ഓട്ടിസം ബാധിച്ച ഏകമകനും രോഗിയായ ഭര്‍ത്താവും; ജീവിതം വഴിമുട്ടി കൃഷ്ണകുമാരി

ജോസ് മാളിയേക്കല്‍

കുന്നംകുളം: ഏത് നിമിഷവും തകര്‍ന്ന് വിഴാവുന്ന ഒറ്റമുറിക്കുള്ളില്‍ ഓട്ടിസം ബാധിച്ച ഏക മകനും രോഗിയായ ഭര്‍ത്താവിനുമൊപ്പം ജീവിതം തള്ളി നീക്കാന്‍ കൃഷ്ണകുമാരിക്ക് കാരുണ്യമതികളുടെ സഹായം വേണം. കടവല്ലൂര്‍ ആലക്കവളപ്പില്‍ കൃഷ്ണകുമാരിയെന്ന വീട്ടമ്മയാണ് മുന്നോട്ടുള്ള ജീവിതത്തിന് മുന്നില്‍ പകച്ച് നില്‍ക്കുന്നത്.
തകര്‍ന്ന് വീഴാറായ ഒറ്റമുറിക്കുള്ളില്‍ രോഗിയായ ഭര്‍ത്താവ് രവീന്ദ്രനെയും ഓട്ടിസം ബാധിച്ച പത്തു വയസ്സുകാരനായ മകന്‍ വിഷ്ണുവിനെയും കൊണ്ട് എങ്ങോട്ട് പോകുമെന്ന ആശങ്കയാണ് ഈ വീട്ടമ്മയക്ക് ഉള്ളത്. അങ്കണവാടി ഹെല്‍പ്പറായ കൃഷ്ണകുമാരിയുടെ ശമ്പളം മാത്രമാണ് ഏക വരുമാനം. രവീന്ദ്രനും മകന്‍ വിഷ്ണുവിനും മരുന്നിന് മാത്രം മാസം പതിനായിരത്തിലേറെ രൂപ ആവശ്യമാണ്. ഓട്ടിസം ബാധിച്ചതിനാല്‍ ആധാര്‍ കാര്‍ഡ് എടുക്കുന്നതിന് മകന്‍ ഇരിക്കാത്തതിനാല്‍ സര്‍ക്കാരിന്റെ സഹായങ്ങളൊന്നും ഇവര്‍ക്ക് ലഭിക്കുന്നില്ല. മകന്‍ സമീപത്തെ അന്‍സാര്‍ സ്‌പെഷല്‍ സ്‌കൂളില്‍ പോകുന്നുണ്ടെങ്കിലും മുഴുവന്‍ സമയം ആരെങ്കിലും എടുത്ത് നടക്കേണ്ട സ്ഥിതിയാണ്.
സുരക്ഷിതമായ വീട് എന്ന സ്വപ്‌നം, സ്വപനം മാത്രമായി അവശേഷിക്കുമായിരുന്ന ഘട്ടത്തിലാണ് കുന്നംകുളം ഷെയര്‍ ആന്‍ഡ് കെയര്‍ ചാരിറ്റബിള്‍ സൊസൈറ്റി കൃഷ്ണകുമാരിയുടെ സ്വപ്‌നം യഥാര്‍ത്യമാക്കാന്‍ കൈകോര്‍ക്കുന്നത്. കുടുംബ വീട്ടില്‍ നിന്ന് കൃഷ്ണകുമാരിക്ക് ഭാഗമായി കിട്ടിയ രണ്ട് സെന്റും, സഹോദരി ബീന സൗജന്യമായി വിട്ടു നല്‍കാമെന്ന് സമ്മതിച്ച രണ്ട് സെന്റും ചേര്‍ന്ന് നാല് സെന്റ് സ്ഥലത്താണ് വീട് നിര്‍മ്മിച്ച് നല്‍കുകയെന്ന് ഷെയര്‍ ആന്‍ഡ് കെയര്‍ പ്രസിഡണ്ട് ലെബീബ് ഹസ്സന്‍ പറഞ്ഞു. കൃഷ്ണകുമാരിയുടെ പേരില്‍ ബാങ്ക് അക്കൗണ്ട് ആരംഭിച്ചിട്ടുണ്ട്. കേച്ചേരി എച്ച്ഡിഎഫ്‌സി ശാഖയില്‍ 5010025581 1228 എന്ന നമ്പറിലുള്ള അക്കൗണ്ടിലേക്കാണ് സഹായങ്ങള്‍ കൈമാറേണ്ടത്. ഒഉഎഇ001537 എന്നതാണ് കഎടഇ കോഡ്.

RELATED STORIES

Share it
Top