ഓട്ടോ ഡ്രൈവറെ കുത്തിക്കൊന്ന പ്രതി ആദം പോലിസ് വളര്‍ത്തിയ ഒറ്റുകാരന്‍

തിരൂര്‍: സ്ഥിരം കുഴപ്പക്കാരനായതിനാല്‍ ഓട്ടോറിക്ഷ ഓട്ടം വിളിച്ചതിന് പോവാത്തതിന് ൈഡ്രവര്‍ പറവണ്ണ കളരിക്കല്‍ വീട്ടില്‍ ജാസീനെ കുത്തിക്കൊലപ്പെടുത്തിയ പ്രതി പറവണ്ണ പള്ളത്ത് ആദം പതിവ് കുറ്റവാളിയും പോലിസിന്റെ ‘ പ്രിയപ്പെട്ട 'ഒറ്റുകാരനും'. അതുകൊണ്ടുതന്നെ പോലിസ് സ്‌റ്റേഷനില്‍ മാന്യമായ പരിഗണനയാണ് ആദമിന് ലഭിക്കാറ്.
ഈ ബലത്തിലായിരുന്നു ആദമിന്റെ സ്ഥിരം ഗുണ്ടാവിളയാട്ടം. ജാസിമിനെ കുത്തി വീഴ്ത്തിയ ശേഷം ഓട്ടോറിക്ഷ അടിച്ചുതകര്‍ക്കുന്നതിനിടെ പരിക്കേറ്റ ആദം പോലിസ് കസ്റ്റഡിയില്‍ കോട്ടക്കല്‍ ആശുപത്രിയില്‍ ചികില്‍സയിലാണെന്നാണ് സൂചന. രണ്ടാഴ്ച മുമ്പ് പൂങ്ങോട്ടുകുളത്തുവച്ച് പൊന്നാനിയില്‍ നിന്നെത്തിയ ഒരു പോക്കറ്റടി സംഘം പട്ടികകൊണ്ടടിച്ച് ആദമിനെ മൃതപ്രായനാക്കിയിരുന്നു.
ചോരയൊലിപ്പിച്ചു കൊണ്ട് ഓടി തൃക്കണ്ടിയൂരിലെത്തിയ ആദമിനെ പോലിസ് ജീപ്പെത്തിയാണ് രക്ഷപ്പെടുത്തിയത്. ഇത്തരം ഗുണ്ടകളെ പോലിസ് തന്നെയാണ് വളര്‍ത്തുന്നതെന്നാണ് ആക്ഷേപം.
ഓട്ടോ ഡ്രൈവറെ കുത്തിയതില്‍ ആദമിന്റെ ഗള്‍ഫില്‍ നിന്നെത്തിയ ഒരു സഹോദരനും ഉള്‍പ്പെട്ടിട്ടുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു.

RELATED STORIES

Share it
Top