ഓണ്‍ലൈന്‍ സേവനങ്ങളുടെ ഏകോപനം; കണ്ണൂരില്‍ ഡിജിറ്റല്‍ കര്‍മസേന

കണ്ണൂര്‍: കണ്ണൂര്‍ ജില്ലയില്‍ ഡിജിറ്റല്‍ സാക്ഷരത സജീവമാക്കാനും സര്‍ക്കാരിന്റെ ഓണ്‍ലൈന്‍ സേവനങ്ങള്‍ പരമാവധി ജനങ്ങളിലെത്തിക്കാനും കര്‍മപദ്ധതി തയ്യാറായി. ഇതിന്റെ ഭാഗമായി ജില്ലയുടെ ഔദ്യോഗിക മൊബൈല്‍ ആപ്ലിക്കേഷനായ വി ആര്‍ കണ്ണൂര്‍ എന്ന ആപ്പിന്റെ വ്യാപനത്തിനും ഓണ്‍ലൈന്‍ സേവനങ്ങളുടെ ഏകോപനത്തിനും പ്രാദേശികാടിസ്ഥാനത്തിലുള്ള ബോധവല്‍ക്കരണത്തിനുമായി ഡിജിറ്റല്‍ കര്‍മസേനയ്ക്ക് രൂപം നല്‍കി.
സര്‍ക്കാര്‍ ഓഫിസുകളിലെ ഐടി പ്രഫഷനലുകളും അക്ഷയ കോമണ്‍ സര്‍വീസ് കേന്ദ്രങ്ങളുടെ സംരംഭകരും സന്നദ്ധ പ്രവര്‍ത്തകരും ഉള്‍ക്കൊള്ളുന്നതാണ് ഡിജിറ്റല്‍ കര്‍മസേന. ജില്ലാ ഇ-ഗവേണന്‍സ് സൊസൈറ്റി, ജില്ലാ ഭരണകൂടം, നാഷനല്‍ ഇന്‍ഫര്‍മാറ്റിക് സെന്റര്‍, സംസ്ഥാന ഐടി മിഷന്‍, കേന്ദ്ര ഐടി വകുപ്പിനു കീഴിലെ ഓണ്‍ലൈന്‍ പോര്‍ട്ടലായ വികാസ് പീഡിയ കേരള, നോഡല്‍ ഏജന്‍സിയായ വയനാട് സോഷ്യല്‍ സര്‍വീസ് സൊസൈറ്റി എന്നിവ ചേര്‍ന്നാണ് കര്‍മസേന രൂപീകരിച്ചത്.
സര്‍ക്കാര്‍, അര്‍ധസര്‍ക്കാ ര്‍, സ്വകാര്യ ഓണ്‍ലൈന്‍ സേവനങ്ങള്‍, ഡിജിറ്റല്‍ സാക്ഷരത, ഡിജിറ്റല്‍ സാമ്പത്തിക സാക്ഷരത, സോഷ്യല്‍ മീഡിയ തുടങ്ങി എല്ലാ ഡിജിറ്റല്‍ ഓണ്‍ലൈന്‍ സംവിധാനങ്ങളും  സേവനങ്ങളും സാധാരണ ജനങ്ങളില്‍ എത്തിക്കുന്നതിന് ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കും. ഏകോപനം, ബോധവ ല്‍ക്കരണം, സാങ്കേതിക സഹായം, സാമൂഹികമാധ്യമങ്ങള്‍ എന്നിങ്ങനെ നാലു വിഭാഗങ്ങളിലായി എന്‍പതോളം പേര്‍ അടങ്ങുന്നതാണ് കര്‍മസേന.
ജില്ലാ കലക്ടര്‍ മീര്‍ മുഹമ്മദലിയുടെ നേതൃത്വത്തില്‍ ജില്ലാ ഇന്‍ഫര്‍മാറ്റിക്‌സ് ഓഫിസര്‍ ആന്‍ഡ്രൂസ് വര്‍ഗീസ്, ജില്ലാ ഇ-ഗവേണന്‍സ് സൊസൈറ്റി ഡിസ്ട്രിക്ട് പ്രൊജക്റ്റ് മാനേജര്‍ സി എം മിഥുന്‍ കൃഷ്ണ, വികാസ് പീഡിയ സ്‌റ്റേറ്റ് കോ-ഓഡിനേറ്റര്‍ സി വി ഷിബു എന്നിവരാണ് കര്‍മസേനയ്ക്ക് മേല്‍നോട്ടം വഹിക്കുക.

RELATED STORIES

Share it
Top