ഓരോ കുട്ടിയും മികവിലേക്ക്: വിദ്യാലയങ്ങളില്‍ അക്കാദമിക് മാസ്റ്റര്‍പ്ലാന്‍ ആരംഭിച്ചു

തൃക്കരിപ്പൂര്‍: ഓരോ കുട്ടിയും മികവിലേക്ക് ഓരോ വിദ്യാലയവും മികവിലേക്ക് എന്ന ലക്ഷ്യവുമായി ചെറുവത്തൂര്‍ പഞ്ചായത്തിലെ പൊതു വിദ്യാലയങ്ങളില്‍ അക്കാദമിക മാസ്റ്റര്‍ പ്ലാന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ചിറകിലേറി ഇനി ചെറുവത്തൂരിലെ പത്ത് വിദ്യാലയങ്ങളിലും പുതിയ 76 പദ്ധതികള്‍ക്ക് ആരംഭം കുറിക്കുന്നതോടെ സംസ്ഥാനത്തെ വിദ്യാഭ്യാസ ചരിത്രത്തില്‍ അത് പുതിയൊരു ചുവടുവയ്പായി മാറും. സമഗ്രശിക്ഷയുടെയും പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെയും നേതൃത്വത്തില്‍ സംഘടിപ്പിച്ച അക്കാദമിക മാസ്റ്റര്‍ പ്ലാനിന്റെ ജില്ലാതല പ്രവര്‍ത്തനോദ്ഘാടനം നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി പി ജാനകി നിര്‍വഹിച്ചു. ഒന്നാംതരക്കാരും രണ്ടാം തരക്കാരും അണിനിരന്ന കുഞ്ഞു വായനയും ക്യാംപസ് ഒരു പാഠപുസ്തകം എന്ന സന്ദേശമുയര്‍ത്തിയുള്ള ശലഭോദ്യാനമൊരുക്കലും ശുചിത്വ ബോധവല്‍ക്കരണത്തിന്റെ പുതിയ സാധ്യതകള്‍ ഉപയോഗപ്പെടുത്തിയുള്ള പാവ നാടകം എന്നിവയോടെയായിരുന്നു പ്രവര്‍ത്തനോദ്ഘാടനം. ഒന്നാം ഘട്ട പദ്ധതികള്‍ ഈ മാസം മുതല്‍ ഡിസംബര്‍ വരെയുള്ള കാലയളവിനുള്ളില്‍ പൂര്‍ത്തീകരിക്കും. സംസ്ഥാനതല ട്രൈ ഔട്ടിലെ തിരിച്ചറിവുകളുടെ അടിസ്ഥാനത്തില്‍ പരിശീലനം ലഭിച്ചവരുടെ നേതൃത്വത്തില്‍ ചെറുവത്തൂര്‍ പഞ്ചായത്തിലെ മുഴുവന്‍ വിദ്യാലയങ്ങളും സന്ദര്‍ശിച്ച് അധ്യാപകരുമായി സംവദിച്ചാണ് ഓരോ വിദ്യാലയത്തിലെയും നിര്‍വഹണ പദ്ധതി രൂപപ്പെടുത്തിയത്. മുഴുവന്‍ വിദ്യാലയങ്ങളിലും സ്‌കൂള്‍ തല ഉദ്ഘാടനം ഇനിയുള്ള ദിവസങ്ങളില്‍ നടക്കും. ഇതിന്റെ തുടര്‍ച്ചയായി ജനപ്രതിനിധികളും ജില്ല, ഉപജില്ല വിദ്യാഭ്യാസ ഓഫിസര്‍മാരും വിദ്യാലയങ്ങളിലെത്തി പ്രവര്‍ത്തന മേല്‍നോട്ടവും പിന്തുണയും ഉറപ്പാക്കും. സപ്തംബര്‍ മാസത്തോടെ സംസ്ഥാനത്തെ മുഴുവന്‍ വിദ്യാലയങ്ങളിലും അക്കാദമിക മാസ്റ്റര്‍ പ്ലാനിന്റെ നിര്‍വഹണ പദ്ധതി രൂപപ്പെടുത്തി പ്രവര്‍ത്തനമാരംഭിക്കും. ചെറുവത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് മാധവന്‍ മണിയറ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് നിര്‍വഹണ പദ്ധതി സമഗ്ര ശിക്ഷാ ജില്ലാ പ്രൊജക്ട് ഓഫിസര്‍ പി പി വേണുഗോപാലന്‍ പ്രകാശനം ചെയ്തു. പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ കെ നാരായണന്‍ ഏറ്റുവാങ്ങി.

RELATED STORIES

Share it
Top