ഓര്‍ഡിനന്‍സ് ഭരണം കേരളത്തില്‍

അപ്പുക്കുട്ടന്‍ വള്ളിക്കുന്ന്‌

ഇതിനോട് പ്രതികരിക്കാതെ വയ്യ- അഞ്ച് ഓര്‍ഡിനന്‍സുകള്‍ ഒറ്റയടിക്കു പുറപ്പെടുവിക്കാന്‍ ഗവര്‍ണറോട് ആവശ്യപ്പെട്ട കേരള സര്‍ക്കാര്‍ തീരുമാനത്തോട്; ഒരുകൂട്ടം ഓര്‍ഡിനന്‍സുകള്‍ കൂടി രാജ്ഭവനിലേക്ക് അയക്കാന്‍ ഒരുങ്ങുന്നുവെന്ന മാധ്യമ റിപോര്‍ട്ടുകളോടും.കേരളമെന്നു മലയാളി പറയുമ്പോഴും അല്ലാത്തവര്‍ കേള്‍ക്കുമ്പോഴും ഒരപൂര്‍വ സൗഭാഗ്യത്തിന്റെ ഓര്‍മയും ചരിത്രവും അതിന്റെ പരിവേഷമായുണ്ട്; പാര്‍ലമെന്ററി സംവിധാനത്തിനകത്ത് കമ്മ്യൂണിസ്റ്റ് ഗവണ്‍മെന്റ് ആദ്യമായി ഇന്ത്യയില്‍ അധികാരത്തില്‍ വന്ന് ജനാധിപത്യത്തിന്റെ മൂല്യവും ജനപക്ഷപാതിത്വവും പരീക്ഷിച്ച നാടെന്നതിന്റെ.അതിന്റെ തുടര്‍ച്ച അവകാശപ്പെടുന്ന ഇടതുപക്ഷ പാര്‍ട്ടികള്‍ നയിക്കുന്ന സര്‍ക്കാരാണ് കേരളം ഭരിക്കുന്നത്. എന്നാല്‍, ഇതൊരു ഇടതു ഗവണ്‍മെന്റാണോ എന്ന് ഇടയ്ക്കിടെ ചോദിക്കേണ്ട രാഷ്ട്രീയപരിസരം ഇടതുമുന്നണി സര്‍ക്കാര്‍ ഇത്തവണ സൃഷ്ടിച്ചിട്ടുണ്ട്. പറയാന്‍ പാടില്ലാത്തത് പറഞ്ഞുകൊണ്ടിരിക്കുകയും ചെയ്യാന്‍ പാടില്ലാത്തത് ചെയ്തുകൊണ്ടിരിക്കുകയും ചെയ്യുന്ന ഒരു സര്‍ക്കാരാണിവിടെ.പാര്‍ലമെന്ററി പ്രവര്‍ത്തനത്തെ ഏകാധിപത്യരീതിയില്‍ മറികടക്കുന്നുവെന്നാണ് പിന്‍വാതിലിലൂടെയുള്ള ഈ നിയമനിര്‍മാണത്തെ ജനാധിപത്യവാദികളും വിശേഷിച്ച് കമ്മ്യൂണിസ്റ്റുകളും പറഞ്ഞുപോന്നിട്ടുള്ളത്. സീതാറാം യെച്ചൂരി നയിക്കുന്ന സിപിഎം പോളിറ്റ് ബ്യൂറോയില്‍ അംഗമായ പിണറായി വിജയനെന്ന മുഖ്യമന്ത്രിക്ക് ഇക്കാര്യം അറിയാത്തതല്ല.നരേന്ദ്രമോദി ഗവണ്‍മെന്റ് അധികാരമേറ്റ് ഏതാനും മാസങ്ങള്‍ക്കുള്ളില്‍ യെച്ചൂരി, രാഷ്ട്രപതി പ്രണബ് മുഖര്‍ജിക്ക് എഴുതിയ കത്തും പിണറായി മറക്കാനിടയില്ല. പാര്‍ലമെന്ററി നടപടിക്രമങ്ങള്‍ മറികടന്ന് പ്രധാനമന്ത്രി മോദി തയ്യാറാക്കി അംഗീകാരത്തിനയച്ച രണ്ട് ഓര്‍ഡിനന്‍സുകളെക്കുറിച്ചായിരുന്നു അത്. നിയമനിര്‍മാണ സഭയെ അട്ടിമറിക്കാനും ദുര്‍ബലപ്പെടുത്താനുമുള്ള സര്‍ക്കാര്‍ നീക്കം മുളയിലേ നുള്ളണമെന്ന് സിപിഎം ജനറല്‍ സെക്രട്ടറി ആവശ്യപ്പെട്ടു. കല്‍ക്കരി ബ്ലോക്കുകള്‍ അനുവദിക്കുന്നതു സംബന്ധിച്ചും ഇന്‍ഷുറന്‍സിലെ വിദേശനിക്ഷേപ പരിധി (എഫ്ഡിഐ) 49 ശതമാനമായി വര്‍ധിപ്പിക്കുന്നതു സംബന്ധിച്ചുമുള്ള ഓര്‍ഡിനന്‍സുകളായിരുന്നു അത്. പാര്‍ലമെന്ററി വ്യവസ്ഥയുടെ അന്തസത്തയ്ക്കു വിരുദ്ധമാണെന്ന് കേന്ദ്ര മന്ത്രിസഭാ തീരുമാനത്തില്‍ ഇടപെട്ട് യെച്ചൂരി വിശദീകരിച്ചു.