ഓയൂരിലെ മദ്യശാലയ്ക്ക് മുന്നിലെ തിരക്ക്‌ : പോലിസ് ലാത്തി വീശിയത് സംഘര്‍ഷത്തിനിടയാക്കിഓയൂര്‍: ഓയൂര്‍ ടൗണില്‍ പ്രവര്‍ത്തിക്കുന്ന ബീവറേജസ് കോര്‍പ്പറേഷന്റെ ചില്ലറ മദ്യവില്‍പനശാലയ്ക്ക് മുന്നില്‍ തിരക്ക് നിയന്ത്രിക്കാന്‍ പോലിസ് ലാത്തി വീശിയത് സംഘര്‍ഷത്തിന് ഇടയാക്കി. നിരപരാധികളെ മര്‍ദ്ദിച്ചെന്നാരോപിച്ച് നാട്ടുകാരും മദ്യം വാങ്ങാനെത്തിയവരും ചേര്‍ന്ന് റോഡ് ഉപരോധിക്കാന്‍ ശ്രമിച്ചു. ഇന്നലെ രാത്രി ഏഴേ മുക്കാലോടെ മദ്യം വാങ്ങാനെത്തിയവരുടെ നീണ്ട നിരയും തിക്കും തിരക്കും നിയന്ത്രിക്കുന്നതിനായി പൂയപ്പള്ളി എസ്‌ഐയുടെ നേതൃത്വത്തിലുള്ള പോലിസ് സംഘം തിരക്കുണ്ടാക്കിയവരെ ലാത്തി വീശി ഓടിക്കുകയായിരുന്നു. തൊട്ടടുത്ത കടയില്‍ സാധനം വാങ്ങാനെത്തിയ നിരപരാധികളെയും പോലിസ് മര്‍ദ്ദിച്ചുവെന്നാരോപിച്ചാണ് ചില രാഷ്ട്രീയ പാര്‍ട്ടികളുടെ നേതൃത്വത്തില്‍ റോഡ് ഉപരോധിക്കാന്‍ ശ്രമിച്ചത്. ഈ സമയം എസ്‌ഐയും സംഘവും കസ്റ്റഡിയിലെടുത്ത രണ്ടുപേരെ സ്റ്റേഷനിലേക്ക് കൊണ്ടുപോയിരുന്നു. ഇതിനിടയില്‍ ചിലര്‍ മദ്യവില്‍പനശാലയുടെ ഷട്ടര്‍ താഴ്ത്തുകയും റോഡില്‍ കുത്തിയിരിക്കുവാനുള്ള ശ്രമവും നടത്തിയിരുന്നു.  മദ്യം വാങ്ങാനെത്തിയ ചിലര്‍ മദ്യശാലയ്ക്കുള്ളില്‍ കുടുങ്ങി. അരമണിക്കൂറിനു ശേഷം നാട്ടുകാര്‍ ഇടപെട്ടാണ് മദ്യശാല തുറന്നത്. പിന്നീട് കൂടുതല്‍ പോലിസെത്തി നാട്ടുകാരുമായി ചര്‍ച്ച നടത്തി ആളുകളെ പിരിച്ചുവിടുകയായിരുന്നു.

RELATED STORIES

Share it
Top