ഓഖി: 325 കോടിയുടെ പാക്കേജ് പ്രഖ്യാപിച്ചു

എന്‍  എ  ശിഹാബ്

തിരുവനന്തപുരം: ഓഖി ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി പ്രധാനമന്ത്രി നരേന്ദ്രമോദി 325 കോടി രൂപയുടെ പാക്കേജ് പ്രഖ്യാപിച്ചു. ഓഖി ദുരന്തം നേരിടുന്നതിനായുള്ള അടിയന്തര സഹായമായാണ് കേരളത്തിനും തമിഴ്‌നാടിനും ലക്ഷദ്വീപിനും കൂടി 325 കോടി രൂപയുടെ അടിയന്തര സഹായം നല്‍കാന്‍ കേന്ദ്രം തീരുമാനിച്ചത്. പ്രധാനമന്ത്രി ആവാസ് യോജന പദ്ധതിയില്‍ ഉള്‍പ്പെടുത്തി 1400 വീട് നിര്‍മിച്ചുനല്‍കാനും തീരുമാനിച്ചിട്ടുണ്ട്. കേരളത്തിലും കന്യാകുമാരിയിലുമുള്ള ഓഖി ദുരിതബാധിതരെ പ്രധാനമന്ത്രി സന്ദര്‍ശിച്ചതിനു പിന്നാലെയാണ് പാക്കേജ് പ്രഖ്യാപിച്ചത്. ദുരന്തം നേരിടാന്‍ തമിഴ്‌നാടിന് 280 കോടിയും കേരളത്തിന് 76 കോടിയും ആദ്യം അനുവദിച്ചിരുന്നു. ഇതിനു പുറമെയാണ് 325 കോടിയുടെ സഹായം കൂടി പ്രഖ്യാപിച്ചത്. മരിച്ചവരുടെ ബന്ധുക്കള്‍ക്ക് രണ്ടു ലക്ഷം വീതവും ഗുരുതരമായി പരിക്കേറ്റവര്‍ക്ക് 50,000 രൂപയും അനുവദിക്കും. ദേശീയ ദുരിതാശ്വാസ ഫണ്ടില്‍ നിന്നായിരിക്കും ഫണ്ട് അനുവദിക്കുക.അതേസമയം, പ്രധാനമന്ത്രി 325 കോടി രൂപയുടെ ഓഖി ദുരിതാശ്വാസ പാക്കേജ് പ്രഖ്യാപിച്ചതായി അറിവില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫിസ് അറിയിച്ചു. ഓഖി ദുരന്തം ഉണ്ടാവുന്നതിനു മുമ്പ് ദുരന്തനിവാരണ ഫണ്ടിലേക്ക് 325 കോടി രൂപ നല്‍കിയിരുന്നു. കൂടുതല്‍ തുക നല്‍കിയതായി അറിയില്ലെന്നും മുഖ്യമന്ത്രിയുടെ ഓഫിസ് അറിയിച്ചു. ഇന്നലെ വൈകീട്ട് തൈക്കാട് ഗവ. ഗസ്റ്റ് ഹൗസില്‍ നടന്ന ചര്‍ച്ചയില്‍ ഓഖി ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി 1200 കോടി രൂപയുടെ അടിയന്തര സഹായം അനുവദിക്കണമെന്നു കേരളം ആവശ്യപ്പെട്ടിരുന്നു. ഓഖി ദുരിതാശ്വാസത്തിനും ദുരന്തബാധിതരെ പുനരധിവസിപ്പിക്കുന്നതിനും തീരദേശ മേഖലയുടെ പുനര്‍നിര്‍മാണത്തിനും 7,340 കോടി രൂപയുടെ പ്രത്യേക