സോളാര്‍ അന്വേഷണ കമ്മീഷന്റെ റിപോര്‍ട്ട് സമര്‍പ്പിക്കുന്നതിനു മാത്രമായി കേരള നിയമസഭ ഈയിടെ ഒരു ദിവസം സമ്മേളിച്ചു പിരിയുകയുണ്ടായി. ഓര്‍ഡിനന്‍സായി ഇപ്പോള്‍ പുറത്തിറക്കുന്ന ഈ വിഷയങ്ങള്‍ക്ക് അത്രയേറെ അടിയന്തര സ്വഭാവം ഉണ്ടായിരുന്നെങ്കില്‍ അന്നു സഭാവിഷയങ്ങളില്‍ ഉള്‍പ്പെടുത്താമായിരുന്നു; ചര്‍ച്ച ചെയ്ത് ജനപ്രതിനിധികളുടെ അഭിപ്രായനിര്‍ദേശങ്ങള്‍ക്കു വിധേയമായി നിയമമാക്കാമായിരുന്നു. അതുമല്ലെങ്കില്‍ നിയമസഭയുടെ തുടര്‍ന്നുള്ള സമ്മേളനത്തില്‍ അവതരിപ്പിച്ച് സഭയ്ക്കകത്തു നിന്നും പുറത്തു നിന്നുമുള്ള അഭിപ്രായങ്ങള്‍ സ്വീകരിച്ച് നിയമമാക്കാമായിരുന്നു.മാധ്യമങ്ങളുടെ വെളിപ്പെടുത്തല്‍ അനുസരിച്ച്, ഓര്‍ഡിനന്‍സിന് ജന്മം നല്‍കേണ്ട അടിയന്തര വിഷയങ്ങളിലല്ല ഓര്‍ഡിനന്‍സുകള്‍. അനധികൃത കെട്ടിടങ്ങള്‍ സാധൂകരിക്കാന്‍ ഒരു ഓര്‍ഡിനന്‍സ്. ഹൈക്കോടതിയില്‍ ഏകാംഗ ജഡ്ജിയുടെ സാമ്പത്തിക അധികാരപരിധി ഉയര്‍ത്തുന്നതിന് ഭേദഗതി ഓര്‍ഡിനന്‍സ്. സര്‍വകലാശാലകളുമായി ബന്ധപ്പെട്ട മറ്റു മൂന്നെണ്ണം. ഒറ്റദിവസം തന്നെ മന്ത്രിസഭ അസാധാരണമായി ഇവ അംഗീകരിക്കുകയായിരുന്നു.മന്ത്രി തന്നെ കൈയേറ്റം നടത്തുന്ന ഒരു നാട്ടില്‍ അനധികൃത കെട്ടിടങ്ങള്‍ പിഴയടച്ച് നിയമവിധേയമാക്കുന്നു എന്നു പറഞ്ഞാല്‍ ജനങ്ങളെന്തു കരുതും; അതും രഹസ്യമായി പിന്‍വാതിലിലൂടെ നിയമമായി അടിച്ചേല്‍പ്പിക്കുമ്പോള്‍. നിലവിലുള്ള പഞ്ചായത്തീരാജ് നിയമത്തിന്റെ അധികാരപരിധിയില്‍ ഇടിച്ചുകയറി ആ നിയമത്തില്‍ തന്നെ ഭേദഗതി വരുത്താന്‍ കൂടിയാണ് ഈ ഓര്‍ഡിനന്‍സ്.രാജ്യമാകെ ഏറെ ചര്‍ച്ച ചെയ്ത് അംഗീകരിച്ച പഞ്ചായത്തീരാജ് നിയമത്തില്‍ എന്തു താല്‍പര്യത്തിന്റെ അടിസ്ഥാനത്തിലാണ് ഭേദഗതി എന്നു പരിശോധിക്കാനുള്ള അവകാശം നിയമസഭാംഗങ്ങള്‍ക്കുണ്ട്; ജനങ്ങള്‍ക്കും. അതിന് അവസരം നല്‍കാതെ ഓര്‍ഡിനന്‍സ് രൂപത്തില്‍ അംഗീകാരത്തിനായി അടിച്ചേല്‍പ്പിക്കുന്നത് ഏകാധിപത്യ പ്രവണതയാണ്. ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെ കാര്യത്തിലും മറ്റു വിഷയങ്ങളിലും ഓര്‍ഡിനന്‍സ് ഇറക്കിയില്ലെങ്കില്‍ ഇതുവരെ ഇടിഞ്ഞുവീഴാത്ത ആകാശമൊന്നും ഇടിഞ്ഞുവീഴാന്‍ പോവുന്നില്ല.പാര്‍ലമെന്റിന്റെയും നിയമസഭകളുടെയും തലയ്ക്കു മുകളിലൂടെ ഓര്‍ഡിനന്‍സായി നിയമം നടപ്പാക്കുന്നത് നിയമനിര്‍മാണ നടപടി സംബന്ധിച്ച സഭയുടെ പങ്കാളിത്തവും ചര്‍ച്ച ചെയ്യാനുള്ള അവസരവും ഏകപക്ഷീയമായി നിഷേധിക്കലാണ്. ഇതു ജനങ്ങള്‍ തിരഞ്ഞെടുത്തയച്ച അവരുടെ പ്രതിനിധികളില്‍ അര്‍പ്പിച്ച വിശ്വാസത്തിന്റെ ലംഘനമാണ്. അസാധാരണവും അടിയന്തരവുമായ ഘട്ടങ്ങളിലല്ലാതെ സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് ആയുധമാക്കുന്നത് അപകടമാണ്.2013ല്‍ പാര്‍ലമെന്റ് പ്രസിദ്ധീകരിച്ച റിപോര്‍ട്ടിലെ കണക്കുകളനുസരിച്ച്, കേന്ദ്ര ഗവണ്‍മെന്റ് ഓര്‍ഡിനന്‍സുകളെ ഏറ്റവുമധികം ആശ്രയിച്ചത് രണ്ടു പ്രത്യേക ഘട്ടത്തിലാണെന്ന് വ്യക്തമാവുന്നു. ആദ്യത്തേത്, അടിയന്തരാവസ്ഥയിലേക്കെത്തിച്ച ഇന്ദിരാഗാന്ധിയുടെ ഭരണകാലത്ത്. ഇന്ദിരാഗാന്ധി 70കളില്‍ 77 ഓര്‍ഡിനന്‍സുകളിറക്കി. രണ്ടാമത്തേത്, മുന്നണി ഭരണപരീക്ഷണങ്ങള്‍ നടന്ന 90കളില്‍. നരസിംഹറാവു തന്നെ അഞ്ചു വര്‍ഷത്തിനകം 77 ഓര്‍ഡിനന്‍സ് കൊണ്ടുവന്നു. ആദ്യത്തേതില്‍ ഭരണാധികാരിയുടെ ഉരുക്കുമുഷ്ടി പ്രതിഫലിക്കുമ്പോള്‍ രണ്ടാമത്തേതില്‍ സഭയുടെ നിയമനിര്‍മാണത്തിനുള്ള പിന്‍ബലത്തിന്റെ ദൗര്‍ബല്യം പ്രകടമാവുന്നു.16ാം ലോക്‌സഭയിലെ ഏറ്റവും വലിയ ഭൂരിപക്ഷം നേടിയിട്ടും നരേന്ദ്രമോദി ഗവണ്‍മെന്റ് സഭയോട് അസഹിഷ്ണുത പ്രകടിപ്പിച്ചു. എട്ടു മാസത്തിനുള്ളില്‍ ഒമ്പത് ഓര്‍ഡിനന്‍സുകള്‍ കൊണ്ടുവന്നു. ആദ്യ മൂന്നു വര്‍ഷങ്ങളില്‍ മാത്രം അത് 28 ആയി; 15ാം ലോക്‌സഭയിലെ മൊത്തം 25 ഓര്‍ഡിനന്‍സുകളുടെ സ്ഥാനത്ത്. ഇന്ദിരാഗാന്ധിയും നരേന്ദ്രമോദിയും പാര്‍ലമെന്റിനോട് കാണിക്കുന്ന സമീപനവും ശൈലിയുമാണ് കേരളത്തില്‍ ഇടതുമുന്നണി മുഖ്യമന്ത്രിയും സ്വീകരിക്കുന്നത്.മൂന്നരപ്പതിറ്റാണ്ടിലേറെ പാര്‍ലമെന്റേറിയനായും അതിന്റെ തുടര്‍ച്ചയായി അഞ്ചു വര്‍ഷം ഓര്‍ഡിനന്‍സുകളില്‍ ഒപ്പുവയ്‌ക്കേണ്ടിവന്ന രാഷ്ട്രപതിയായും പ്രവര്‍ത്തിച്ച പ്രണബ് മുഖര്‍ജി തന്റെ ആത്മകഥയില്‍ ഇങ്ങനെ പറയുന്നു: ''ഓര്‍ഡിനന്‍സ് ഇറക്കുന്നത് അസ്വസ്ഥജനകമാണ്. അതു ചെയ്യാന്‍ ഭരണനിര്‍വഹണ വിഭാഗം എപ്പോഴൊക്കെ ശ്രമിക്കുന്നുവോ അപ്പോഴൊക്കെ അതു കാണിക്കുന്നത് നിയമസഭയോടുള്ള അനാദരവാണ്.''’