ഓഫിസുകള്‍ കയറിയിറങ്ങി മടുത്തു; വിമലയ്ക്കും കുടുംബത്തിനും വീട് സ്വപ്‌നം മാത്രം

അഞ്ചാലുംമൂട്: സ്വന്തമായി വസ്തുവും വീടും ഇല്ലാതെ വിധവയായ മാതാവും മകനും ദുരിതത്തില്‍.  പെരിനാട് മാതൃച്ഛായ വടക്കതില്‍ വിമലയാണ് സ്വന്തമായൊരു വീടെന്ന സ്വപ്‌നവുമായി ഓഫിസുകള്‍ തോറും കയറിയിറങ്ങുന്നത്.
കഴിഞ്ഞ ആറുവര്‍ഷമായി ഇവരും നീരാവില്‍ എസ്എന്‍ഡിപി സ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ഥി വിനീതും താന്നിക്കമുക്ക് മുല്ലവിള ജങ്ഷനില്‍ വാടകയ്ക്ക് താമസിക്കുകയാണ്. ഉടന്‍ തന്നെ വീട് ഒഴിഞ്ഞുകൊടുക്കണമെന്ന് വീട്ടുടമ ഇപ്പോള്‍ ആവശ്യപ്പെട്ടിരിക്കയാണ്.വീടൊഴിഞ്ഞുകൊടുത്താല്‍ എന്തുചെയ്യുമെന്ന് അറിയാതെ വിഷമിക്കുകയാണ് അമ്മയും മകനും.
വീടും വസ്തുവും അനുവദിച്ച് നല്‍കണമെന്ന് ആവശ്യപ്പെട്ട് പനയം പഞ്ചായത്ത് അധികൃതരെ സമീപിച്ചെങ്കിലും ഇതുവരെയും അനുകൂല നടപടികള്‍ ഒന്നും ഉണ്ടായിട്ടില്ല,2014ല്‍ വിമല അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നടത്തിയ ജനസമ്പര്‍ക്ക പരിപാടിയില്‍ വീടും വസ്തുവും അനുവദിച്ച് കിട്ടുന്നതിന് അപേക്ഷ നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ 2014 മാര്‍ച്ച് 19ന് പനയം പഞ്ചായത്ത് സെക്രട്ടറിയുടെ കത്ത് ഇവര്‍ക്ക് ലഭിക്കുകയുണ്ടായി.മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടിയില്‍ സമര്‍പ്പിച്ച  അപേക്ഷ പരിശോധിച്ചതില്‍ ഭൂമിയും വീടും ആനുകൂല്യം ലഭിക്കുന്നതിന് തുടര്‍ന്ന് വരുന്ന ഗ്രാമസഭയില്‍  മതിയായ രേഖകള്‍ സഹിതം അപേക്ഷ സമര്‍പ്പിക്കുന്ന മുറയ്ക്ക് അനന്തര നടപടി സ്വീകരിക്കുമെന്നായിരുന്നു കത്തില്‍ പറഞ്ഞിരുന്നത്.ഇതനുസരിച്ച് വിമല പഞ്ചായത്ത് ഓഫിസില്‍ എത്തിയെങ്കിലും അങ്ങനെയൊരു പദ്ധതി ഇപ്പോഴില്ല എന്ന് പറഞ്ഞ് മടക്കി അയക്കുകയായിരുന്നു. പഞ്ചായത്ത് പ്രസിഡന്റിനെയും കണ്ട് നിവേദനവും അപേക്ഷയും നല്‍കി. എന്നിട്ടും ഫലമുണ്ടായില്ല. താന്നിക്കമുക്ക്, ഗുരുകുലംമുക്ക് വാര്‍ഡിലെ മെംബര്‍മാരെ കണ്ടും കാര്യങ്ങള്‍ ബോധിപ്പിച്ചെങ്കിലും അവരും കൈയൊഴിഞ്ഞു.പനയം പഞ്ചായത്തിലെ വിലാസത്തിലാണ് ഇവര്‍ക്ക് റേഷന്‍ കാര്‍ഡുള്ളത്.
പിന്നാക്ക വിഭാഗക്കാരിയായ ഇവര്‍ മകന്റെ വിദ്യാഭ്യാസ കാര്യത്തിന് ഫീസിളവ് ലഭിക്കുന്നതിനായി ജില്ലാ പഞ്ചായത്ത് അധികൃതരെയും സമീപിച്ചു.  സഹായിക്കാന്‍ വകുപ്പൊന്നും ഇല്ലെന്നായിരുന്നു മറുപടി ലഭിച്ചത്. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വിദ്യാര്‍ഥികളെ സഹായിക്കാന്‍ നിരവധി പദ്ധതികള്‍ ഉള്ളപ്പോഴാണ് ജില്ലാ പഞ്ചായത്തും വിമലയുടെ അപേക്ഷ അവഗണിച്ചത്. രണ്ടര പതിറ്റാണ്ടായി ഇവര്‍ വീട് ലഭിക്കുന്നതിനായി പഞ്ചായത്ത് ഓഫിസ് കയറിയിറങ്ങുകയാണ്.

RELATED STORIES

Share it
Top