പാക്കേജ് അനുവദിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ദേശീയ ദുരന്തനിവാരണ ഫണ്ടിന്റെ മാര്‍ഗരേഖപ്രകാരം കണക്കാക്കിയ 422 കോടി രൂപയ്ക്കു പുറമെയാണ് പ്രത്യേക പാക്കേജ് സംസ്ഥാനം ആവശ്യപ്പെട്ടത്. കേരളത്തിന്റെ പ്രത്യേക പാക്കേജ് അനുഭാവപൂര്‍വം പരിഗണിക്കാമെന്ന് പ്രധാനമന്ത്രി ഉറപ്പു നല്‍കിയിരുന്നു. മുന്‍കൂട്ടി ചുഴലി മുന്നറിയിപ്പ് ലഭിച്ചില്ലെന്ന സംസ്ഥാന സര്‍ക്കാരിന്റെ റിപോര്‍ട്ട് കേന്ദ്ര സര്‍ക്കാര്‍ ഗൗരവപൂര്‍വം പരിശോധിക്കുമെന്ന് പ്രധാനമന്ത്രി യോഗത്തില്‍ അറിയിച്ചു.കനത്ത നാശം വിതറിയ ഓഖി ചുഴലിക്കാറ്റ് ദേശീയദുരന്തമായി കണക്കാക്കി സഹായം അനുവദിക്കണമെന്ന് മുഖ്യമന്ത്രി അഭ്യര്‍ഥിച്ചു. അഭൂതപൂര്‍വമായ നാശമാണ് ഓഖി ചുഴലിക്കാറ്റ് മൂലം സംസ്ഥാനത്തുണ്ടായത്. 71 മല്‍സ്യത്തൊഴിലാളികള്‍ മരണപ്പെട്ടു. കാണാതായവരെ കണ്ടെത്താനുള്ള തിരച്ചില്‍ തുടരുകയാണെന്നും മുഖ്യമന്ത്രി യോഗത്തില്‍ പറഞ്ഞു. മുഖ്യമന്ത്രിയുടെ ആമുഖ വിവരണത്തിനുശേഷം ചീഫ് സെക്രട്ടറി ഡോ. കെ എം എബ്രഹാമാണ് പാക്കേജ് പ്രധാനമന്ത്രിക്കു മുമ്പില്‍ അവതരിപ്പിച്ചത്. ഗവര്‍ണര്‍ ജസ്റ്റിസ് പി സദാശിവം, കേന്ദ്രമന്ത്രിമാരായ അല്‍ഫോണ്‍സ് കണ്ണന്താനം, പൊന്‍ രാധാകൃഷ്ണന്‍, സംസ്ഥാന മന്ത്രിമാരായ ഇ ചന്ദ്രശേഖരന്‍, ജെ മേഴ്‌സിക്കുട്ടിയമ്മ, കടകംപള്ളി സുരേന്ദ്രന്‍, വി എസ് സുനില്‍കുമാര്‍, മാത്യു ടി തോമസ്, രാമചന്ദ്രന്‍ കടന്നപ്പള്ളി, പ്രധാനമന്ത്രിയുടെ അഡീ. സെക്രട്ടറി തരുണ്‍ ബജാജ്, പ്രൈവറ്റ് സെക്രട്ടറി സഞ്ജീവ് സിംഗ്ല, സംസ്ഥാന റവന്യൂ അഡീഷനല്‍ ചീഫ് സെക്രട്ടറി പി എച്ച് കുര്യന്‍, ഫിനാന്‍സ് പ്രിന്‍സിപ്പല്‍ സെക്രട്ടറി മനോജ് ജോഷി, ഫിഷറീസ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. ബി ശ്രീനിവാസ്, കാര്‍ഷികോല്‍പാദന കമ്മീഷണര്‍ ടിക്കാറാം മീണ, കലക്ടര്‍ കെ വാസുകി, ദുരന്തനിവാരണ അതോറിറ്റി മെംബര്‍ സെക്രട്ടറി ശേഖര്‍ കുര്യാക്കോസ് പങ്കെടുത്തു.

RELATED STORIES

Share it
Top