ഓണ്‍ലൈന്‍ പെണ്‍വാണിഭം: രണ്ടു പേര്‍കൂടി പിടിയില്‍

തിരുവനന്തപുരം: ഓണ്‍ലൈന്‍ പെണ്‍വാണിഭക്കേസില്‍ രണ്ട് പേര്‍കൂടി പിടിയില്‍. മുഖ്യപ്രതിയായ ജോഷി എന്നുവിളിക്കുന്ന അച്ചായന്റെ മകന്‍ ജോയ്‌സും സഹായിയുമാണ് പോലിസ് പിടിയിലായത്. ബംഗളൂരുവില്‍നിന്നാണ് ജോയ്‌സിനെയും സഹായി അരുണിനെയും പോലിസ് കസ്റ്റഡിയിലെടുത്തത്. കൊച്ചി കേന്ദ്രീകരിച്ചു നടന്ന ഓണ്‍ലൈന്‍ പെണ്‍വാണിഭത്തിലെ മുഖ്യ ഇടപാടുകാരനാണ് ജോയ്‌സ്.
അരുണിനും പെണ്‍കുട്ടികളെ കടത്തുന്നതുമായി ബന്ധമുണ്ടെന്നാണ് പോലിസിന്റെ വിശദീകരണം. ഇരുവരെയും ഇന്ന് തിരുവനന്തപുരത്തെത്തിക്കുമെന്നും പോലിസ് അറിയിച്ചു. പെണ്‍വാണിഭത്തിലെ മുഖ്യ പ്രതിയായ അച്ചായനെ പോലിസ് നേരത്തേ പിടികൂടിയിരുന്നു. ഇദ്ദേഹത്തെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതിനെ തുടര്‍ന്നാണ് ജോയ്‌സിനും പങ്കുണ്ടെന്ന വിവരം പോലിസിന് ലഭിച്ചത്. ഇതര സംസ്ഥാനങ്ങളില്‍നിന്ന് പെണ്‍കുട്ടികളെ വാണിഭത്തിന് എത്തിക്കുന്നതില്‍ ജോയ്‌സിന് പ്രധാന പങ്കുണ്ടെന്ന് പോലിസ് പറഞ്ഞു.
ജോയ്‌സിന്റെയും അരുണിന്റെയും അറസ്റ്റ് കേസ് അന്വേഷണത്തില്‍ നിര്‍ണായകവഴിത്തിരിവായി മാറും. അച്ചായന്റെ പല ഇടപാടുകളെക്കുറിച്ചും ജോയ്‌സിന് അറിയാമെന്നാണ് പോലിസ് കരുതുന്നത്. തളിപ്പറമ്പില്‍വച്ച് ജോഷി പെണ്‍വാണിഭം തുടങ്ങുമ്പോള്‍ മകനും ഒപ്പമുണ്ടായിരുന്നത്രേ. പെണ്‍കുട്ടികളെ പ്രേമം നടിച്ച് വലയിലാക്കിയിരുന്നത് ജോയ്‌സാണ്. ഇങ്ങനെ വലയിലാക്കുന്ന പെണ്‍കുട്ടികളെ പിന്നീട് ജോഷിയാണ് വാണിഭത്തിനുപയോഗിക്കുന്നത്. കേരളത്തില്‍ പലയിടത്തും മാറി മാറി പെണ്‍വാണിഭം നടത്തിവന്ന ജോഷിയും മകനും ബംഗളൂരു, മുംബൈ, ഗോവ എന്നിവിടങ്ങളില്‍നിന്നും പെണ്‍കുട്ടികളെ കേരളത്തിലെത്തിച്ചിരുന്നതായി പോലിസിന് വിവരം ലഭിച്ചിട്ടുണ്ട്. രണ്ടുമാസം മുമ്പാണ് കേരളത്തില്‍നിന്ന് അവസാനമായി ദുബയ്, ബഹ്‌റൈന്‍, ഖത്തര്‍ എന്നിവടങ്ങളിലേക്ക് യുവതികളെ കടത്തിയത്.
നെടുമ്പാശ്ശേരി വഴിയായിരുന്നു അക്ബറും ജോഷിയുടെ മകന്‍ ജോയ്‌സും ചേര്‍ന്ന് മനുഷ്യക്കടത്തിനുള്ള സജ്ജീകരണങ്ങള്‍ ചെയ്തിരുന്നത്. വിദേശത്തെ സെക്‌സ് റാക്കറ്റുകളുമായി ചേര്‍ന്നായിരുന്നു ഇത്തരത്തില്‍ സ്ത്രീകളെ കടത്തിയിരുന്നത്. മൂന്നു മാസത്തെ വിസിറ്റിങ് വിസയിലാണ് ഇവരെ ഗള്‍ഫിലേക്ക് കടത്തിയിരുന്നതെന്നും പ്രാഥമിക ചോദ്യംചെയ്യലില്‍ പോലിസ് കണ്ടെത്തിയിരുന്നു.

RELATED STORIES

Share it
Top