ഓഖി: ലക്ഷദ്വീപ് നിവാസികളെ ഭരണകൂടം അവഗണിച്ചെന്ന് പരാതി

കോഴിക്കോട്:  ഓഖി ചുഴലികാറ്റിനെ തുടര്‍ന്ന് ദുരിതത്തിലായ ലക്ഷ ദ്വീപ്  നിവാസികളെ ഭരണകൂടം അവഗണിച്ചെന്ന് പരാതി. കപ്പല്‍ മുടങ്ങിയതിനെ തുടര്‍ന്ന് മലബാറില്‍ അകപ്പെട്ട ദ്വീപുനിവാസികള്‍ക്ക് കോഴിക്കോട് ജില്ലാ ഭരണകൂടം ഭക്ഷണവും താമസസൗകര്യവുമൊരുക്കി സംരക്ഷണം നല്‍കിയപ്പോള്‍ ലക്ഷദ്വീപ് ഭരണകൂടം ദ്വീപുകാര്‍ക്ക് അവകാശപ്പെട്ട ജില്ലയിലെ  താമസസ്ഥലം വരെ തുറന്നു നല്‍കാന്‍ തയ്യാറായില്ലെന്ന് മലബാര്‍ ദ്വീപ് വെല്‍ഫെയര്‍ സെന്റര്‍ ആരോപിച്ചു. ഓഖിയുടെ നാശനഷ്ടങ്ങള്‍ക്കു ശേഷം ദിവസങ്ങള്‍ കഴിഞ്ഞാണ് മിനിക്കോയ്, കല്‍പേനി പോലുള്ള ദ്വീപുകള്‍ ഭരണാധികാരികള്‍ സന്ദര്‍ശിച്ചത്. മല്‍സ്യത്തൊഴിലാളികളുടെ കുടുംബത്തെ കാണാനും ആശ്വാസിപ്പിക്കാനുമെത്തിയ കേന്ദ്രമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ കേന്ദ്രം നേരിട്ടു ഭരിക്കുന്ന ലക്ഷദ്വീപിലേക്ക് തിരിഞ്ഞു നോക്കാതെ അവണിക്കുകയായിരുന്നു. 500 വര്‍ഷത്തിനിടെ ലക്ഷദ്വീപിനെ ബാധിച്ച ഏറ്റവും  വലിയ കാറ്റാണ് ഓഖിയെന്നും 1965ല്‍ ധനുഷ്‌കോടിയില്‍ നാശം വിതച്ച കാറ്റിനു ശേഷം കണ്ട ഏറ്റവും  ഭീതിജനകമായ കാറ്റായിരുന്നു ഇതെന്നും ശാസ്ത്രജ്ഞനും പണ്ഡിതനുമായ അലി മണിക്ഫാന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. മിനിക്കോയ് ഉള്‍പ്പെടെ ദ്വീപില്‍ സംഭവിക്കുന്നത് പുറം ലോകം അറിയാറില്ല. മദ്യനിരോധിത മേഖലയായ ദ്വീപില്‍ ഉദ്യോഗസ്ഥര്‍ വഴി മദ്യവും മയക്കുമരുന്നും എത്തുകയാണ്. അത്യാസന്ന നിലയില്‍ കഴിയുന്ന രോഗികള്‍ക്ക് ഏര്‍പ്പെടുത്തിയ ഹെലികോപ്പറ്ററുകള്‍  ഉദ്യോഗസ്ഥര്‍ അവരുടെ ആവശ്യത്തിനു ഉപയോഗിക്കുന്ന സാഹചര്യമാണിന്നുള്ളതെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്.  അധികൃതരുടെ പരിഗണനയും ശ്രദ്ധയുമില്ലാതെ ദ്വീപുകള്‍ ഇല്ലാതാവുകയും ദ്വീപുനിവാസികള്‍  നശിക്കുകയും ചെയ്യുമെന്ന ഭീതി നിലനില്‍ക്കുന്നതായും അദ്ദേഹം പറഞ്ഞു. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ഭരണത്തിലുള്ള ദ്വീപില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ് നേരിട്ടു സന്ദര്‍ശിക്കണമെന്നും ഐലന്റ് ഡെവലപ്‌മെന്റ് അതോറിറ്റിയുടെ അടിയന്തര യോഗം കവരത്തിയില്‍ ചേര്‍ന്ന് നാശനഷ്ടങ്ങള്‍ വിലയിരുത്തി യുദ്ധകാലാടിസ്ഥാനത്തില്‍ രക്ഷാപ്രവര്‍ത്തനങ്ങളും ആശ്വാസപദ്ധതികളും നടപ്പാക്കണമെന്നും മലബാര്‍ ദ്വീപ് വെല്‍ഫെയര്‍ സെന്റര്‍ അവശ്യപ്പെട്ടു. വാര്‍ത്താ സമ്മേളനത്തില്‍ മലബാര്‍ ദ്വീപ് വെല്‍ഫയര്‍ കമ്മിറ്റി ചീഫ് കോ-ഓഡിനേറ്റര്‍ അഡ്വ. കെ പി മുത്തുക്കോയ, അലി മണിക്ഫാന്‍ മിനിക്കോയി, അബ്ദുല്‍ ഗഫൂര്‍, കെ കെ ശമീം സംബന്ധിച്ചു.

RELATED STORIES

Share it
Top