ഓര്‍ത്തഡോക്‌സ് സഭയിലെ പീഡനം; നടപടി വൈകുന്നതില്‍ വിശ്വാസികള്‍ക്ക് അതൃപ്തി

പത്തനംതിട്ട: ഓര്‍ത്തഡോക്‌സ് സഭയില്‍ കുമ്പസാര രഹസ്യം ഉപയോഗിച്ച് ഭീഷണിപ്പെടുത്തി വീട്ടമ്മയെ പീഡിപ്പിച്ച സംഭവത്തില്‍ സഭാനടപടികള്‍ വൈകുന്നതില്‍ വിശ്വാസികള്‍ക്ക് അതൃപ്തി. ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ നാലു വൈദികര്‍ക്കെതിരേ കേസെടുക്കുകയും രണ്ടുപേര്‍ അറസ്റ്റിലാവുകയും ചെയ്തിരുന്നു. രണ്ടുപേര്‍ ഒളിവിലാണ്. യുവതിയുമായി ബന്ധമുണ്ടെന്നു വൈദികര്‍ തന്നെ വെളിപ്പെടുത്തിയിട്ടും സഭാതലത്തില്‍ അന്വേഷണം വൈകുന്നതും നടപടി നീണ്ടുപോവുന്നതുമാണ് വിശ്വാസികളെ ചൊടിപ്പിക്കുന്നത്. നാലുപേരെയും സഭയില്‍ നിന്നുതന്നെ പുറത്താക്കണമെന്ന് ആവശ്യമുയരുന്നുണ്ട്.
അതിനിടെ, കേസിലെ ഒന്നാം പ്രതിയായ ഫാ. എബ്രഹാം വര്‍ഗീസ് കഴിഞ്ഞദിവസം പള്ളിയില്‍ പ്രാര്‍ഥനയ്‌ക്കെത്തിയത് സംഘര്‍ഷത്തിനിടയാക്കി. രാവിലെ 10 മണിയോടെയാണ് വൈദികന്‍ കവിയൂര്‍ മുണ്ടേയപ്പിള്ളി സെന്റ് ഗ്രിഗോറിയസ് പള്ളിയില്‍ ബന്ധുക്കള്‍ക്കൊപ്പം കുര്‍ബാന കൊള്ളാനെത്തിയത്. ഇവരെ പ്രദേശവാസികള്‍ തടയാന്‍ ശ്രമിച്ചത് സംഘര്‍ഷത്തിനിടയാക്കിയതോടെ പോലിസ് ഇടപെട്ടു.
വൈദിക വേഷത്തില്‍ പള്ളിയിലെത്തിയ എബ്രഹാം വര്‍ഗീസ് കുര്‍ബാന കൈക്കൊള്ളുന്ന ദൃശ്യങ്ങള്‍ സ്വകാര്യ ചാനല്‍ പകര്‍ത്തിയിരുന്നു. പള്ളിയില്‍ വീഡിയോ ചിത്രീകരണത്തിന് മുന്‍കൂര്‍ അനുമതി ആവശ്യമായിരിക്കെ, അനുമതിയില്ലാതെ ചാനലുകള്‍ പള്ളിക്കുള്ളില്‍ കടന്നതിനെ വിശ്വാസികള്‍ ചോദ്യം ചെയ്തതും സംഘര്‍ഷത്തിനിടയാക്കി.

RELATED STORIES

Share it
Top