ഓച്ചിറക്കളിക്ക് പടനിലം ഒരുങ്ങിഓച്ചിറ:പ്രശസ്തമായ ഓച്ചിറക്കളി നാളെയും മറ്റന്നാളുമായി ഓച്ചിറ പടനിലത്ത് നടക്കും. ഇക്കുറി പടനിലത്ത് ഓച്ചിറക്കളിക്ക് പകിട്ടേകാന്‍ പൂരവും ഉണ്ടാകും. പ്രമുഖ വാദ്യ വിദ്വാന്‍ കണ്ടല്ലുര്‍ ഉണ്ണികൃഷ്ണന്റെ നേതൃത്വത്തില്‍ മുപ്പതിലധികം വരുന്ന കലാകാരന്‍മാരുടെ വാദ്യമേളവും ഉണ്ടാകും. കളിയുടെ ഭാഗമായി ഘോഷയാത്ര നടക്കും. അന്നദാന മന്ദിരത്തിന്റെ മുന്നില്‍ നിന്നുമാണ് യാത്ര തുടങ്ങുന്നത്. കിഴക്കും പടിഞ്ഞാറും ആല്‍ത്തറ, എട്ടുകണ്ടം, തകിടി കണ്ടം, ഒട്ടിക്കാവ്, മഹാലക്ഷ്മിക്കാവ് ആല്‍ത്തറ എന്നിവയെ വലം വച്ച് എത്തുന്ന ഘോഷയാത്ര എട്ടു കണ്ടത്തില്‍ കിഴക്കുപടിഞ്ഞാറായി അണിനിരക്കും.ഓണാട്ടുകരയിലെ യോദ്ധാക്കളുടെ ആയോധനമുറകള്‍ക്കൊപ്പം ഓച്ചിറക്കളിയും പൂരവും വേറിട്ടതാവും. ഇത്തവണ പരിപാടികള്‍ വിപുലമാക്കുമെന്ന് പരബ്രഹ്മ ക്ഷേത്ര ഭരണ സമിതി ഭാരവാഹികള്‍ പറഞ്ഞു. കരുനാഗപ്പള്ളി, കാര്‍ത്തികപ്പള്ളി, മാവേലിക്കര താലൂക്കുകളിലുള്ള 52 കരകളില്‍ നിന്നുമുള്ള പടയാളികളാണ് ഓച്ചിറക്കളിയില്‍ പങ്കെടുക്കാന്‍ എത്തുന്നത്. ഓച്ചിറക്കളി കാണാന്‍ നാടിന്റെ നാനാഭാഗത്തു നിന്നും ആയിരങ്ങളാണ് പരബ്രഹ്മ ക്ഷേത്രത്തിലേക്ക് എത്തുന്നത്.

RELATED STORIES

Share it
Top