ഓണ്‍ലൈന്‍ വഴി തട്ടിപ്പ് രണ്ട് രാജസ്ഥാന്‍ സ്വദേശികളെ മഞ്ചേരി പോലിസ് അറസ്റ്റ് ചെയ്തു

മഞ്ചേരി: ഓണ്‍ലൈന്‍ തട്ടിപ്പ് നടത്തുന്ന വിദേശികള്‍ക്ക് പണം കൈമാറുന്ന ഏജന്റുമാരായി പ്രവര്‍ത്തിച്ച രണ്ട് രാജസ്ഥാന്‍ സ്വദേശികളെ മഞ്ചേരി പോലിസ് രാജസ്ഥാനില്‍ നിന്നു അറസ്റ്റ് ചെയ്തു. രാജസ്ഥാനിലെ ചിറ്റോര്‍ഗഡ് കുംഭനഗര്‍ സ്വദേശി മുകേഷ് ചിപ്പ (48), ഉദയ്പൂര്‍ സ്വദേശി സന്ദീപ് മൊഹീന്ദ്ര (41) എന്നിവരാണ് അറസ്റ്റിലായത്. കമ്മീഷന്‍ വ്യവസ്ഥയില്‍ ഇടപാടുകാര്‍ക്ക് എത്തിക്കുന്ന സംഘമാണിവരെന്ന് പോലിസ് പറഞ്ഞു. 9% കമ്മീഷനാണ് പ്രതികള്‍ക്ക് ലഭിക്കുന്നത്.
ഇത്തരത്തില്‍ കഴിഞ്ഞ ഏതാനും മാസങ്ങള്‍ക്കുള്ളില്‍ ഇരുപത് ലക്ഷത്തിലധികം രൂപ കമ്മീഷന്‍ ഇനത്തില്‍ മാത്രം ഇവര്‍ കൈപ്പറ്റിയിട്ടുണ്ട്. ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ നടത്തിവരികയായിരുന്ന കാമറൂണ്‍ സ്വദേശികളായ അകുംബെ ബോമഞ്ചിവ (28), ലാങ്ജി കിലിയന്‍ കെങ് (27) എന്നിവരെ കഴിഞ്ഞ മാസം മഞ്ചേരി പോലിസ് ഹൈദരാബാദില്‍ നിന്നു അറസ്റ്റ് ചെയ്തിരുന്നു. ഈ കേസില്‍ നടത്തിയ തുടരന്വേഷണത്തിലാണ് രാജസ്ഥാനികള്‍ അറസ്റ്റിലായത്. രണ്ടുമാസം മുമ്പ് മുകേഷ് ചിപ്പയെ പിടികൂടാന്‍ശ്രമിച്ചെങ്കിലും പ്രതി രക്ഷപ്പെടുകയായിരുന്നു.
പിന്നീട് ഇയാളുടെ മൊൈബല്‍ നമ്പര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ ഇരുവരേയും പിടികൂടുകയായിരുന്നു. ഏതാനും മാസങ്ങള്‍ക്കുള്ളില്‍ മാത്രം ഇവര്‍ നടത്തിയ തട്ടിപ്പ് പതിനെട്ട് കോടിയിലധികം വരും. വിവിധ കമ്പനികളുടേതെന്ന വ്യാജേന വെബ്‌സൈറ്റുകള്‍ തയ്യാറാക്കി പലതരം ഉല്‍പന്നങ്ങള്‍ പരസ്യം ചെയ്യുകയാണ് ആദ്യം ചെയ്യുന്നത്. ഇവരുടെ വെബ്‌സൈറ്റില്‍ ആരെങ്കിലും ഉല്‍പന്നങ്ങള്‍ക്കായി സെര്‍ച്ച് ചെയ്താല്‍ ഉടനടി മെസേജ് ലഭിക്കുകയും ഇവര്‍ ഇ-മെയില്‍ മുഖാന്തരമോ വിര്‍ച്വല്‍ നമ്പറുകള്‍ മുഖാന്തരമോ ഇരകളെ ബന്ധപ്പെടും. ഇര ഉല്‍്പന്നം വാങ്ങാന്‍ തയ്യാറാണെന്ന് തോന്നിയാല്‍ കമ്പനികളുടേതാണെന്ന് വിശ്വസിപ്പിക്കുന്നതിന് വ്യാജമായി ലൈസന്‍സുകളും ഇതര രേഖകളും തയ്യാറാക്കി