ഇടതുമുന്നണി ഗവണ്‍മെന്റ് അധികാരത്തില്‍ വന്നശേഷം മുഖ്യമന്ത്രി സ്വീകരിച്ചിട്ടുള്ള ഏകാധിപത്യ പ്രവണത നിയമനിര്‍മാണ കാര്യങ്ങളിലേക്കു വരെ വളര്‍ന്നു എന്നതാണ് ഓര്‍ഡിനന്‍സ് വിഷയം കാണിക്കുന്നത്. ഇത് എല്‍ഡിഎഫിനോടും സ്വന്തം പാര്‍ട്ടിയോടുപോലും സ്വീകരിക്കുന്ന മുഖ്യമന്ത്രിയുടെ അടിസ്ഥാന സമീപനത്തിന്റെ തുടര്‍ച്ച മാത്രമാണ്. റവന്യൂ-വനം വകുപ്പുകള്‍ കൈകാര്യം ചെയ്യുന്ന സിപിഐ മന്ത്രിമാരുടെ പ്രവര്‍ത്തനത്തിലും തീരുമാനത്തിലും മുഖ്യമന്ത്രി സ്വേച്ഛാപരമായി കൈകടത്തുന്നത് പരസ്യമാണ്.മന്ത്രിമാരെയും അവരുടെ വകുപ്പിലെ ഉദ്യോഗസ്ഥരെയും അപമാനിക്കുന്നതും മനോവീര്യം തകര്‍ക്കുന്നതും മുഖ്യമന്ത്രിയില്‍ നിന്ന് അദ്ദേഹത്തിന്റെ പാര്‍ട്ടിക്കാരായ മന്ത്രിമാരില്‍ ചിലരും ചില എംഎല്‍എമാരും ഏറ്റെടുത്തിരിക്കുന്നു. സിപിഎം-സിപിഐ ഐക്യവും എല്‍ഡിഎഫിന്റെ കെട്ടുറപ്പും തകര്‍ക്കുന്നതിലേക്ക് കാര്യങ്ങള്‍ വളര്‍ന്നിട്ടുണ്ട്. നരേന്ദ്ര മോദിയും സംഘപരിവാരവും സ്വീകരിച്ചിട്ടുള്ള അസഹിഷ്ണുതയുടെ ശൈലി ഭരണത്തിലും സമൂഹത്തിലും മുഖ്യമന്ത്രിയില്‍ നിന്നും പാര്‍ട്ടിയില്‍ നിന്നും ഉണ്ടാവുന്നു. സിപിഐയിലെ മുതിര്‍ന്ന നേതാക്കള്‍ പുലര്‍ത്തുന്ന അസാധാരണ സംയമനം കാരണമാണ് പൊട്ടിത്തെറിയിലേക്ക് കാര്യങ്ങള്‍ എത്താതെ പോവുന്നത്.ഇതെല്ലാം നടക്കുമ്പോഴും സിപിഎം കേന്ദ്ര നേതൃത്വം മുന്‍കാലങ്ങളില്‍ നിന്നു വ്യത്യസ്തമായി നിശ്ശബ്ദമായി മാറിനില്‍ക്കുകയാണ്. വി എസ് അച്യുതാനന്ദന്റെ നേതൃത്വത്തിലുള്ള ഗവണ്‍മെന്റിന്റെ കാലത്ത് കേന്ദ്രകമ്മിറ്റി ദര്‍ബാറില്‍ മുഖ്യമന്ത്രിയും പാര്‍ട്ടിയുമായുള്ള പ്രശ്‌നങ്ങള്‍ നിത്യമെന്നോണം അജണ്ടയായിരുന്നു. സംസ്ഥാന നേതൃത്വത്തിന്റെ അടിയന്തര യോഗങ്ങള്‍ വിളിച്ച് കേന്ദ്ര നേതാക്കള്‍ നേരിലെത്തി ഇടപെടുമായിരുന്നു. ഇപ്പോള്‍ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി കേന്ദ്ര ആസ്ഥാനത്ത് ഉണ്ടോ എന്നുപോലും അറിയാത്ത അവസ്ഥയാണ്.

RELATED STORIES

Share it
Top