ഓട്ടോറിക്ഷാ ഡ്രൈവറെയും സഹോദരനെയും മര്‍ദിച്ച കേസ് : നാല് ബിജെപി പ്രവര്‍ത്തകര്‍ അറസ്റ്റില്‍ആര്‍പ്പൂക്കര: ഓട്ടോറിക്ഷ ഡ്രൈവറേയും സഹോദരനേയും മര്‍ദ്ദിച്ചകേസില്‍ നാലു ബിജെപി പ്രവര്‍ത്തകരെ അറസ്റ്റുചെയ്ത് ജാമ്യത്തില്‍ വിട്ടു. നട്ടാശ്ശേരി എസ്എച്ച് മൗണ്ട് വട്ടപ്പറമ്പില്‍ വൈശാഖ് (20), കളത്രമറ്റത്തില്‍ അഭിഷേക് നായര്‍ (23), തോളൂര്‍ അഭിലാഷ് (25), സന്ധ്യഭവനത്തില്‍ സന്ദീപ് (19) എന്നീ ബിജെപി പ്രവര്‍ത്തകരെയാണ് അറസ്റ്റുചെയ്ത് ജാമ്യത്തില്‍ വിട്ടയച്ചത്. നട്ടാശ്ശേരി കിഴക്കേ ഉമ്പക്കാട്ട്  ഓട്ടോറിക്ഷ ഡ്രൈവറായ സുരേഷ് കുമാര്‍ (38), സഹോദരന്‍ സുധീഷ് (34) എന്നിവരെ മര്‍ദ്ദിച്ച കേസിലാണ് അറസ്റ്റ് ചെയ്തത്. ഞായറാഴ്ച രാത്രി ഒമ്പതിന് ചവിട്ടുവരി തിരുവഞ്ചൂര്‍ റോഡില്‍ പുത്തേട്ട് ഭാഗത്തായിരുന്നു സംഭവം. സുരേഷ്  കുമാര്‍ ഓട്ടോറിക്ഷയില്‍ പോകുന്ന സമയത്ത് രണ്ട് ബൈക്കുകളില്‍ എത്തിയ നാലംഗ സംഘം ഓട്ടോറിക്ഷ തടഞ്ഞുനിര്‍ത്തി സുരേഷ് കുമാറിനെ മര്‍ദ്ദിക്കുകയായിരുന്നു. വിവരം അറിഞ്ഞെത്തിയ സഹോദരന്‍ സുധീഷ് കുമാറിനേയും മര്‍ദ്ദിച്ചുവെന്നാണ് കേസ്. ഇവര്‍ ഞായറാഴ്ച രാത്രി തന്നെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സ തേടുകയും ചെയ്തു. ഈ സംഭവത്തില്‍ പ്രതിഷേധിച്ച് തിങ്കളാഴ്ച വൈകീട്ട് സിപിഎമ്മിന്റെ നേതൃത്വത്തില്‍ വായനശാലപ്പടിയില്‍ പ്രതിഷേധ യോഗം നടത്തി. യോഗത്തിനുശേഷം ബൈക്ക് എടുക്കുവാന്‍ ചെന്ന നട്ടാശ്ശേരി കളവയലില്‍ ജോസി ജോസഫിനെ (24) ബിജെപി  പ്രവര്‍ത്തകര്‍ ആക്രമിച്ചു. തുടര്‍ന്ന് സിപിഎം പ്രവര്‍ത്തകര്‍ ബിജെപി പ്രവര്‍ത്തകനായ നട്ടാശ്ശേരി വട്ടകപ്പറമ്പില്‍ രാജന്റെ മകന്‍ വൈശാഖിനെ അന്വേഷിച്ച് വീട്ടിലെത്തുകയും ഇയാള്‍ ഇല്ലാതിരുന്നതിനെ തുടര്‍ന്ന് ജ്യേഷ്ടസഹോദര ഭാര്യയായ ലിനു (22) വിനെ മര്‍ദ്ദിക്കുകയും ചെയ്തു. പിന്നീട് ഇരു വിഭാഗത്തില്‍പ്പെട്ട രണ്ടുപേരും മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സതേടി. ഈ സംഭവത്തില്‍ ലീനുവിന്റെ കൈക്ക് കയറിപ്പിടിച്ച കേസിലും ജോസിയെ ആക്രമിച്ച കേസിലും രണ്ടുകൂട്ടര്‍ക്കുമെതിരേ കേസെടുത്തു. എന്നാല്‍ രണ്ട് വിഭാഗത്തിലുംപെട്ട പ്രതികള്‍ ആരാണെന്ന കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നും ഇവര്‍ക്കായുള്ള അന്വേഷണം നടത്തിവരുകയാണെന്നും ഗാന്ധിനഗര്‍ പോലിസ് പറഞ്ഞു.

RELATED STORIES

Share it
Top