ഓട്ടോറിക്ഷകളുടെ മുന്‍വശത്ത് മഞ്ഞ പെയിന്റ്;നഗരസഭയുടേത് ഭ്രാന്തന്‍ നിലപാടെന്ന്

പാലക്കാട്: സംസ്ഥാന സര്‍ക്കാര്‍ പുറപ്പെടുവിച്ചിട്ടുള്ള ട്രാന്‍സ്‌പോര്‍ട്ട് നിയമം നിലവിലുള്ളപ്പോള്‍ ഓട്ടോറിക്ഷകളുടെ മുന്‍വശത്ത് മഞ്ഞയടിക്കുവാന്‍ നിയമമുണ്ടാക്കിയ പാലക്കാട് നഗരസഭയുടേത് ഭ്രാന്തന്‍ നിലപാടെന്ന് ഡി സി സി പ്രസിഡന്റ് വി കെ ശ്രീകണ്ഠന്‍ പറഞ്ഞു. സതേണ്‍ മോട്ടോര്‍ ആന്റ് റോഡ് ട്രാന്‍സ്‌പോര്‍ട്ട് വര്‍ക്കേഴ്‌സ് യൂണിയന്‍ (ഐ എന്‍ ടി യു സി) നടത്തിയ മുനിസിപ്പല്‍ ഓഫീസിന് മുന്നിലെ പ്രതിഷേധ ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പാലക്കാട് നഗരസഭ ഭരിക്കുന്നത് നാറാണത്ത് ഭ്രാന്തന്മാരാണ്. ഇല്ലാത്ത നിയമം എഴുതി കംഫര്‍ട്ട് സ്റ്റേഷന്റെ ചുമരില്‍ ഒട്ടിച്ചുവെയ്ക്കുന്ന ഭരണസമിതിയെ നാറാണത്ത് ഭ്രാന്തന്‍ പോലും കളിയാക്കും. അഴുക്കുചാലുകളും റോഡുകളും മറ്റും പൊട്ടിപ്പൊളിഞ്ഞു കിടക്കുമ്പോഴാണ് നഗരസഭാ ഇല്ലാത്ത നിയമമുണ്ടാക്കി തൊഴിലാളികളെ പീഡിപ്പിക്കുന്നത്. മോട്ടോര്‍ വാഹനവകുപ്പും പോലിസ് സംവിധാനവും നടപ്പാക്കേണ്ട നിയമങ്ങളാണ് നഗരസഭ സാധാരണക്കാര്‍ക്ക് മേല്‍ അടിച്ചേല്‍പ്പിക്കുന്നതെന്നും വി കെ ശ്രീകണ്ഠന്‍ കുറ്റപ്പെടുത്തി.

RELATED STORIES

Share it
Top