ഓട്ടോറിക്ഷാ ഡ്രൈവറെ വധിക്കാന്‍ ശ്രമിച്ച രണ്ടംഗ സംഘം അറസ്റ്റില്‍

വൈപ്പിന്‍: ഓട്ടോറിക്ഷാ ഡ്രൈവറെ കല്ലിനിടിച്ച് തലയില്‍ ഗുരുതരമായി പരിക്കേല്‍പ്പിച്ച് രണ്ടു— യുവാക്കളെ ഞാറക്കല്‍ പോലിസ് അറസ്റ്റ് ചെയ്തു.
നായരമ്പലം മാനാട്ടുപറമ്പ് മയ്യാറ്റില്‍ നിഥിന്‍ ലോറന്‍സ്(23), നായരമ്പലം ഭഗവതി ക്ഷേത്രത്തിനു കിഴക്ക് അറക്കത്തറ വിഷ്ണുരഥന്‍ (25)എന്നിവരാണ് അറസ്റ്റിലായത്. ജില്ലാ പഞ്ചായത്തംഗം റോസ്‌മേരി ലോറന്‍സിന്റെ മകനാണ് നിഥിന്‍.
കഴിഞ്ഞ ആഴ്ച പള്ളത്താംകുളങ്ങര ക്ഷേത്രത്തിലേക്കുള്ള താലം ഘോഷയാത്രയിലെ ചെണ്ടമേളത്തിനിടെ പ്രതികള്‍ വാച്ചക്കല്‍ യൂനിയന്‍ ബാങ്കിനടത്തുവെച്ച് ബോധപൂര്‍വം പ്രശ്‌നമുണ്ടാക്കാന്‍ ശ്രമിച്ചത് സംഘാടകര്‍ തടയുകയും ഇവരെ പിടിച്ച് മാറ്റുകയും ചെയ്തിരുന്നുവത്രേ. സംഭവസ്ഥലത്ത് കാഴ്ചക്കാരനായി നിന്ന എടവനക്കാട് പഴങ്ങാട് പള്ളിപ്പറമ്പില്‍ സെയ്ത് മുഹമ്മദിനെയാണ് ഇവര്‍ ആക്രമിച്ചത്.
താലം ഘോഷയത്രക്കാരുമായി പ്രശ്‌നമുണ്ടാക്കിയ പ്രതികള്‍ പിന്നീട് താലം കടന്നു പോയതിനു ശേഷം, സമീപത്തെ ബേക്കറിയില്‍ ചായ കുടിച്ചുകൊണ്ടിരുന്ന സെയ്ദുമുഹമ്മദിനെ കരിങ്കല്ലുകൊണ്ട് തലക്കടിക്കുകയായിരുന്നു. തലക്ക് പരിക്കേറ്റ് പുറത്തേക്ക് വന്ന സെയ്ദുമുഹമ്മദിനെ പ്രതികളിലൊരാള്‍ കരിങ്കല്ല് കൊണ്ട് എറിയുകയും ചെയ്തതായി സിസിടിവി കാമറ ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണ്.
ഇടിയേറ്റ് തലപൊട്ടുകയും ഏറില്‍ വാരിയെല്ല് തകരുകയും ചെയ്ത സെയ്ദുമുഹമ്മദ് ചികില്‍സയിലാണ്. ഇതേതുടര്‍ന്ന് വധശ്രമത്തിനു കേസെടുത്ത് അന്വേഷണം നടത്തിയ പോലിസ് ബാങ്കില്‍ സ്ഥാപിച്ചിരുന്ന സിസിടിവി കാമറയിലെ ദൃശ്യങ്ങള്‍ പരിശോധിച്ചാണ് പ്രതികളെ തിരിച്ചറിഞ്ഞത്.
ഞാറക്കല്‍ കോടതിയില്‍ ഹാജരാക്കിയ ഇവരെ റിമാന്റ് ചെയ്തു. അറസ്റ്റ് ചെയ്ത സംഘത്തില്‍ എസ്‌ഐ രഗീഷ്‌കുമാര്‍, ജൂനിയര്‍ എസ്‌ഐ സംഗീത് ജോബ്, എസ്‌സി പി ഒ സുധി, സിപിഒ മനോജ് എന്നിവരും ഉണ്ടായിരുന്നു.

RELATED STORIES

Share it
Top