ഓഖി: സര്‍ക്കാറിന് വീഴ്്ച പറ്റിയിട്ടില്ലെന്ന് കാനം രാജേന്ദ്രന്‍

കോഴിക്കോട്: ഓഖി ദുരന്തത്തില്‍പ്പെട്ടവരെ സഹായിക്കുന്നതില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ ഒരു വീഴ്ചയും വരുത്തിയിട്ടില്ലെന്ന് സിപി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ സമയബന്ധിതമായ നടപടികളുമായി മുന്നോട്ടുപോകാന്‍ സര്‍ക്കാരിന് കഴിഞ്ഞിട്ടുണ്ട്. കെ ഇ ഇസ്മയിലിനെതിരേയുള്ള പാര്‍ട്ടി നടപടി മേഖലാ യോഗങ്ങളില്‍ കേന്ദ്ര സെക്രട്ടറിയേറ്റ് അംഗം റിപ്പോര്‍ട്ട് ചെയ്യണമെന്നായിരുന്നു പാര്‍ട്ടി തീരുമാനം. അതനുസരിച്ചാണ് പന്ന്യന്‍ രവീന്ദ്രന്‍ ജനറല്‍ ബോഡിയോഗത്തില്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ യാതൊരു വിവാദവുമില്ലെന്നും സംസ്ഥാന സെക്രട്ടറി കൂടിയായതിനാലാണ് താന്‍ റിപ്പോര്‍ട്ട് അവതരിപ്പിക്കാതിരുന്നതെന്നും അദ്ദേഹം മാധ്യമ പ്രവര്‍ത്തകരോട് വ്യക്തമാക്കി.നിയമനങ്ങളിലെ സംവരണം സംബന്ധിച്ച് അന്നും ഇന്നും ഒരേ നിലപാട് സ്വീകരിച്ച പാര്‍ട്ടി സി പിഐ മാത്രമാണെന്ന് കാനം കോഴിക്കോട്ടു ചേര്‍ന്ന പാര്‍ട്ടി ഉത്തര മേഖലാ ജനറല്‍ ബോഡി യോഗത്തില്‍ വ്യക്തമാക്കി. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് നിയമനവുമായി ബന്ധപ്പെട്ട് ഉയര്‍ന്ന പുതിയ വിവാദങ്ങള്‍ അസ്ഥാനത്താണ്. രാജ്യത്ത് വര്‍ഗ്ഗീയ ധ്രുവീകരണത്തിനാണ് ബിജെപി സര്‍ക്കാര്‍ പരിശ്രമിക്കുന്നത്. സിപിഐ ദേശീയ കൗണ്‍സില്‍ അംഗം സി എന്‍ ചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. ദേശീയ സെക്രട്ടേറിയറ്റ് അംഗം പന്ന്യന്‍ രവീന്ദ്രന്‍, ദേശീയ എക്‌സിക്യൂട്ടീവ് അംഗം കെ ഇ ഇസ്മയില്‍, സംസ്ഥാന അസി. സെക്രട്ടറി സത്യന്‍മൊകേരി സംസാരിച്ചു.

RELATED STORIES

Share it
Top