ഓഫ് റോഡ് ട്രക്കിങ്; അവ്യക്തത തുടരുന്നു

മുഹമ്മദ് അന്‍സാരി

വണ്ടിപ്പെരിയാര്‍: ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള വിലക്ക് പിന്‍വലിച്ച് ഉത്തരവിറങ്ങിയെങ്കിലും വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള ഓഫ് റോഡ് ട്രക്കിങിനെ സംബന്ധിച്ച് അവ്യക്തത തുടരുന്നു. അതേസമയം, വിനോദ സഞ്ചാരികളുമായി സത്രത്തിലേക്ക് ഓഫ് റോഡ് ജീപ്പുകള്‍ എത്തി തുടങ്ങി. കാലവര്‍ഷം കണക്കിലെടുത്തും ട്രക്കിങ് നടത്തുന്ന റോഡുകളുടെ ശോചനീയാവസ്ഥ പരിഗണിച്ചുമാണ് ജില്ലാ ഭരണകൂടം വിനോദ സഞ്ചാരികളുടെ വാഹനങ്ങള്‍ക്കും വലിയ ചരക്കു ലോറികള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തിയത്. കഴിഞ്ഞ മാസം 9 ന് ഇറക്കിയ ഉത്തരവാണ് ജില്ലാ ദുരന്തനിവാരണ അതോരിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ കലക്ടര്‍ ജീവന്‍ കെ ബാബു പിന്‍വലിച്ചത്. എന്നാല്‍, മുന്‍ ജില്ലാ കലക്ടര്‍ കഴിഞ്ഞ മെയ് മാസത്തില്‍ ഇറക്കിയ ഉത്തരവില്‍ സത്രത്തിലെ ജീപ്പ് സഫാരിക്കും രാമക്കല്‍മേട്ടിലെ ഓഫ് റോഡ് ട്രക്കിങിനും, ഉളുപ്പുണിയിലെ ട്രക്കിങിനും നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. ഇതിനെ കുറിച്ച് പുതിയ ഉത്തരവില്‍ പറയുന്നില്ല. ഇതിനിടയിലാണ് സത്രത്തിലേക്ക് വിനോദ സഞ്ചാരികളുമായി ജീപ്പുകള്‍ എത്തി തുടങ്ങിയത്. സത്രം മൊട്ടക്കുന്നുകളിലേക്ക് അപകടകരമാം വിധം അമിതവേഗതയില്‍ ഓഫ് റോഡ് ട്രക്കിങ് അപകടങ്ങള്‍ ഉണ്ടാവാന്‍ സാധ്യതയുള്ളതായി ഡിവൈഎസ്പി, ജില്ലാ സ്‌പെഷ്യല്‍ ബ്രാഞ്ച്, റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് മുന്‍ ജില്ലാ കലക്ടര്‍ ജി ആര്‍ ഗോകുല്‍ ജീപ്പ് സഫാരി നിരോധിച്ചു കൊണ്ടുള്ള ഉത്തരവ് ഇറക്കിയത്. ഇതിനുശേഷം ജില്ലാ കലക്ടറായി ചുമതലയേറ്റ ജീവന്‍ കെ ബാബു കഴിഞ്ഞ മാസം ഇറക്കിയ ഉത്തരവില്‍ കാലവര്‍ഷം കണക്കിലെടുത്ത് ജില്ലയിലേക്ക് പ്രവേശിക്കുന്ന ഭാരവാഹനങ്ങള്‍ക്കും വിനോദ സഞ്ചാരവും നിരോധിച്ചത്. ഈ ഉത്തരവാണ് കഴിഞ്ഞ ദിവസം പിന്‍വലിച്ചത്. ഉത്തരവില്‍ അവ്യക്തത തുടരുന്നതിനിടയിലാണ് ഞായറാഴ്ച്ച സത്രത്തിലേക്ക് വിനോദസഞ്ചാരികളുമായി ജീപ്പുകള്‍ എത്തിയതെന്നും ആരോപണം ശക്തമാണ്. സത്രം മൊട്ടക്കുന്നുകളിലേക്ക് വിനോദ സഞ്ചാരികളുമായി അമിത വേഗതയില്‍ ഓഫ് റോഡ് ജീപ്പ് സഫാരി നടത്തുന്നതായും ഇതുമൂലം അപകടങ്ങള്‍ ഉണ്ടാവാന്‍ സാധ്യതയുള്ളതായി ഡപ്യൂട്ടി പോലീസ് സൂപ്രണ്ടും ജില്ലാ സ്‌പെഷ്യല്‍ ബ്രാഞ്ചും കളക്ടിന് റിപ്പോര്‍ട്ട് കൈമാറിയിരുന്നു. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ട്രക്കിങ് നിരോധിച്ചുകൊണ്ടാണ് കഴിഞ്ഞ മെയ് മാസത്തില്‍ ജില്ലാ പോലീസ് മേധാവി, റവന്യൂ ഡിവിഷണല്‍ ഓഫീസര്‍, റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍, തഹസില്‍ദാര്‍ പീരുമേട്, സെക്രട്ടറി ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍, സെക്രട്ടറി വണ്ടിപ്പെരിയാര്‍ എന്നിവര്‍ക്ക് കലക്ടര്‍ കത്ത് നല്‍കിയിരിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ മെയ് മുതല്‍ സത്രത്തിലേക്കുള്ള ജീപ്പ് സഫാരിക്ക് നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. ഇതിനായി വള്ളക്കടവ്, മൗണ്ട് എന്നിവിടങ്ങളില്‍ പോലീസിനെ ചുമതലപ്പെടുത്തുകയും സത്രത്തിലേക്ക് വിനോദ സഞ്ചാരികളുമായി പോയ മുഴുവന്‍ ജീപ്പുകളും തിരിച്ചയക്കുകുയും ചെയ്തിരുന്നു. സത്രത്തില്‍ നിന്നും മൗണ്ടിലെ അപകടം നിറഞ്ഞ ചെങ്കുത്തായ കൊക്കയ്ക്ക് മുകളിലൂടെയും അപകടകരമാം വിധമാണ് ജീപ്പുകള്‍ ഓടിച്ചുപോകുന്നതെന്ന് നേരത്തെ മുതല്‍ ആരോപണം ഉയര്‍ന്നിരുന്നു. ജീപ്പില്‍ ഇരുന്നു കുന്നുകയറി ഇറങ്ങുന്ന സഞ്ചാരികള്‍ അപകടസാധ്യത പലപ്പോഴും മറന്നാണ് ഇത്തരം സാഹസികത കാട്ടുന്നത്. ദൃശ്യമനോഹാരിതയാര്‍ന്ന പ്രദേശമാണെങ്കിലും വളരെയധികം അപകടങ്ങള്‍ നിറഞ്ഞ പാതയാണ്. നൂറുകണക്കിന് അടി താഴ്ച്ചക്കുള്ള ചെങ്കുത്തായ കൊക്കയ്ക്ക് മുകളിലൂടെയാണ് സാഹസിക യാത്ര. കുമളിയില്‍ നിന്നും 26 കിലോമീറ്ററാണ് സത്രത്തിലേക്കുള്ളത്. ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള റോഡുകള്‍ തകര്‍ന്ന നിലയിലാണ്.

RELATED STORIES

Share it
Top