ഓഫിസ് താക്കോല്‍ സബ്കലക്ടറുടെ കൈയില്‍; ജീവനക്കാരും ജനവും പുറത്ത്

മട്ടാഞ്ചേരി: ഓഫിസ് താക്കോലുമായി ഫോര്‍ട്ട്‌കൊച്ചി സബ്കലക്ടര്‍ എത്താന്‍ വൈകിയതിനെ തുടര്‍ന്ന് ജനവും ജീവനക്കാരും വലഞ്ഞു. ഫോര്‍ട്ടുകൊച്ചി സബ് കലക്ടര്‍ കെ ഇമ്പശേഖരന്റെ പുതിയ പരിഷ്‌കാരമാണ് ജീവനക്കാരെയും ജനത്തെയും മുക്കാല്‍ മണിക്കൂറോളം ഓഫിസിന് പുറത്തു നിര്‍ത്തിയത്. ഇതേതുടര്‍ന്ന് ഇന്നലെ രാവിലെ 11നാണ് ആര്‍ഡി ഓഫിസ് പ്രവര്‍ത്തനം തുടങ്ങിയത്. 10.45ഓടെ ഓഫിസ് പ്യൂണ്‍വഴി താക്കോല്‍ എത്തിച്ച ശേഷമാണ് ഓഫിസ് തുറന്നത്. ഓഫിസിലേക്ക് വരുംവഴി കടവന്ത്ര പോലിസ് സ്‌റ്റേഷനില്‍ എഎസ്‌ഐ തൂങ്ങി മരിച്ചതിനെ തുടര്‍ന്ന് ജില്ലാ കലക്ടറുടെ നിര്‍ദേശത്തെ തുടര്‍ന്ന് സബ്കലക്ടര്‍ അങ്ങോട്ട് പോയതാണ് വൈകാന്‍ കാരണമായത്. കഴിഞ്ഞ ഏതാനും ആഴ്ചകളായി താക്കോല്‍ കസ്റ്റഡിപ്രശ്‌നം ഓഫിസ് പ്രവര്‍ത്തനത്തെ താളംതെറ്റിക്കുന്നതായി ജനങ്ങള്‍ പരാതിപ്പെട്ടു. ജില്ലയിലെ അങ്കമാലി മുതല്‍ തൃപ്പുണിത്തുറ വരെയുള്ള അധികാരപരിധിയിലെ റവന്യു വിഭാഗത്തിന്റെ പ്രവര്‍ത്തനങ്ങളാണ് ഫോര്‍ട്ടുകൊച്ചി ആര്‍ഡി ഓഫിസില്‍ നടക്കുന്നത്. പ്രതിദിനം വിവിധ ആവശ്യങ്ങള്‍ക്കായി നുറുക്കണക്കിന് ജനങ്ങളാണ് ഓഫിസിലെത്തുന്നത്. മുന്‍ കാലങ്ങളില്‍ ഓഫിസ് മേധാവിയോ ഉയര്‍ന്ന ജീവനക്കാരോ ആണ് താക്കോല്‍ സൂക്ഷിക്കാറുണ്ടായിരുന്നത്.

RELATED STORIES

Share it
Top