ഓര്‍ത്തഡോക്‌സ് വൈദികന് കര്‍ശന ഉപാധികളോടെ ജാമ്യം

കൊച്ചി: വീട്ടമ്മയെ പീഡിപ്പിച്ച കേസില്‍ രണ്ടാം പ്രതിയായ ഓര്‍ത്തഡോക്‌സ് വൈദികന്‍ ജോബ് മാത്യുവിന് കര്‍ശന ഉപാധികളോടെ ഹൈക്കോടതി ജാമ്യം അനുവദിച്ചു. ഒന്നാം പ്രതിയായ ഫാ. സോണി വര്‍ഗീസ് തന്നെ പീഡിപ്പിച്ച സംഭവം വീട്ടമ്മ ഈ വൈദികനു മുന്നില്‍ കുമ്പസരിച്ചപ്പോള്‍ പറഞ്ഞിരുന്നു. ഇതു പുറത്തു പറയുമെന്ന് ഭീഷണിപ്പെടുത്തി വീട്ടമ്മയെ ഫാ. ജോബ് മാത്യു പീഡിപ്പിച്ചു എന്നാണ് പരാതി. തന്നെ അറസ്റ്റ് ചെയ്ത് 12 ദിവസം കഴിഞ്ഞെങ്കിലും കസ്റ്റഡിയില്‍ വേണമെന്നു കഴിഞ്ഞ ദിവസമാണ് പോലിസ് അപേക്ഷ നല്‍കിയതെന്നും പീഡനക്കുറ്റം നിലനില്‍ക്കില്ലെന്നുമാണ് ഹരജിയില്‍ അഭിഭാഷകന്‍ വാദിച്ചത്. തുടര്‍ന്ന്, ഹൈക്കോടതി ജാമ്യം അനുവദിക്കുകയായിരുന്നു.
ഒരു ലക്ഷം രൂപയുടെ ബോണ്ടും രണ്ട് ആള്‍ജാമ്യവുമാണ് മുഖ്യ വ്യവസ്ഥ. തിങ്കള്‍, ശനി ദിവസങ്ങളില്‍ അന്വേഷണ ഉ—ദ്യോഗസ്ഥന്‍ മുമ്പാകെ ഹാജരാവണം, തിരുവല്ല പോലിസ് സ്‌റ്റേഷന്‍ പരിധിയില്‍ പ്രവേശിക്കരുത്, പാസ്‌പോര്‍ട്ട് ഉണ്ടെങ്കില്‍ ഹാജരാക്കണം, തെളിവു നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത് എന്നിവയാണ് മറ്റു വ്യവസ്ഥകള്‍.

RELATED STORIES

Share it
Top