ഓഫിസ് കെട്ടിടം മാറ്റാന്‍ നടപടിയില്ല

പയ്യന്നൂര്‍: കോടികള്‍ ചെലവിട്ട് അറ്റകുറ്റപ്പണി നടത്തിയ പയ്യന്നൂര്‍ സബ് രജിസ്ട്രാര്‍ ഓഫിസ് പ്രവര്‍ത്തിക്കുന്ന പഴയ പോലിസ് സ്റ്റേഷന്‍ കെട്ടിടം കനത്ത മഴയില്‍ ചോര്‍ന്നൊലിക്കുന്നു. ഫയലുകളും രേഖകളും വെള്ളം കയറി നശിച്ചു. ജീവനക്കാരും വിവിധ ആവശ്യത്തിനായി ഓഫിസിലെത്തുന്നവരും ദുരിതത്തിലായി. 1910ല്‍ നിര്‍മിച്ചതാണ് പയ്യന്നൂരിലെ പഴയ പോലിസ് സ്റ്റേഷന്‍ കെട്ടിടം. സ്വാതന്ത്ര്യസമര ചരിത്രത്തിലെ അനര്‍ഘ നിമിഷങ്ങള്‍ക്ക് സാക്ഷ്യംവഹിക്കുകയുണ്ടായി. ക്വിറ്റിന്ത്യ സമരത്തിന്റെ ഭാഗമായി സ്വാതന്ത്ര്യസമര പോരാളികള്‍ ബ്രിട്ടിഷ് പതാകയായ യൂനിയന്‍ ജാക്ക് അഴിച്ചുമാറ്റിയത് ഈ സ്റ്റേഷനു മുന്നിലെ കൊടിമരത്തില്‍ നിന്നായിരുന്നു.
ഉപ്പ് സത്യഗ്രഹം, ക്വിറ്റിന്ത്യാ സമരത്തിലെ മറ്റു സംഭവങ്ങള്‍, കമ്യൂണിസ്റ്റ് കര്‍ഷക പോരാട്ടങ്ങള്‍ തുടങ്ങി ചരിത്രത്തിലെ ധീരോജ്ജ്വലമായ നിരവധി മുഹൂര്‍ത്തങ്ങള്‍ക്കും പഴയ പോലിസ് സ്റ്റേഷന്‍ സാക്ഷിയായി. റവന്യൂ വകുപ്പിന് കീഴില്‍ 1910 മുതലുള്ള കെട്ടിടം 100 വര്‍ഷം പൂര്‍ത്തിയായതിനാല്‍ 2016ല്‍ പുരാവസ്തു വകുപ്പ് സംരക്ഷിത സ്മാരകമായി പ്രഖ്യാപിച്ചു.
ചരിത്രസ്മാരകമായി സംരക്ഷിക്കാന്‍ ഒരുകോടി രൂപ അനുവദിക്കുകയും ചെയ്തു. കെട്ടിടം അതേരീതിയില്‍ നവീകരിക്കാന്‍ എന്‍ജിനീയറിങ് വിഭാഗം എസ്റ്റിമേറ്റ് തയാറാക്കി. ആദ്യഘട്ടത്തില്‍ സബ് രജിസ്ട്രാര്‍ ഓഫിസ് പ്രവര്‍ത്തിക്കുന്ന ഭാഗം ഒഴിവാക്കിയായിരുന്നു നിര്‍മാണം. ഇതിന്റെ ഭാഗമായി മേല്‍ക്കൂരയടക്കം മാറ്റി.
എന്നാല്‍ മഴ കനത്തതോടെ കെട്ടിടം മുഴുവന്‍ ചോര്‍ന്നൊലിക്കാന്‍ തുടങ്ങി. രജിസ്ട്രാര്‍ ഓഫിസ് പൂര്‍ണമായും നനഞ്ഞു കുതിര്‍ന്നു. പതിറ്റാണ്ടുകള്‍ പഴക്കമുള്ള രേഖകള്‍ നാശത്തിന്റെ ഭീഷണിയിലായി. ഇതോടെ രേഖകളെല്ലാം ഫഌക്‌സില്‍ പൊതിഞ്ഞു വച്ചിരിക്കുകയാണ് ജീവനക്കാര്‍. രജിസ്്ട്രാര്‍ അടക്കമുള്ളവര്‍ മഴ നനഞ്ഞാണ് ജോലിചെയ്യുന്നത്.
സബ് രജിസ്ട്രാര്‍ ഓഫിസ് മാറ്റാന്‍ പുരാവസ്തു വകുപ്പ് ഡയറക്ടര്‍ ഇതിനകം ആവശ്യപ്പെട്ടിട്ടുണ്ട്. സൗകര്യപ്രദമായ കെട്ടിടം ലഭിച്ചാല്‍ മറ്റുമെന്ന് പൊതുമരാമത്ത് മന്ത്രി അറിയിച്ചിരുന്നെങ്കിലും ഇതിനുള്ള നടപടികള്‍ എങ്ങുമെത്തിയിട്ടില്ല.

RELATED STORIES

Share it
Top