ഓട്ടക്കലമോ ഉപ്പുവച്ച കലമോ ഈ പാര്‍ട്ടി?

ഇന്ദ്രപ്രസ്ഥം നിരീക്ഷകന്‍
രാഷ്ട്രീയത്തിന്റെ ഉപശാലകളില്‍ ഇപ്പോള്‍ കൗതുകത്തോടെ ഉന്നയിക്കപ്പെടുന്ന ഒരു ചോദ്യമുണ്ട്: ദേശീയ രാഷ്ട്രീയത്തില്‍ ഒരുകാലത്ത് നിര്‍ണായക സ്ഥാനമുണ്ടായിരുന്ന സിപിഎം വീണ്ടുമൊരു പിളര്‍പ്പിലേക്കു നീങ്ങുകയാണോ? പിളര്‍പ്പിന്റെ ലക്ഷണങ്ങള്‍ പുറമേയൊന്നും കാണാനില്ലെങ്കിലും വിവിധ സംസ്ഥാനങ്ങളില്‍ ഇപ്പോള്‍ നടക്കുന്ന സമ്മേളനങ്ങളില്‍ ഭിന്നത പ്രകടമാണ്. ബംഗാളില്‍ സംസ്ഥാന നേതൃത്വം കര്‍ശനമായ നിലപാട് എടുത്തിട്ടും കഴിഞ്ഞ ദിവസം കൊല്‍ക്കത്ത ജില്ലാ സമ്മേളനത്തില്‍ കടുത്ത മല്‍സരമാണ് നടന്നത്. അവസാനം പുലര്‍ച്ചെ നാലര മണിക്കാണ് തിരഞ്ഞെടുപ്പിലൂടെ പുതിയ ഭാരവാഹികളെ നിശ്ചയിച്ചതെന്ന് ബംഗാളില്‍ നിന്നുള്ള പത്രങ്ങള്‍ പറയുന്നു. കേരളത്തില്‍ രണ്ടു മാസമായി ജില്ലാ സമ്മേളനങ്ങളില്‍ മുഖ്യമന്ത്രി തന്നെ കണ്ണിലെണ്ണയുമൊഴിച്ച് കുത്തിയിരിക്കുകയായിരുന്നു. ചര്‍ച്ചകളില്‍ ആരെന്തു പറയുന്നുവെന്ന് അതീവ ജാഗ്രതയോടെയാണ് പിബി അംഗങ്ങളായ മുഖ്യമന്ത്രിയും സംസ്ഥാന സെക്രട്ടറിയും ശ്രദ്ധിച്ചത്. അതിപ്രധാനമായ കാബിനറ്റ് യോഗങ്ങള്‍ പോലും മാറ്റിവച്ചാണ് മുഖ്യമന്ത്രി സമ്മേളനങ്ങളില്‍ സമയം ചെലവഴിച്ചത്. എന്താണ് പാര്‍ട്ടിയില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നതെന്നാണ് പാര്‍ട്ടി അംഗങ്ങളും അനുഭാവികളും ചോദിക്കുന്നത്. മറ്റു പാര്‍ട്ടിക്കാരും അതുതന്നെയാണ് ചോദിക്കുന്നത്. സ്ഥിതിഗതികള്‍ വളരെ ഗുരുതരമാണെന്ന് എല്ലാവര്‍ക്കും ബോധ്യമുണ്ട്. പാര്‍ട്ടിയുടെ പോളിറ്റ് ബ്യൂറോയിലും കേന്ദ്ര കമ്മിറ്റിയിലും നേതാക്കള്‍ രണ്ടു ഗ്രൂപ്പായി പിളര്‍ന്നുനില്‍ക്കുകയാണ്. 1964ലെ പിളര്‍പ്പിന്റെ കാലത്തെ ഓര്‍മിപ്പിക്കുന്ന സ്ഥിതിഗതികള്‍. ഭിന്നതയ്ക്കു കാരണവും അന്നത്തേതുതന്നെ. കോണ്‍ഗ്രസ്സിനോടുള്ള നയം എന്തായിരിക്കണം എന്നതായിരുന്നു അന്നത്തെ പ്രശ്‌നം. ഇന്നത്തെ പ്രശ്‌നവും അതുതന്നെ. 