ഓണക്കാലത്ത് മാവേലി ബസ്സുകളുമായി കെഎസ്ആര്‍ടിസി



തിരുവനന്തപുരം: ഓണക്കാലത്ത് മറുനാടന്‍ മലയാളികള്‍ക്ക് കേരളത്തിലെത്തുന്നതിനായി കെഎസ്ആര്‍ടിസി 'മാവേലി' ബസ്സുകള്‍ ആരംഭിക്കുന്നു. ഓണാവധിക്കാലത്തോടനുബന്ധിച്ച് ബാംഗ്ലൂര്‍, മൈസൂര്‍, കോയമ്പത്തൂര്‍, ചെന്നൈ എന്നിവിടങ്ങളില്‍നിന്നും കേരളത്തിലെത്താന്‍ വളരെയധികം ചാര്‍ജ്ജുകള്‍ നല്‍കി ഇനി സ്വകാര്യ കോണ്‍ട്രാക്റ്റ് കാര്യേജുകളെ ആശ്രയിക്കേണ്ട അവസ്ഥയൊഴിവാക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ദതിയെന്ന് ചെയര്‍മാന്‍ ആന്റ് മാനേജിംഗ് ഡയറക്ടര്‍ ടോമിന്‍ ജെ. തച്ചങ്കരി അറിയിച്ചു.
കെഎസ്ആര്‍ടിസിയുടെ നിലവില്‍ ഓടുന്നതില്‍ നിന്നും കൂടുതലായി 100 ബസ്സുകള്‍ ആഗസ്റ്റ് 17 മുതല്‍ സെപ്റ്റംബര്‍ ഒന്ന് വരെ കേരളത്തിലെ പ്രധാനപ്പെട്ട വിവിധ പട്ടണങ്ങളില്‍ നിന്നും ജില്ലാ കേന്ദ്രങ്ങളില്‍ നിന്നും ബാംഗ്ലൂരിലേക്കും മൈസൂരിലേക്കും കോയമ്പത്തൂരിലേക്കും സര്‍വീസ് നടത്തും. ഇതിനു പുറമെ, പെര്‍മിറ്റ് ലഭ്യമാകുന്ന പക്ഷം ചെന്നൈയിലേക്കും തിരിച്ചും സര്‍വീസുകള്‍ നടത്തുമെന്നും തച്ചങ്കരി അറിയിച്ചു.
മള്‍ട്ടി ആക്‌സില്‍ സ്‌കാനിയ അഇ, മള്‍ട്ടി ആക്‌സില്‍ വോള്‍വോ എ.സി. ബസ്സുകള്‍ എന്നിവ കൂടാതെ സൂപ്പര്‍ ഡീലക്‌സ്, സൂപ്പര്‍ എയര്‍ എക്‌സ്പ്രസ്, സൂപ്പര്‍ഫാസ്റ്റ്, ഫാസ്റ്റ് പാസഞ്ചര്‍ എന്നീ ശ്രേണിയിലുള്ള ബസ്സുകളും ഇതോടൊപ്പം മറുനാടന്‍ മലയാളികളുടെ സൗകര്യാര്‍ത്ഥം ക്രമീകരിച്ചിട്ടുണ്ട്. ഈ സര്‍വീസുകള്‍ക്കെല്ലാം തന്നെ ഓണ്‍ലൈനായി സീറ്റ് റിസര്‍വേഷന്‍ സൗകര്യം ഏര്‍പ്പെടുത്തും. കെഎസ്ആര്‍ടിസിയുടെ ഓണ്‍ലൈന്‍ വെബ്‌സൈറ്റ് ആയ www.keralartc.in വഴിയും റെഡ്ബസ്‌ മുഖാന്തിരവും മുന്‍കൂട്ടി സീറ്റുകള്‍ ബുക്ക് ചെയ്യാവുന്നതാണ്.
കെഎസ്ആര്‍ടിസിയുടെ ഫേസ്ബുക്ക് പേജിലൂടെയും ഇമെയില്‍ വഴിയും ലഭ്യമായ യാത്രക്കാരുടെ നിരന്തരമായ സന്ദേശങ്ങളുടെയും അപേക്ഷകളുടെയും അടിസ്ഥാനത്തിലാണ് ഇപ്രകാരം മറുനാടന്‍ മലയാളികള്‍ക്ക് വേണ്ടി യാത്രാ സൗകര്യം ഒരുക്കുന്നത് എന്നും തച്ചങ്കരി അറിയിച്ചു.

RELATED STORIES

Share it
Top