ഓഖി വഴിമാറി; കന്യാകുമാരിയില്‍ തിരക്കേറി

സുദീപ്  തെക്കേപ്പാട്ട്

കന്യാകുമാരി: ആര്‍ത്തലച്ചും ഇരമ്പിപ്പെയ്തും ജീവനെടുത്തും ആയിരങ്ങളെ കണ്ണീരിലാഴ്ത്തി വീശിയടിച്ച ഓഖി വഴിമാറി; കന്യാകുമാരി ജനസാന്ദ്രമായി. ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും വിദേശ രാജ്യങ്ങളില്‍ നിന്നുമടക്കം കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ ലക്ഷക്കണക്കിനു വിനോദസഞ്ചാരികളാണ് ഇവിടെ എത്തിയത്.
വെള്ളത്താല്‍ ചുറ്റപ്പെട്ടു കടലിനു നടുവില്‍ സ്ഥിതി ചെയ്യുന്ന, സ്വാമി വിവേകാന്ദനന്റെ സ്മരണാര്‍ഥം സ്ഥാപിച്ച വിവേകാനന്ദപ്പാറയും തിരുവള്ളുവര്‍ പ്രതിമയും സഞ്ചാരികളുടെ എക്കാലത്തെയും മനംകവരുന്ന, മടുപ്പിക്കാത്ത വിസ്മയക്കാഴ്ചകളാണ്. ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്നുള്ള തിരമാലകള്‍ ആഞ്ഞടിച്ചപ്പോള്‍ ഇവിടേക്കുള്ള തീരക്കാഴ്ചകള്‍ പോലും അവ്യക്തമായി. ഇതോടൊപ്പം വിവേകാനന്ദപ്പാറയിലേക്കും തിരുവള്ളുവര്‍ പ്രതിമയിലേക്കുമുള്ള പ്രവേശനം തടയപ്പെട്ടു. കന്യാകുമാരി പൂര്‍ണമായും ആളൊഴിഞ്ഞു നിശ്ചലമായി. ചുഴലിക്കാറ്റും ആര്‍ത്തലച്ചടിക്കുന്ന തിരമാലകളും ഇവിടെയെത്തുന്ന സന്ദര്‍ശകര്‍ക്കു ജീവഹാനി വരുത്തുമെന്നു ബോധ്യപ്പെട്ടതിന്റെ പശ്ചാത്തലത്തിലായിരുന്നു കന്യാകുമാരി ജില്ലാ കലക്ടര്‍ സജ്ജന്‍സിങ് ആര്‍ ചവാന്‍ ഇവിടേക്കുള്ള പ്രവേശനം തടഞ്ഞ് ഉത്തരവു പുറപ്പെടുവിച്ചത്.
ഓഖി പിന്‍മാറി, കാലാവസ്ഥ അനുകൂലമായതോടെ വിവേകാനന്ദ മെമ്മോറിയല്‍ റോക്കിലേക്കുള്ള ബോട്ട് യാത്ര പുനസ്ഥാപിക്കാനായെങ്കിലും തിരുവള്ളുവര്‍ പ്രതിമയിലേക്കുള്ള കടല്‍യാത്ര ഇനിയും സാധ്യമാക്കാനായിട്ടില്ല.
''ഇത്രയും തിരക്ക് മുമ്പെങ്ങും ഉണ്ടായിട്ടില്ല. പ്രതിദിനം 90,000 മുതല്‍ ഒന്നര ലക്ഷം വരെ വരുന്ന വിനോദസഞ്ചാരികളാണു ക്രിസ്മസ്-ന്യൂ ഇയര്‍ ആഘോഷങ്ങളുടെ ഭാഗമായി ഇവിടെ എത്തിയത്. അതായത് ബോട്ട് യാത്രാ ഇനത്തില്‍ മാത്രം ഒരു ദിവസം അരക്കോടിയോളം രൂപ വരുമാനമുണ്ട് തമിഴ്‌നാട് സര്‍ക്കാരിന്. തിരുവള്ളൂര്‍ പ്രതിമയിലേക്കുള്ള സന്ദര്‍ശനം മൂന്നു ദിവസത്തിനകം പുനസ്ഥാപിക്കാന്‍ കഴിഞ്ഞേക്കും.'' പൂംപുഹാര്‍ ഷിപ്പിങ് കോര്‍പറേഷന്റെ കന്യാകുമാരി ഫെറി സര്‍വീസില്‍ ജൂനിയര്‍ അസിസ്റ്റന്റായി സേവനമനുഷ്ഠിക്കുന്ന കെ അഴകേന്ദ്രന്‍ 'തേജസി'നോട് പറഞ്ഞു.
അതേസമയം, ഓഖി ചുഴലിക്കാറ്റിന്റെ പ്രത്യാഘാതം തീരദേശ മേഖലകളെയാകെ വറുതിയിലേക്കും നിത്യദാരിദ്യത്തിലേക്കും തള്ളിവിട്ടു. തീരക്കടലില്‍ മല്‍സ്യബന്ധനം നടത്തിയിരുന്ന ചെറു ബോട്ടുകള്‍ കരയില്‍ നിശ്ചലമായി കിടക്കുന്നതും തൊഴിലാളികള്‍ അറ്റു പോയ വലക്കണ്ണികള്‍ കൂട്ടിനെയ്യുന്നതും വിനോദസഞ്ചാരത്തിനിടയിലും മനസ്സിനെ കുത്തിനോവിക്കുന്ന കാഴ്ചയായി.

RELATED STORIES

Share it
Top