1964ല്‍ പിളര്‍ന്നപ്പോള്‍ നേതാക്കളും അണികളും നടത്തിയ തമ്മിലടി ചരിത്രത്തിന്റെ ഭാഗമാണ്. പാര്‍ട്ടി ഓഫിസുകളും ആസ്തികളും സ്ഥാപനങ്ങളും പിടിച്ചടക്കാന്‍ അന്ന് രണ്ടു ഗ്രൂപ്പുകാരും തെരുവുയുദ്ധം വരെ നടത്തി. കേരളത്തിലെ പാര്‍ട്ടിപത്രത്തിന്റെ പത്രാധിപസമിതി കോണ്‍ഗ്രസ് അനുകൂല ഗ്രൂപ്പിന്റെ നിയന്ത്രണത്തിലായിരുന്നു. പക്ഷേ, താഴെ പ്രസ്സിലെ ജീവനക്കാര്‍ മറുപക്ഷത്തും. അതിനാല്‍, പത്രാധിപരുടെ മുഖക്കുറിപ്പു പോലും താഴെ മാറ്റിയെഴുതി പ്രസിദ്ധീകരിച്ച സംഭ്രമജനകമായ സംഭവങ്ങളുടെ കാലം. ഇനിയും അതുതന്നെ സംഭവിക്കുമോ എന്ന ആശങ്ക സ്വാഭാവികം. കാരണം, ജനറല്‍ സെക്രട്ടറി ഒരുഭാഗത്തും പാര്‍ട്ടിയിലെ ഭൂരിപക്ഷം മറുഭാഗത്തുമെന്ന അവസ്ഥയാണ് ഇപ്പോള്‍. എന്നാല്‍, ജനറല്‍ സെക്രട്ടറി പറയുന്നത് പാര്‍ട്ടി കോണ്‍ഗ്രസ്സില്‍ കാണാമെന്നാണ്. കോണ്‍ഗ്രസ് നടക്കുന്നത് ഏപ്രിലില്‍ ഹൈദരാബാദില്‍. അവിടെ അതിഗംഭീരമായ ഒരു ഏറ്റുമുട്ടല്‍ നടക്കുമെന്നു തീര്‍ച്ച. ഏറ്റുമുട്ടലില്‍ ആരു ജയിക്കും, ആരു തോല്‍ക്കും എന്നതൊന്നും ഇപ്പോള്‍ പറയാന്‍ കഴിയില്ല. ജയിച്ചുനില്‍ക്കുന്ന കാരാട്ടും കൂട്ടരും അടിപതറിയെന്നും വരാം. അതിനുള്ള കോപ്പുകള്‍ മറുപക്ഷം ഒരുക്കുന്നുമുണ്ട്. അത്തരമൊരു ഒളിയമ്പാണ് കേരളത്തിലെ സെക്രട്ടറിയുടെ മകന്റെ ഗള്‍ഫ് കച്ചവടം സംബന്ധിച്ചു പൊട്ടിപ്പുറപ്പെട്ട വാര്‍ത്തയുടെ പിന്നിലെന്നു ചിലരെങ്കിലും സംശയിക്കുന്നുണ്ട്. ഗള്‍ഫില്‍ എത്തിയാല്‍ ചെങ്കൊടിയും മൂവര്‍ണക്കൊടിയും പച്ചക്കൊടിയും കാവിക്കൊടിയുമൊക്കെ ഒരേ തൂവല്‍പ്പക്ഷികളാണെന്നാണ് അനുഭവസ്ഥര്‍ പറയുന്നത്. എല്ലാവര്‍ക്കും വേണ്ടത് അവിടത്തെ മുതലാളിമാരെയാണ്.ഇപ്പോള്‍ അക്കഥയെല്ലാം പൊതുനിരത്തിലിട്ട് അലക്കുകയാണ്. കഥകള്‍ ഒരുകൂട്ടര്‍ക്കു മാത്രമല്ല പറയാനുള്ളതെന്ന കാര്യം തീര്‍ച്ച. രണ്ടുപക്ഷവും അരയും തലയും മുറുക്കി രംഗത്തിറങ്ങിക്കഴിഞ്ഞാല്‍ വലിയ നാറ്റക്കേസ് തന്നെയാണ് അലയടിക്കുക എന്നതിലുമില്ല സംശയം. ഒക്കെക്കഴിഞ്ഞ് പാര്‍ട്ടിയില്‍ എന്താണ് ബാക്കിയാവുകയെന്ന് ആര്‍ക്കും ഉറപ്പില്ല. വീണ്ടുമൊരു പിളര്‍പ്പ് വന്നാല്‍ ഉപ്പുവച്ച കലം പോലെ പാര്‍ട്ടിയുടെ ഗതി അധോഗതിയാകുമെന്ന് പലരും ആശങ്കിക്കുന്നു. ി

RELATED STORIES

Share it
Top