുത്ത സംഭവത്തിനു പിറകെ പുതിയ തട്ടിപ്പ് വാര്‍ത്ത പുറത്ത്. ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ജ്വല്ലറി വ്യാപാരി ഓറിയന്റല്‍ ബാങ്ക് ഓഫ് കൊമേഴ്‌സില്‍ നിന്ന് 389.85 കോടി തട്ടിയെന്നാണ് ആരോപണം. സംഭവത്തില്‍ ദ്വാരക ദാസ് സേഥ് ഇന്റര്‍നാഷനല്‍ പ്രൈവറ്റ് ലിമിറ്റഡിനെതിരേ സിബിഐ കേസെടുത്തു. ബാങ്ക് ജീവനക്കാരുടെ സഹായത്താല്‍ തട്ടിപ്പ് നടന്നെന്ന് കാണിച്ച് ആറു മാസങ്ങള്‍ക്കു മുമ്പ് ബാങ്ക് നല്‍കിയ പരാതിയിന്‍ മേലാണു നടപടി.
സ്ഥാപനത്തിന്റെ ഡയറക്ടര്‍മാരായ സഭ്യ സേഥ്, റീത്ത സേഥ്, കൃഷ്ണകുമാര്‍ സിങ്, രവി സിങ്, മറ്റൊരു കമ്പനിയായ ദ്വാരക ദാസ് സേഥ് ഇന്‍കോര്‍പറേഷന്‍ എന്നിവയ്‌ക്കെതിരെയാണ് കേസ്. 2012-17 കാലയളവിലാണ് കമ്പനി 389 കോടി കൈവശപ്പെടുത്തിയത്.  ഇതിനു പുറമേ ബാങ്ക് ജാമ്യം ഉപയോഗപ്പെടുത്തി സ്വര്‍ണം, രത്‌നം എന്നിവ വാങ്ങുകയും കയറ്റുമതി, നിയമവിരുദ്ധ പണ കൈമാറ്റം എന്നിവ നടത്തിയതായും ഓറിയന്റല്‍ ബാങ്ക് ഓഫ് കോമേഴ്‌സ് പരാതിയില്‍ആരോപിക്കുന്നു.

RELATED STORIES

Share it
Top