ഓര്‍ത്തഡോക്‌സ് സഭാ വൈദികന്റെ പീഡനം: യുവതി രഹസ്യമൊഴി നല്‍കി

കായംകുളം: കുടുംബപ്രശ്‌നം പറഞ്ഞുതീര്‍ക്കാന്‍ പള്ളിയില്‍ വിളിച്ചുവരുത്തി വികാരി മാനഭംഗപ്പെടുത്തിയെന്ന കേസില്‍ പീഡനത്തിനിരയായ യുവതി കോടതിയില്‍ രഹസ്യമൊഴി നല്‍കി. കായംകുളം ഒന്നാംക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് മുമ്പാകെയാണു യുവതി രഹസ്യമൊഴി നല്‍കിയത്. ഓര്‍ത്തഡോക്‌സ് സഭയിലെ വൈദികനായ ഫാ. ബിനു ജോര്‍ജി(42)നെതിരേ യുവതി നല്‍കിയ പരാതിയില്‍ കായംകുളം പോലിസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും ജില്ലാ പോലിസ് മേധാവി അന്വേഷണച്ചുമതല ഡിസിആര്‍ബി ഡിവൈഎസ്പിക്ക് കൈമാറുകയും ചെയ്തിരുന്നു.
2014ല്‍ മാവേലിക്കര ഭദ്രാസനത്തിലെ ഒരു ഇടവകയില്‍ വികാരിയായിരിക്കുമ്പോഴാണ് സംഭവം. യുവതിയും ഭര്‍തൃമാതാവും തമ്മിലുള്ള തര്‍ക്കത്തെ തുടര്‍ന്ന് ഭര്‍തൃമാതാവ് വികാരിയോട് പരാതി പറഞ്ഞു. തുടര്‍ന്ന് വികാരിയായ ഫാ. ബിനു ജോര്‍ജ് യുവതിയെ ഒത്തു തീര്‍പ്പിനെന്ന് പറഞ്ഞ് പള്ളിയിലേക്ക് വിളിച്ചുവരുത്തി. പള്ളി ഓഫിസിലെത്തിയ യുവതിയെ അവിടെവച്ച് മാനഭംഗപ്പെടുത്തി എന്നാണ് കേസ്.
നാണക്കേടു കാരണം ആദ്യം പുറത്തുപറഞ്ഞില്ലെങ്കിലും പിന്നീട് വികാരി നിരന്തരം ഭീഷണി തുടര്‍ന്നതോടെ ഭര്‍ത്താവിനെ കാര്യങ്ങള്‍ ധരിപ്പിക്കുകയായിരുന്നു. ഭര്‍ത്താവിന്റെ നിര്‍ദേശപ്രകാരം ഭദ്രാസനാധിപന് പരാതി നല്‍കുകയും വൈദികന്റെ ഭാഗത്തു നിന്നും മേലില്‍ യാതൊരു പ്രശ്‌നവും ഉണ്ടാവില്ല എന്ന ഉറപ്പില്‍ പ്രശ്‌നം പരിഹരിക്കുകയുമായിരുന്നെന്ന് യുവതിയുടെ പരാതിയില്‍ പറയുന്നു. എന്നാല്‍ വൈദികന്‍ വീണ്ടും അപവാദപ്രചാരണം നടത്തിയതോടെയാണ് യുവതി പോലിസിനെ സമീപിച്ചത്. കേസില്‍ അന്വേഷണം നടത്തുന്ന ഡിസിആര്‍ബി ഡിവൈഎസ്പി അടുത്തദിവസം വികാരിയെ ചോദ്യംചെയ്യും.

RELATED STORIES

Share it
Top