ഓട്ടോ ഡ്രൈവറുടെ കൊലപാതകം: പ്രതിയെ തെളിവെടുപ്പിനെത്തിച്ചു

പുത്തനത്താണി: പൊന്മുണ്ടത്ത് യുവാവിനെ കുത്തി കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിയെ തെളിവെടുപ്പിനെത്തിച്ചു. തെളിവെടുപ്പില്‍ കുത്താന്‍ ഉപയോഗിച്ച കത്തി കണ്ടെടുത്തു. പൊന്‍മുണ്ടം മച്ചിങ്ങപ്പാറ താണിക്കപ്പറമ്പില്‍ വേലായുധന്റെ മകന്‍ രവീന്ദ്രന്‍ എന്ന രവി(40)യെ കുത്തി കൊലപ്പെടുത്തിയ  സംഭവത്തിലാണ് പ്രതി ഏഴൂര്‍ പിസി പടി മാമ്പറ്റയില്‍ രാജേഷി(42)നെ തെളിവെടുപ്പിന് കൊണ്ടുവന്നത്.
കൃത്യത്തിന് ശേഷം ആയുധം ഉപേക്ഷിച്ച പ്രതിയുടെ വീടിനടുത്തുള്ള പറമ്പിലാണ് ഇന്നലെ രാവിലെ പ്രതിയുമായി കല്‍പ്പകഞ്ചേരി പി എസ് മഞ്ജിത്ത് ലാലും സംഘവും എത്തിയത്. ഇവിടെ നടത്തിയ പരിശോധനയിലാണ് കുത്താന്‍ ഉപയോഗിച്ച കത്തി കണ്ടെത്തിയത്. തെളിവെടുപ്പിന് ശേഷം പൊന്നാനി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. വ്യാഴാഴ്ച്ച രാത്രി ഒമ്പത് മണിയോടെ  പൊന്മുണ്ടം ബൈപ്പാസ് റോഡില്‍ വച്ചാണ് സംഭവം. മരിച്ച രവിയുടെ ബന്ധുവായ യുവതിയുമായി പ്രതിക്ക് അവിഹിത ബന്ധമുണ്ടായിരുന്നതായും ഇത് ഇടക്കിടക്ക് രവി ചോദ്യം ചെയ്യുന്നത് ഇരുവരും തമ്മില്‍ വ്യക്തി വൈരാഗ്യത്തിന് കാരണമായിരുന്നതായും എസ്‌ഐ പറഞ്ഞു. ഇതാണ് കൊലപാതകത്തില്‍ കലാശിച്ചത്.
സംഭവ ദിവസം രാത്രിയില്‍ പ്രതിയെ യുവതിയുടെ വീടിന് സമീപം രവി കണ്ടതോടെ ഇരുവരും തമ്മില്‍ വാക്കേറ്റം ഉണ്ടാഴുകയും പ്രതി  കുത്തുകയുമായിരുന്നു. നെഞ്ചിന്റെ  വലതുഭാഗത്ത് ആഴത്തില്‍ കുത്തേറ്റ രവിയെ ചങ്കുവെട്ടിയിയിലെ സ്വകാര്യ ആശുപത്രിയില്‍  എത്തിച്ചെങ്കിലും വ്യാഴാഴ്ച്ച രാത്രി  11 മണിയോടെ മരണപ്പെടുകയായിരുന്നു.  പ്രതിയെ അന്ന് അര്‍ധരാത്രി തിരൂര്‍ റെയില്‍വേ സ്റ്റേ ഷന്‍ പരിസരത്ത് നിന്നാണ് പോലിസ് പിടികൂടിയത്.

RELATED STORIES

Share it
Top