ഓണ്‍ലൈന്‍ ടാക്‌സി കുത്തകകളെ അനുവദിക്കില്ല: തൊഴിലാളികള്‍

കോഴിക്കോട്: ഓണ്‍ലൈന്‍ ടാക്‌സി സര്‍വീസ് കോഴിക്കോട് നഗരത്തില്‍ അനുവദിക്കണോ വേണ്ടേ എന്ന വിഷയത്തില്‍ മലബാര്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് സംവാദ സദസ് ബഹളമയം  സംഘടിപ്പിച്ചു. ഓണ്‍ലൈന്‍ ടാക്‌സി കുത്തകകളെ ഒരു കാരണവശാലും കോഴിക്കോട് അനുവദിക്കില്ലെന്ന് തൊഴിലാളി നേതാക്കള്‍ അസന്ദിഗ്ദമായി വ്യക്തമാക്കി.
ടാക്‌സി സര്‍വീസ് ജനങ്ങള്‍ക്ക് കൂടുതല്‍ എളുപ്പത്തില്‍ നല്‍കുന്നതിന് ഓണ്‍ലൈന്‍ സര്‍വീസ് ഉള്‍പ്പടെയുള്ള എല്ലാ ആധുനിക വല്‍ക്കരണങ്ങള്‍ക്കും തൊഴിലാളികള്‍ അനുകൂലമാണ്. എന്നാല്‍ യൂബര്‍, ഒല തുടങ്ങിയ വിദേശ ടാക്‌സി കുത്തകകളെ കോഴിക്കോടിന്റെ മണ്ണില്‍ കാലുകുത്താന്‍ അനുവദിക്കില്ല. ഇത്തരം കമ്പനികള്‍ സര്‍വീസിന് അനുമതി ലഭിക്കുന്ന നഗരങ്ങളില്‍ തുടക്കത്തില്‍ ചാര്‍ജ് കുറച്ചോടി പരമ്പരാഗത ടാക്‌സി തൊഴിലാളികളുടെ കഞ്ഞികുടി മുട്ടിക്കാറാണ് പതിവ്.
സര്‍ക്കാര്‍ നിരക്കില്‍ സര്‍വീസ് നടത്തുന്ന പരമ്പരാഗത ടാക്‌സിക്കാര്‍ രംഗത്ത് നിന്ന് നിഷ്്ക്രമിക്കുന്നതോടെ ഓണ്‍ലൈന്‍ ടാക്‌സികള്‍ പീക് ടൈമില്‍ (തിരക്കേറിയ സമയം) പ്രത്യേക ചാര്‍ജ് എന്നൊക്കെ പറഞ്ഞ് തോന്നും പോലെ ചാര്‍ജ് ഈടാക്കാന്‍ തുടങ്ങും. ഓണ്‍ലൈന്‍ ടാക്‌സി കമ്പനികള്‍ മിക്ക നഗരങ്ങളിലും സ്വന്തമായി ടാക്‌സിയുള്ള ഡ്രൈവര്‍മാരെ വാടകക്ക് എടുത്താണ് സര്‍വീസ് നടത്തുന്നത്.  ഇവരെയും തുടക്കത്തില്‍ ‘സുഖിപ്പിച്ച് പിന്നീട് കൊടിയ ചൂഷണം നടത്തും.
ഇതിനെതിരേ ഓണ്‍ലൈന്‍ ടാക്‌സി തൊഴിലാളികളുടെ സമരം നടക്കാറുണ്ടെന്നും രാജ്യത്തെ പല നഗരങ്ങളിലെയും അനുഭങ്ങള്‍ ചൂണ്ടിക്കാട്ടി തൊഴിലാളി നേതാക്കള്‍ പറഞ്ഞു. അമേരിക്കന്‍ കുത്തക കമ്പനികള്‍ക്ക് വേണ്ടി ചേംബര്‍ കൊമേഴ്‌സ് പോലുള്ള സംഘടനകള്‍ ദാസ്യവേല നടത്തുന്നുവെന്ന പരിഹാസവും സദസില്‍ നിന്നുയര്‍ന്നു.
സംവാദത്തില്‍ മോഡറേറ്ററായിരുന്ന എന്‍ ഐ ടി പ്രഫസര്‍ പി പി അനില്‍കുമാറിന്റെ ചില പരാമര്‍ശങ്ങളും തൊഴിലാളികളെ ചൊടിപ്പിച്ചു. സംവാദത്തില്‍ ജില്ലാ കലക്ടര്‍ യു വി ജോസ് ഐഎഎസ്, മലബാര്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് പ്രസിഡന്റ് പി വി നിതീഷ്, അസിസ്റ്റന്റ് കമ്മീഷണര്‍മാരായ അബ്ദുല്‍ റസാഖ്, എന്‍ സി ദേവസ്യ, തൊഴിലാളി നേതാക്കളായ മമ്മു, അഡ്വ. എം രാജന്‍, പ്രേമന്‍, പി കെ നാസര്‍, റോഡ്് ട്രാന്‍സ്‌പോര്‍ട്ട് ഡിപാര്‍ട്ട്‌മെന്റിനെ പ്രതിനിധികരിച്ച്്്് സി ജെ പോള്‍സണ്‍ പങ്കെടുത്തു.

RELATED STORIES

Share it
Top