ഓഫിസിന് നേരെ അക്രമം: പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യണം- എസ്ഡിപിഐ

പേരാമ്പ്ര: പേരാമ്പ്രയില്‍ എസ്ഡിപിഐ നിയോജക മണ്ഡലം കമ്മിറ്റി ഓഫീസിന് നേരെ  പെട്രോള്‍ ബോംബും കല്ലേറും നടത്തിയ എസ്എഫ്‌ഐ അക്രമികളെ ഉടന്‍ അറസ്റ്റു ചെയ്യണമെന്ന്്്് മണ്ഡലം ഭാരവാഹികള്‍ ആവശ്യപ്പെട്ടു. ഇന്നലെ ഉച്ചക്ക് 12.30 ഓടെയാണ് പേരാമ്പ്ര ട്രാഫിക് സ്‌റ്റേഷനു സമീപം പ്രവര്‍ത്തിക്കുന്ന ഓഫീസിന് നേരെ കല്ലേറുണ്ടായത്. കല്ലേറില്‍ കെട്ടിടത്തിന്റെ ഒന്നാം നിലയില്‍ ഓഫീസിന്റെ ജനല്‍ ചില്ലുകള്‍ പൊട്ടി. പെട്രോള്‍ ബോംബ് താഴെ വീണു പൊട്ടിയത് കാരണം  തൊട്ടടുത്ത് സ്ഥിതി ചെയ്യുന്ന ട്രാഫിക് പോലീസ് സ്‌റ്റേഷനും, സ്റ്റേറ്റ് ബാങ്കും, എടിഎമ്മും, നിരവധികച്ചവട സ്ഥാപനങ്ങളുമാണ് വന്‍ ദുരന്തത്തില്‍ നിന്നും ഒഴിവായത്.താഴത്തെ നിലയിലുള്ള ജ്വല്ലറി വര്‍ക്ക് ഷോപ്പിന്റെ ഷര്‍ട്ടറുകള്‍ക്കു നേരെയും കല്ലേറ് നടന്നു. ഇവിടെയുള്ള ജോലിക്കാര്‍ ഭക്ഷണം കഴിക്കാന്‍ പുറത്ത് പോയത് കൊണ്ടാണ് അക്രമത്തില്‍ നിന്നും രക്ഷപ്പെട്ടത്. എസ്എഫ്‌ഐ നേതാവ് വിഷ്ണുവിന് വെട്ടേറ്റതില്‍ പ്രതിഷേധിച്ച് പേരാമ്പ്രയില്‍ എസ്എഫ്‌ഐ നടത്തിയ പ്രകടനത്തില്‍ നിന്നുള്ളവരാണ് കല്ലെറിഞ്ഞതെന്ന് ദൃസാക്ഷികള്‍ പറഞ്ഞു. പേരാമ്പ്ര പൊലീസ് ഇന്‍സ്പക്ടര്‍ കെ പി സുനില്‍കുമാറിന്റെ നേതൃത്വത്തില്‍ പൊലീസ് സ്ഥലത്തെത്തിയതിനെ തുടര്‍ന്ന് അനിഷ്ട സംഭവങ്ങള്‍ ഒഴിവായി. മണ്ഡലം കമ്മിറ്റി ഓഫീസ് അക്രമിച്ച പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്തില്ലെങ്കില്‍ ശക്തമായ ജനകീയ പ്രക്ഷോഭവുമായി എസ്ഡിപിഐ രംഗത്തിറങ്ങുമെന്ന് മണ്ഡലം വൈസ് പ്രസിഡണ്ട് കുഞ്ഞമ്മത് പറഞ്ഞു.

RELATED STORIES

Share it
Top