ഓണം ബംബര്‍ 10 കോടി വീട്ടമ്മയ്ക്ക്

തൃശൂര്‍: വീട് തകര്‍ന്നത് ഭാഗ്യക്കേടെന്നു കരുതി വാടകവീട്ടിലേക്ക് താമസം മാറ്റിയ വീട്ടമ്മയ്ക്ക് 10 കോടിയുടെ ഭാഗ്യവുമായി ഓണം ബംബര്‍. പുറനാട്ടുകര വിളക്കുംകാല്‍ സ്വദേശിനിയായ പള്ളത്ത് വല്‍സല വിജയനാണ് ഒന്നാം സമ്മാനം കിട്ടിയത്.
തൃശൂര്‍ പടിഞ്ഞാറെകോട്ടയിലെ എസ്എസ് മണിയന്‍ ഏജന്‍സിയില്‍ നിന്നു വിറ്റ ടി ബി 128092 എന്ന ടിക്കറ്റിനാണ് 10 കോടി സമ്മാനം ലഭിച്ചതെന്ന് കഴിഞ്ഞ ദിവസം വ്യക്തമായിരുന്നു. എന്നാല്‍, ആരാണ് കോടിപതിയെന്ന് അറിഞ്ഞിരുന്നില്ല. ഇന്നലെ രാവിലെയാണ് കോടിപതിയെ തിരിച്ചറിഞ്ഞത്.
ചിറ്റിലപ്പിള്ളി സ്വദേശിനിയായ വല്‍സല കാലപ്പഴക്കംമൂലം വീട് തകര്‍ന്നതിനെ തുടര്‍ന്ന് അടാട്ടെ വാടകവീട്ടിലേക്ക് താമസം മാറിയിരുന്നു. വാടകവീട്ടിലെത്തിയപ്പോഴാണ് ഭാഗ്യദേവത ലോട്ടറിയുടെ രൂപത്തില്‍ വീട്ടിലെത്തിയത്.
വാര്‍ത്തയറിഞ്ഞതോടെ വിളക്കുംകാല്‍ മരതകം റോഡിലേക്ക് ജനപ്രവാഹമായിരുന്നു. ബാങ്ക് അധികൃതര്‍ വീട്ടിലെത്തി വല്‍സലയില്‍ നിന്ന് ടിക്കറ്റ് ഏറ്റുവാങ്ങി. ചായക്കടക്കാരനായ ഭര്‍ത്താവ് വിജയന്‍ രണ്ടുവര്‍ഷം മുമ്പ് മരിച്ചിരുന്നു.
മക്കളായ വിനീഷ്, വിപിന്‍ എന്നിവരോടൊപ്പമാണ്് വല്‍സല കഴിയുന്നത്. മകള്‍ വിധു വിവാഹിതയാണ്.
സ്വന്തമായി വീട്, ഇളയ മകന്റെ വിവാഹം, പ്രളയത്തില്‍ വീടു നഷ്ടപ്പെട്ടവര്‍ക്ക് കിടപ്പാടം നിര്‍മിച്ചുനല്‍കുക എന്നിങ്ങനെയുള്ള സ്വപ്‌നങ്ങളാണ് മനസ്സിലുള്ളതെന്ന് വല്‍സലയും മക്കളും പറഞ്ഞു.

RELATED STORIES

Share it
Top