ഓര്‍ക്കാട്ടേരിയിലെ ഒളിച്ചോട്ടത്തിനും ഐഎസ് കഥയുടെ അകമ്പടിപി സി  അബ്ദുല്ല

വടകര: ഓര്‍ക്കാട്ടേരിയില്‍ നിന്നും കാണാതായ ഭര്‍തൃമതിയായ യുവതിയെ കണ്ടെത്താന്‍ ബന്ധുക്കള്‍ ഹൈകോടതിയില്‍ നല്‍കിയ ഹേബിയസ് കോര്‍പസ് ഹര്‍ജിയിലും പോലിസിന് നല്‍കിയ പരാതിയിലും  ഉന്നയിച്ചത് ഐഎസ് ബന്ധം. വൈക്കിലിശേരി സ്വദേശിയായ മൊബൈല്‍ ഷോപ്പ് ഉടമക്കു പിന്നാലെ യുവതിയേയും കാണാതായതോടെയാണ് പ്രണയം നടിച്ച് ഐഎസിലേക്കു കടത്തി എന്ന ആരോപണം തിരോധാനത്തിന് അകമ്പടിയായത്.

ദുരൂഹ സാഹചര്യത്തില്‍ കാണാതായ ഓര്‍ക്കാട്ടേരിയിലെ മൊബൈല്‍ഷോപ്പ് ഉടമ അംജദി (23)നേയും ജീവനക്കാരി പ്രവീണ(32)യേയും കഴിഞ്ഞ ദിവസം കോഴിക്കോട്ടു നിന്ന് പോലിസ് പിടികൂടിയിരുന്നു. പുതിയറക്കടുത്ത് വീട് വാടകക്കെടുത്ത് താമസിച്ച കമിതാക്കള്‍ കള്ള നോട്ടും വ്യാജ ലോട്ടറിയും നിര്‍മിച്ചതായി അന്വേഷണത്തില്‍ കണ്ടെത്തി. ഇരുവരും ഇപ്പോള്‍ റിമാന്റിലാണ്.യുവാവിന്റേയും യുവതിയുടേയും തിരോധാനത്തിനു പിന്നില്‍ ഐഎസ് ബന്ധമടക്കമുള്ള ആരോപണങ്ങള്‍ ഉയര്‍ന്നതിനാലാണ് പോലിസ് പ്രത്യേക സംഘത്തെ നിയോഗിച്ച് അന്വേഷിച്ചത്.

ഇക്കാര്യം ഇന്നലെ ജില്ലാ പോലിസ് മേധാവി തന്നെ വെളിപ്പെടുത്തി.ഒളിവില്‍ കഴിഞ്ഞ വീട്ടില്‍ കള്ളനോട്ടടിക്കാനുള്ള വന്‍ സജ്ജീകരണങ്ങളാണ് പ്രതികള്‍ ഒരുക്കിയത്. നൂറ്, അമ്പത്, ഇരുപത് രൂപയുടെ കള്ളനോട്ടുകളാണ് ഇവര്‍  അച്ചടിച്ചിരുന്നത്. നൂറു രൂപയുടെ 156 നോട്ടുകളും അമ്പതും ഇരുപതും രൂപയുടെ ഓരോ എണ്ണം വീതവുമാണ് കണ്ടെത്തിയത്.സപ്തംബര്‍ 11നാണ് വൈക്കിലശ്ശേരി പുത്തന്‍പുരയില്‍ മുഹമ്മദ് അംജാദിനെ കാണാതാവുന്നത്.  നവംബര്‍ 13ന് കടയിലെ ജീവനക്കാരിയായ ഒഞ്ചിയം മനക്കല്‍ ഹൗസില്‍ പ്രവീണയേയും  കാണാതായി. ഇരുവരുടെയും തിരോധാനം സംബന്ധിച്ച് ബന്ധുക്കള്‍ ഹേബിയസ് കോര്‍പസ് ഹര്‍ജി ഫയല്‍ചെയ്തിരുന്നു.

പുതിയറയിലെ വാടകവീട്ടിലേക്ക് പ്രിന്ററും മറ്റ് സാധനങ്ങളും എത്തിച്ച് നല്‍കിയത് പ്രവീണയാണ്. മൂന്ന് കളര്‍ പ്രിന്ററുകള്‍ രണ്ട് സ്‌കാനറുകള്‍, ഒരു ലാപ്‌ടോപ്പ്, ടാബ്, നോട്ട് അടിക്കാനുള്ള പേപ്പറുകള്‍, മുകള്‍ നിലയില്‍ ഇവര്‍ താമസിച്ചിരുന്ന വീട്ടിലേക്ക് ആളുകള്‍ കടന്നുവരുന്നത് മനസിലാക്കാന്‍ പ്ലാസ്റ്റിക് ബക്കറ്റില്‍ സ്ഥാപിച്ച സിസിടിവി ക്യാമറ, അച്ചടിച്ച നോട്ടുകള്‍, വ്യാജ ലോട്ടറി ടിക്കറ്റുകള്‍, ഒരു മലയാളം ചാനലിന്റെ വ്യാജ ഐഡന്റിറ്റി കാര്‍ഡുകള്‍, പൊലിസ് ക്രൈം സ്‌ക്വാഡിന്റെ ഐഡന്റിറ്റി കാര്‍ഡ് എന്നിവയാണ് പിടിച്ചെടുത്തത്. ചാനലിന്റെ  വ്യാജ ഐഡന്റിറ്റി കാര്‍ഡില്‍ പ്രവീണ സംഗീത മേനോനും അംജാദ് അജു വര്‍ഗീസുമായാണ് വേഷം മാറിയത്.

കേരളപൊലിസിലെ ക്രൈംസ്‌ക്വാഡ് അംഗം എന്ന നിലയിലും അംജാദിന്റെ ഐഡന്റിറ്റി കാര്‍ഡുണ്ട്. ഐഡിയയുടെ മാനേജര്‍ ആണെന്നാണ് അംജാദ്  പറഞ്ഞിരുന്നത്.

RELATED STORIES

Share it
Top