അയച്ചുകൊടുക്കും. പിന്നീട് ഉല്‍പന്നത്തിന്റെ വിലയുടെ നിശ്ചിത ശതമാനം അഡ്വാന്‍സായി വിവിധ ബാങ്ക് അക്കൗണ്ടുകളിലേക്ക് നിക്ഷേപിക്കാന്‍ ആവശ്യപ്പെടും. പണം അടവാക്കിയാല്‍ വാങ്ങാന്‍ ഉദ്ദേശിക്കുന്ന ഉല്‍പന്നം കൊറിയര്‍ ചെയ്തതായും അതിന്റെ കണ്‍സൈന്‍മെന്റ് നമ്പര്‍ ഇന്നതാണെന്നും കാണിച്ച് മെസേജ് അയക്കും. പ്രതികള്‍ തന്നെ വിവിധ കൊറിയര്‍ കമ്പനികളുടേതെന്ന വ്യാജേന തയ്യാറാക്കിയ വെബ്‌സൈറ്റുകളില്‍ ഈ കണ്‍സൈന്‍മെന്റ് നമ്പര്‍ ട്രാക്ക് ചെയ്യാനാനുമെന്നതിനാല്‍ ഇത് പരിശോധിക്കുന്നയാള്‍ക്ക് കൂടുതല്‍ വിശ്വാസം തോന്നും.
ഏതാനും ദിവസങ്ങള്‍ക്കുശേഷം കൊറിയര്‍ കമ്പനിയില്‍ നിന്നെന്ന മട്ടില്‍ നിങ്ങള്‍ക്കുള്ള കൊറിയര്‍ പാക്കിങ് മോശമാണെന്നും അതിന് ഇന്‍ഷുറന്‍സായി നിശ്ചിത തുക അടയ്ക്കണമെന്നും ഈ പണം റീഫണ്ട് ചെയ്യുമെന്നും കാണിച്ച് മസേജ് ലഭിക്കും. ഇതും വിശ്വസിക്കുന്ന ഇര വീണ്ടും പണം അടപ്പിക്കുകയാണ് തട്ടിപ്പ് രീതി. പ്രതികളില്‍ നിന്നു നിരവധി മൊബൈല്‍ ഫോണുകള്‍, സിം കാര്‍ഡുകള്‍, എടിഎം കാര്‍ഡുകള്‍, മറ്റ് രേഖകള്‍ മുതലായവ പിടിച്ചെടുത്തിട്ടുണ്ട്. ഗുജറാത്ത്, തെലങ്കാന, തമിഴ്‌നാട്, കര്‍ണാടക, മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ്, ഗോവ തുടങ്ങിയ വിവിധ സംസ്ഥാനങ്ങളിലെ പോലിസ് അന്വേഷിക്കുന്ന കുറ്റവാളികളാണ് ഇവര്‍.
കൂടുതല്‍ ചോദ്യംചെയ്ത് മറ്റ് കേസുകള്‍ സംബന്ധിച്ച് നടപടി സ്വീകരിക്കും. സമാനമായ കോടിക്കണക്കിന് രൂപയുടെ സാമ്പത്തിക തട്ടിപ്പുകള്‍ ഇവര്‍ മുഖേന നടത്തിയതായി വിവരം ലഭിച്ചിട്ടുണ്ട്.
മലപ്പുറം ജില്ലാ പോലിസ് മേധാവി പ്രതീഷ് കുമാറിന്റെ നിര്‍ദേശപ്രകാരം ഡിവൈഎസ്പി ജലീല്‍ തോട്ടത്തില്‍, സിഐ എന്‍ ബി ഷൈജു, എസ്‌ഐ ജലീല്‍ കറുത്തേടത്ത് എന്നിവരുടെ മേല്‍നോട്ടത്തില്‍ സൈബര്‍ ഫോറന്‍സിക് ടീം അംഗം എന്‍ എം അബ്ദുല്ല ബാബു, സ്‌പെഷ്യല്‍ സ്‌ക്വാഡ് അംഗങ്ങളായ കെ പി അബ്ദുല്‍ അസീസ്, ടി പി മധുസൂദനന്‍, ഹരിലാല്‍ അക്കരത്തൊടി എന്നിവരാണ് രാജസ്ഥാനില്‍ നിന്നു പ്രതികളെ അറസ്റ്റ് ചെയ്തത്. പ്രതികളെ ഇന്ന് മഞ്ചേരി സിജെഎം കോടതിയില്‍ ഹാജരാക്കും.

RELATED STORIES

Share it
Top