ഓര്‍മകളില്‍ നിറയെ സുല്‍ത്താന്റെ അനുഭവങ്ങള്‍ പങ്കിട്ട് അനീസ് ബഷീര്‍

പെരിന്തല്‍മണ്ണ: ഓര്‍മകളില്‍ നിറയെ അനുഭവങ്ങളുമായി ബേപ്പൂര്‍ സുല്‍ത്താന്റെ മകന്‍ അനീസ് ബഷീര്‍ കുട്ടികള്‍ക്ക് മുന്‍പില്‍ മനസു തുറന്നു. ബാപ്പ ഒരു ജീവനേയും നോവിക്കാത്ത പച്ചമനുഷ്യന്‍. പാറ്റയെയും പഴുതാരയെയും പാമ്പിനെയും അദ്ദേഹം സ്‌നേഹിച്ചു. മനുഷ്യര്‍ക്ക് മാത്രമല്ല ഈ ഭൂമിയില്‍ അവകാശമുള്ളതെന്ന് ഉറക്കെ വിളിച്ചു പറഞ്ഞു. സൗഹൃദത്തിന് മറ്റെന്തിനെക്കാളും പ്രാധാന്യം നല്‍കി.
ആ ബാപ്പയുടെ മകനായി പിറന്നതില്‍ അഭിമാനമുണ്ട്. കോഴിക്കോട് കടപ്പുറത്ത് സായാഹ്നത്തില്‍ ഒത്തുകൂടിയ പരിയാപുരം സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാരംഗം പ്രവര്‍ത്തകരോട് ബഷീറിനെക്കുറിച്ചുള്ള ഓര്‍മകള്‍ മകന്‍ അനീസ് പങ്കിട്ടു. റ്റാറ്റയുടെ നര്‍മബോധവും രചനാരീതിയും എല്ലാവരെയും ആകര്‍ഷിച്ചു. മത വര്‍ഗീയത അദ്ദേഹത്തിന് സഹിക്കാന്‍ പറ്റില്ലായിരുന്നു.
ഹിന്ദു സന്യാസിയായും സൂഫിവര്യനായും ജീവിച്ചയാളല്ലേ. അനല്‍ ഹക്കും അഹം ബ്രഹ്മാസ്മിയും ഒന്നാണെന്ന് പറയുമായിരുന്നു. കറകളഞ്ഞ ദൈവഭക്തി ഞാന്‍ ബാപ്പയിലാണ് കണ്ടത്. അനീസ് ബഷീര്‍ പറഞ്ഞു.
പത്രവില്‍പനക്കാരനായും പത്രാധിപരായും കംബൗണ്ടറായും പാചകക്കാരനായും കൈനോട്ടക്കാരനായും കാവല്‍ക്കാരനായും ഖലാസിയായും ബുക്സ്റ്റാള്‍ നടത്തിപ്പുകാരനായും മാജിക്കുകാരനായും ഹോട്ടല്‍ തൊഴിലാളിയായുമെല്ലാം ഉപജീവനത്തിനായി അധ്വാനിച്ച ബേപ്പൂര്‍ സുല്‍ത്താനെ അനീസ് കുട്ടികള്‍ക്കു പരിചയപ്പെടുത്തി.
അഞ്ചാം ക്ലാസില്‍ പഠിക്കുമ്പോള്‍ കോഴിക്കോട്ടെത്തിയതും സ്വാതന്ത്ര്യസമര പോരാട്ടത്തില്‍ പങ്കെടുത്തതും ജയില്‍വാസമനുഭവിച്ചതുമെല്ലാം അനീസ് വിശദീകരിച്ചു. വൈക്കം മുഹമ്മദ് ബഷീറിന്റെ മയ്യിത്ത് ചുമന്ന വി മുഹമ്മദ് കോയയും അനുഭവങ്ങള്‍ പങ്കുവച്ചു. വിദ്യാരംഗം കോ-ഓഡിനേറ്റര്‍ മനോജ് വീട്ടുവേലിക്കുന്നേല്‍, നിഷ ജയിംസ്,കെ എസ് സിബി, സ്വപ്‌ന സിറിയക് നേതൃത്വം നല്‍കി.

RELATED STORIES

Share it
Top